പ്രാദേശികമായി ചില കാര്യങ്ങള്‍ നടപ്പാക്കിയാല്‍ വെള്ളപ്പൊക്കത്തെ ചെറുക്കാം

പ്രാദേശികമായി ചില കാര്യങ്ങള്‍ നടപ്പാക്കിയാല്‍ വെള്ളപ്പൊക്കത്തെ ചെറുക്കാം

'കുട്ടനാടിന്റെ കണ്ണീരുണങ്ങണം' - 4

കഴിഞ്ഞ നാലു വര്‍ഷമായി കുട്ടനാടന്‍ ജനതയുടെ തനതു ജീവിത രീതിക്ക് പ്രധാന വെല്ലുവിളി അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വെള്ളപ്പൊക്കമാണ്. ഇതു സംബന്ധിച്ച് നിരവധി ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രാദേശികമായി ചില കാര്യങ്ങള്‍ നടപ്പാക്കിയാല്‍ ഇതിന് ഒരു പരിധിവരെ അറുതി വരുത്താന്‍ സാധിക്കും.

തണ്ണീര്‍മുക്കം ബണ്ടിന്റെ അറ്റകുറ്റ പണികള്‍ ഏപ്രില്‍ 30നു മുമ്പ് തന്നെ എല്ലാ വര്‍ഷവും നടത്തുന്നതിനോടൊപ്പം മഴയുടെ കാഠിന്യമനുസരിച്ച് ജൂണ്‍ മാസം മുതല്‍ നവംബര്‍ മാസം വരെ ഷട്ടറുകള്‍ തുറന്ന് ജലനിരപ്പ് ക്രമീകരിക്കേണ്ടതാണ്. തോട്ടപ്പള്ളി സ്പില്‍വേയില്‍ കൂടിയുള്ള ഒഴുക്ക് ഒരു സെക്കന്‍ഡില്‍ 600 ഘനയടി എന്നുള്ള നിലവിലെ സ്ഥിതി ഒരു സെക്കന്‍ഡില്‍ 1500 ഘനയടി എന്നതിലേക്ക് ഉയര്‍ത്തി നിച്ഛയിച്ച് പ്രവര്‍ത്തികമാക്കേണ്ടതാണ്. ഇതിലേക്ക് ഐ.ഐ.ടി പോലുള്ളവരുടെ സേവനം തേടാവുന്നതാണ്.

പ്രധാന പ്രശ്‌നങ്ങള്‍:

1. അശാസ്ത്രീയമായ റോഡ്, മേല്‍പ്പാല നിര്‍മാണങ്ങള്‍.
2. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള ബണ്ട് നിര്‍മാണത്തിലെ അപര്യാപ്തത.
3. ജലഗതാഗതം നിലച്ച് ഉള്‍നാടന്‍ തോടുകള്‍ നിശ്ച്‌ലമായതോടെ വര്‍ധിച്ചു വരുന്ന പോള ശല്യം.
4. തണ്ണീര്‍മുക്കം ബണ്ടിന്റെ സമയാസമയങ്ങളിലുള്ള അറ്റകുറ്റ പണികള്‍ നടക്കാത്തതും തോട്ടപ്പള്ളി സ്പില്‍വേയുടെ ഉപയോഗത്തിലെ അപര്യാപ്തതയും.
5. കുട്ടനാടന്‍ നദികളിലെയും കായലുകളിലെയും ഇടത്തോടുകളിലെയും അടിഞ്ഞു കൂടുന്ന എക്കല്‍, ചെളി, മണല്‍ എന്നിവ വര്‍ഷാ വര്‍ഷം നീക്കം ചെയ്യപ്പെടാത്തത്.
6. തോടുകള്‍, ആറുകള്‍, തണ്ണീര്‍ തടങ്ങള്‍ എന്നിവയിലെ വ്യാപകമായ കയ്യേറ്റം.
7. പുറം ബണ്ടുകളുടെ ബലക്ഷയവും പമ്പ് ഹൗസുകളുടെ പ്രവര്‍ത്തന ക്ഷമതയില്ലായ്മയും മൂലം എ.സി റോഡ് വെള്ളത്തിനടിയിലാകുന്നു. തല്‍ഫലമായി കൃഷി നാശവും കുട്ടനാട്ടിലെ ജനജീവിതവും കൂടുതല്‍ ദുസഹമാക്കുന്നു.
8. തൊടുകളിലേക്കും ജലാശയങ്ങളിലേക്കും നദികളിലേക്കും ചാഞ്ഞു കിടക്കുന്ന മരങ്ങള്‍, പൊന്തക്കാടുകള്‍ എന്നിവ സുഗമമായ നീരൊഴുക്ക് തടസപ്പെടുവാന്‍ കാരണമാകുന്നു.
9. ടൂറിസം മേഖലയുടെയും എംസാന്റ് ലോബിയുടെയും അനാവശ്യമായ കൈകടത്തല്‍ കുട്ടനാടിന്റെ വെള്ളപ്പൊക്കത്തിന് ഒരു പ്രധാന കാരണമാണ്. ഉദാഹരണത്തിന് എക്കല്‍, ചെളി, മണല്‍ എന്നിവ വാരുവാന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ഇവരുടെ ഇടപെടല്‍ മൂലമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പരിഹാര മാര്‍ഗങ്ങള്‍:

