എഴുപത്തിയെട്ടുകാരനായ ബി എസ് യെദ്യൂരപ്പ ഇത് നാലാം തവണയാണ് കാലാവധി പൂര്‍ത്തിയാക്കാതെ കര്‍ണാടക മുഖ്യമന്ത്രി പദം രാജിവച്ചൊഴിയുന്നത്.
ബെംഗളുരു: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബി.എസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷിക ചടങ്ങുകളോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിന് ഒടുവിലാണ് വികാരാധീനനായി വിതുമ്പിയാണ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചത്. താന്‍ രാജിക്കത്ത് നല്‍കുകയാണെന്നും ഗവര്‍ണറെ ഉടന്‍ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ ബിജെപി കേന്ദ്രനേതൃത്വം വൈകാതെ അന്തിമ തീരുമാനമെടുക്കും.
കഴിഞ്ഞയാഴ്ചയാണ് തന്റെ രാജിക്കാര്യത്തെ കുറിച്ച് യെദ്യൂരപ്പ തന്നെ ആദ്യം സൂചന നല്‍കിയത്. ബി.ജെ.പി ദേശീയ നേതൃത്വം പറയുന്നത് എന്താണെങ്കിലും താന്‍ അനുസരിക്കുമെന്ന് നേരത്തെ യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മറ്റ് കേന്ദ്ര മന്ത്രിമാരുമായി നടന്ന ചര്‍ച്ചയില്‍ രാജിവെക്കുന്നതിന് പകരമായി അദ്ദേഹം ചില ഉപാധികള്‍ മുന്നോട്ടു വച്ചിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര തീരുമാനം വ്യക്തമായിട്ടില്ല.
സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ പ്രോഗ്രസ് കാര്‍ഡ് പ്രസിദ്ധീകരിച്ച ചടങ്ങിനൊടുവിലാണ് മുഖ്യമന്ത്രിയുടെ ഈ രാജി പ്രഖ്യാപനം. പാര്‍ട്ടിക്കുള്ളിലെ അധികാര വടംവലികള്‍ക്കും പരസ്യ പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ഇത് നാലാം തവണയാണ് അധികാര കാലാവധി പൂര്‍ത്തിയാക്കാനാവാതെ ബി എസ് യെദ്യൂരപ്പ വിധാന്‍ സൗധയുടെ പടിയിറങ്ങുന്നത്.
'ബിജെപിക്ക് വേണ്ടി സമ്മര്‍പ്പിച്ച ജീവിതമാണ് തന്റേത്. സ്ഥാനമാനങ്ങള്‍ അല്ല, പാര്‍ട്ടിയാണ് തനിക്ക് വലുത്. വാജ്‌പേയി മുതല്‍ നരേന്ദ്ര മോഡി വരെയുള്ളവരുടെ ആശീര്‍വാദം ലഭിച്ച നേതാവാണ് താന്‍. പാര്‍ട്ടിയിലെ മുതിര്‍ന്ന പദവിയൊക്കെ ഇതിനകം ലഭിച്ചു. നേരിട്ടത് വലിയ അഗ്‌നി പരീക്ഷകളാണ്. സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചിട്ടില്ല'- തൊണ്ടയിടറി യെദ്യൂരപ്പ പറഞ്ഞു.
ഈ മാസം ആദ്യം ഡല്‍ഹിയിലെത്തി ബിജെപി പ്രസിഡന്റ് ജെ.പി നദ്ദയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും മറ്റ് മുതിര്‍ന്ന നേതാക്കളെയും യെദ്യൂരപ്പ കണ്ടിരുന്നു. പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ യെദ്യൂരപ്പയ്ക്ക് എതിരെ ശക്തമായ വിമര്‍ശനങ്ങളുയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. യെദ്യൂരപ്പയല്ല, പകരം ബി.വൈ വിജയേന്ദ്രയാണ് പാര്‍ട്ടിയും സര്‍ക്കാരും ഭരിക്കുന്നതെന്ന ആരോപണങ്ങള്‍ പരസ്യമായിത്തന്നെ പല നേതാക്കളും ഉന്നയിച്ചിരുന്നു.
അച്ചടക്കനടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് മറികടന്നും ഈ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ ബിജെപി കേന്ദ്രനേതൃത്വം ഇടപെടുകയായിരുന്നു. 78 പിന്നിട്ട യെദ്യൂരപ്പയെ മുന്‍നിര്‍ത്തി അടുത്ത തിരഞ്ഞെടുപ്പ് നേരിടാനാകില്ലെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. പുതിയ നേതാവിനെ ഉയര്‍ത്തിക്കാണിക്കണം. നിര്‍ണായക ശക്തിയായ ലിംഗായത്ത്, വൊക്കലിംഗ സമുദായങ്ങളെ ഒപ്പം നിര്‍ത്തണം.
2019 ജൂലൈയില്‍ കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യസര്‍ക്കാര്‍ താഴെ വീണതോടെ അധികാരമേറ്റ യെദ്യൂരപ്പ രണ്ട് വര്‍ഷമായി അധികാരത്തില്‍ തുടരുകയാണ്. എംഎല്‍എയായ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍, ടൂറിസം മന്ത്രി സി.പി യോഗേശ്വര്‍, എംഎല്‍സി എ എച്ച് വിശ്വനാഥ് എന്നിവര്‍ പരസ്യമായി യെദ്യൂരപ്പയ്ക്ക് എതിരെ പ്രസ്താവനകള്‍ നടത്തിയിരുന്നു. എന്നാല്‍ സംസ്ഥാനത്തെ 16 ശതമാനത്തോളം വരുന്ന വീരശൈവ - ലിംഗായത്ത് സമൂഹം യെദ്യൂരപ്പയ്ക്ക് ഒപ്പമാണ്. യെദ്യൂരപ്പയെ മാറ്റിയാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ലിംഗായത്ത് നേതൃത്വം രംഗത്തെത്തിയിരുന്നു.
എന്നാല്‍ സൗമ്യ സമീപനമുള്ള യെദ്യൂരപ്പയ്ക്ക് പകരം തീവ്ര നിലപാടുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി, ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവി, ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ, ഖനിമന്ത്രി മുരുകേഷ് നിരാനി എന്നിവരാണ് സജീവ പരിഗണനയിലുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.