1. കേരള തണ്ണീര്‍ത്തട നിയമത്തിനു വിരുദ്ധമായി കുട്ടനാട്ടിലെ ഇടത്തോടുകള്‍ നികത്തുന്നത് തടഞ്ഞു കൊണ്ടുള്ള ഉത്തരവ് 2020 ജനുവരി ഒന്നാം തിയതി മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ നടപ്പില്‍ വരുത്തണം. തോടുകള്‍ നികത്തി റോഡ് നിര്‍മാണം നടത്തുന്ന അശാസ്ത്രിയമായ പ്രവണത സര്‍ക്കാര്‍ നിരോധിക്കണം.
കുട്ടനാടന്‍ പാടശേഖരങ്ങളിലെ രണ്ടാം കൃഷി പൂര്‍ണമായും നിരോധിക്കണം.
ആലപ്പുഴ-ചങ്ങനാശേരി റോഡ് മൂന്ന് അടി ഉയര്‍ത്തി ബലപ്പെടുത്തുന്നതിനോടൊപ്പം ഇതിലേക്ക് ബന്ധപെടുത്തിയിരിക്കുന്ന ഏഴ് റോഡുകളും മൂന്ന് അടി ഉയര്‍ത്തി ബലപ്പെടുത്തണം. കൂടാതെ തുരുത്തി- കാവാലം റോഡും ഇതേ മാതൃകയില്‍ മൂന്ന് അടി ഉയര്‍ത്തി ബലപ്പെടുത്തേണ്ടതാണ്. റോഡിന്റെ വശങ്ങള്‍ നിര്‍മിക്കുന്നതിന് കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഉപയോഗിക്കണം. ഈ സ്‌ളാബ് നിര്‍മാണത്തിന് അണക്കെട്ടുകളില്‍ അടിഞ്ഞുകൂടി കിടക്കുന്ന മണല്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

2. ജലഗതാഗത്തിന് തടസമായി നില്‍ക്കുന്ന കെ.സി പാലവും മറ്റു പാലങ്ങളും പൊളിച്ച് ഉയരം കൂട്ടി നിര്‍മിക്കണം.
3. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം നിര്‍മിക്കുന്ന ബണ്ടിന്റെ രണ്ടു വശവും ബലപ്പെടുത്തുന്നതിനോടൊപ്പം തന്നെ ഉയരം കൂട്ടുകയും നിര്‍മാണ പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കുകയും ചെയ്യണം.

4. തൊഴിലുറപ്പു പദ്ധതിപ്രകാരം പ്രവര്‍ത്തിക്കുന്ന യൂണിറ്റ് മുഖാന്തിരം കുട്ടനാട്ടിലുള്ള 15,000ത്തോളം വരുന്ന കുടുംബശ്രീ അംഗങ്ങള്‍, 10,000 ത്തോളം വരുന്ന ഹൗസ്‌ബോട്ട് ജീവനക്കാര്‍, 20,000ത്തോളം വരുന്ന ക്ഷേത്രവിശ്വാസികള്‍, ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍, ക്രൈസ്തവ ദേവാലയങ്ങളിലെ 20,000ത്തോളം വരുന്ന വിശ്വാസികള്‍ മുതലായവരുടെ സേവനം ഉപയോഗപ്പെടുത്തിയാല്‍ കേവലം രണ്ടാഴ്ച കൊണ്ട് ജലാശയങ്ങളിലെ പോള, കടകല്‍ നീക്കല്‍, മരം മുറിക്കല്‍ എന്നിവ നടപ്പാക്കാന്‍ സാധിക്കും.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒന്നിടവിട്ട ദിവസങ്ങള്‍ പ്രവര്‍ത്തി ദിനമാക്കണം. വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ റിട്ടയേര്‍ഡ് സ്‌കൂള്‍, കോളേജ് അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, റോഡ്, വാട്ടര്‍ ഗതാഗത ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 10 അംഗ സമിതി രൂപികരിച്ച് വാര്‍ഡ് തലത്തില്‍ ഇതിനു വേണ്ട മേല്‍നോട്ടം കൊടുക്കണം. ഇതിലൂടെ സര്‍ക്കാരിനുണ്ടാകാവുന്ന അധിക ബാധ്യത ഒഴിവായി കിട്ടുന്നതുമാണ്.

നേട്ടങ്ങള്‍:

1. വെള്ളം സുഗമമായി ഒഴുകിപ്പോകുന്ന അവസ്ഥയുണ്ടാകുന്നതിലൂടെ കരകവിഞ്ഞൊഴുകുന്ന സാഹചര്യവും 60 ശതമാനം ഇല്ലാതാകുന്നു.

2. ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം പകുതി ആയി ചുരുങ്ങുന്നു. ഇത് സര്‍ക്കാരിന് സാമ്പത്തിക ലാഭം ഉണ്ടാകുന്നു.
3. കര കൃഷികളായ തെങ്ങ്, വാഴ, ഇഞ്ചി, മഞ്ഞള്‍, കപ്പ, മാവ്, പച്ചക്കറികള്‍ മുതലായവക്ക് ഉണ്ടാകുന്ന നഷ്ടത്തിന് കാലകാലങ്ങളില്‍ കൃഷിഭവന്‍ വഴി കൊടുത്തു വരുന്ന നഷ്ടപരിഹാര തുക 60 ശതമാനം കുറയുന്നതിലൂടെയും സര്‍ക്കാരിന് സാമ്പത്തിക നേട്ടം.
4. വീടുകള്‍, മല്‍സ്യകൃഷി, മറ്റ് കൃഷികള്‍, വളര്‍ത്തു പക്ഷി മൃഗാദികള്‍ എന്നിവക്ക് ഉണ്ടാകുന്ന നാശം ഏകദേശം 60 ശതമാനം കുറയ്ക്കാന്‍ സാധിക്കും.
5. വെള്ളപ്പൊക്കത്തിന്റെ കാഠിന്യം കുറയുന്നതിലൂടെ ടൂറിസം മേഖല സജീവമാവുകയും ഇത് അനുബന്ധ മേഖലകളില്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്യും.
6. കുട്ടനാടന്‍ പാടശേഖരങ്ങളിലെ രണ്ടാം കൃഷി നിരോധിക്കുന്നതിലൂടെ മഴക്കാലത്ത് ഒഴുകിവരുന്ന വെള്ളം വലിയ തോതില്‍ ഈ പാടശേഖരങ്ങളില്‍ ശേഖരിക്കപ്പെടുന്നത് വഴി വെള്ളപ്പൊക്കത്തിന്റെ കാഠിന്യം കുറക്കാന്‍ സാധിക്കും. കൂടാതെ കൃഷി നാശം മൂലമുള്ള നഷ്ടപരിഹാരം കൊടുക്കേണ്ടാത്തതിനാല്‍ സര്‍ക്കാരിന് സാമ്പത്തിക നേട്ടം ഉണ്ടാകുന്നു.

മേല്‍പ്പറഞ്ഞ വിവിധ തരത്തിലൂടെയുള്ള സാമ്പത്തിക നേട്ടങ്ങളിലൂടെ ഉണ്ടാകുന്ന തുക എല്ലാ വര്‍ഷവും തോടുകള്‍, ജലാശയങ്ങള്‍, നദികള്‍ എന്നിവയുടെ ആഴം കൂട്ടുന്ന പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ഈ രീതിയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി യുദ്ധകാലാടിസ്ഥാനത്തില്‍ ഡിസംബര്‍ ഒന്നു മുതല്‍ ഏപ്രില്‍ 30 വരെ ഉള്ള കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചാല്‍ കുട്ടനാടിനെയും കുട്ടനാട്ടിലെ മൂന്ന് ലക്ഷത്തോളം വരുന്ന ജനവിഭാഗങ്ങളെയും അലട്ടുന്ന തീരാദുരിതത്തിനു ശാശ്വത പരിഹാരമുണ്ടാകും. കൂടാതെ ആരോഗ്യം, സാമ്പത്തികം, കാര്‍ഷികം, ടൂറിസം, യാത്രാ മേഖലകളില്‍ അഭൂതപൂര്‍വമായ പുരോഗതി ഇതിലൂടെ കുട്ടനാടിനു കൈവരിക്കാന്‍ സാധിക്കും.

കുട്ടനാട് പാക്കേജിന് അനുവദിച്ചിരിക്കുന്ന കേന്ദ്ര വിഹിതത്തില്‍ നിന്ന് ഇതിനു വേണ്ട ഒരു നിശ്ചിത തുക മാറ്റി വയ്ക്കാവുന്നതാണ്. കേരളത്തില്‍ നിന്നുമുള്ള എം.പിമാരും എം.എല്‍.എമാരും ഒരു മാസത്തെ വിഹിതം ജനപ്രതിനിധികള്‍ എന്ന നിലയില്‍ മേല്‍പ്പറഞ്ഞ ജലാശയങ്ങളിലെ ആഴം കൂട്ടുന്ന പ്രവര്‍ത്തങ്ങളിലേക്കു സംഭാവന ചെയ്ത് മാതൃക ആകേണ്ടതാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും ടൂറിസ്റ്റുകളായോ, രാഷ്ട്രീയ, സാമുദായിക മേഖലകളോ ഉള്ള പ്രവര്‍ത്തങ്ങള്‍ക്കായി കുട്ടനാട്ടിലേക്കു വരുന്നവരാണ് എല്ലാ ജനപ്രതിനിധികളും.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ജലോത്സവങ്ങള്‍ മുടങ്ങിപോയതു മൂലമുള്ള കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക നഷ്ടം വരും കാലഘട്ടങ്ങളില്‍ എങ്കിലും ഉണ്ടാകാതെ നോക്കേണ്ടത് സര്‍ക്കാരിന്റെ പരിഗണനാ വിഷയമായി വരേണ്ടതാണ്. തോടുകളില്‍ നിന്നും കനാലുകള്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വാരി മാറ്റുന്ന പോള, കടകല്‍ എന്നിവ കരയില്‍ എത്തിച്ചു ചുറ്റും വല കെട്ടി നിര്‍ത്തി അതിനുള്ളില്‍ ഇട്ടു ചീയിച്ചു കളയേണ്ടതാണ്.

തണ്ണീര്‍മുക്കം ബണ്ടിന്റെ അറ്റകുറ്റ പണികള്‍ ഏപ്രില്‍ 30നു മുമ്പ് തന്നെ എല്ലാ വര്‍ഷവും നടത്തുന്നതിനോടൊപ്പം മഴയുടെ കാഠിന്യമനുസരിച്ച് ജൂണ്‍ മാസം മുതല്‍ നവംബര്‍ മാസം വരെ ഷട്ടറുകള്‍ തുറന്ന് ജലനിരപ്പ് ക്രമീകരിക്കേണ്ടതാണ്. തോട്ടപ്പള്ളി സ്പില്‍വേയില്‍ കൂടിയുള്ള ഒഴുക്ക് ഒരു സെക്കന്‍ഡില്‍ 600 ഘനയടി എന്നുള്ള നിലവിലെ സ്ഥിതി ഒരു സെക്കന്‍ഡില്‍ 1500 ഘനയടി എന്നതിലേക്ക് ഉയര്‍ത്തി നിച്ഛയിച്ച് പ്രവര്‍ത്തികമാക്കേണ്ടതാണ്. ഇതിലേക്ക് ഐ.ഐ.ടി പോലുള്ളവരുടെ സേവനം തേടാവുന്നതാണ്.


എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്നു മുതല്‍ ഏപ്രില്‍ മുപ്പത് വരെ ചെറു തോടുകളിലെ ഫലഭൂയിഷ്ഠമായ എക്കല്‍, ചെളി, മണല്‍ എന്നിവ എടുത്തു കരയിലേക്ക് നിക്ഷേപിക്കുന്നതിലൂടെ അതാതു പ്രദേശങ്ങളിലെ കാര്‍ഷിക മേഖലക്ക് ഉണര്‍വ് ഉണ്ടാകുകയും പുരയിടങ്ങള്‍ ഉയരം കൂടുകയും ചെയ്യും. കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നുമുള്ള ഗ്രാവല്‍ കുട്ടനാടന്‍ മണ്ണിന്റെ ഫലഭൂയിഷ്ടി ഇല്ലാതാക്കുന്നതിനാല്‍ മേല്‍പറഞ്ഞ ഗ്രാവല്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും നിരോധിക്കണം. ഡ്രെഡ്ജര്‍ ഉപയോഗിച്ച് നീക്കുന്ന ചെളി, എക്കല്‍, മണല്‍ എന്നിവ സമീപ പറമ്പുകളിലേക്ക് ഇടുന്നതിനു ഒരു മിനിമം ചാര്‍ജ് ഭൂഉടമകളില്‍ നിന്നും ഈടാക്കാവുന്നതാണ്.

തോടുകള്‍, പുഴകള്‍, കായലുകള്‍ എന്നിവയിലെ കയ്യേറ്റം സര്‍ക്കാര്‍ ഒഴിപ്പിക്കണം. സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രകാരമുള്ള പുറം ബണ്ടുകള്‍ ബലപ്പെടുത്തുന്ന പ്രവര്‍ത്തികളുടെ വേഗത വര്‍ധിപ്പിക്കേണ്ടതാണ്. പോള, കടകല്‍ നിര്‍മ്മാര്‍ജ്ജനത്തിനോടൊപ്പം തൊടുകളിലേക്ക് ചാഞ്ഞു കിടക്കുന്ന മരങ്ങള്‍, പൊന്തക്കാടുകള്‍ എന്നിവ വെട്ടി മാറ്റേണ്ടതാണ്.

സമുദ്ര നിരപ്പ് ഉയര്‍ന്നു നില്‍ക്കുമ്പോഴും അതിനു താഴെയുള്ള കുട്ടനാട്ടിലെ അധിക ജലം സമുദ്രത്തിലേക്ക് തള്ളാന്‍ നെതെര്‍ലാന്‍ഡ് മോഡല്‍ പമ്പിങ് ആണ് ശാശ്വതമായ പരിഹാര മാര്‍ഗം. തണ്ണീര്‍മുക്കത്തും തോട്ടപ്പള്ളിയിലും ഇതിനു വേണ്ട വലിയ പമ്പുകള്‍ സ്ഥാപിച്ച് ആവശ്യമുള്ളപ്പോള്‍ മാത്രം പ്രവര്‍ത്തിപ്പിച്ചാല്‍ വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന നഷ്ടം കണക്കിലെടുക്കുമ്പോള്‍ ഇതിനു വേണ്ടി വരുന്ന തുക നിസാരമാണ്.

കുട്ടനാട്ടിലെ മാലിന്യ സംസ്‌കരണത്തിന് വേണ്ടി വിദേശ രാജ്യങ്ങളിലെ മാതൃകയില്‍ വേസ്റ്റ് മാനേജ്മന്റ് കമ്പനി മുഖാന്തിരം മാലിന്യം നിക്ഷേപിക്കുന്നതിനുള്ള ബോക്‌സ് എല്ലാ പ്രദേശങ്ങളിലും സ്ഥാപിക്കണം. ഇതില്‍ നിന്നും ലഭ്യമാകുന്ന മാലിന്യം ഉപയോഗിച്ച് നിര്‍മിക്കുന്ന ജൈവവളം കുട്ടനാട്ടിലെ കാര്‍ഷിക മേഖലയില്‍ തന്നെ ഉപയോഗിക്കാവുന്നതാണ്. അതാത് പഞ്ചായത്തുകള്‍ ഇപ്രകാരം നിര്‍മിക്കുന്ന ജൈവവള വിതരണത്തിന് മുന്‍കൈ എടുക്കണം.

അതിലൂടെ വേസ്റ്റ് മാനേജ്മന്റ് കമ്പനികള്‍ക്ക് കൊടുക്കേണ്ടി വരുന്ന തുകയില്‍ കുറവ് കിട്ടുന്നതുമാണ്. കുടുംബശ്രീ അംഗങ്ങളിലൂടെ മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാവുന്നതാണ്. ഇതിനായി ബോധവത്കരണ ക്ലാസുകള്‍ നല്‍കേണ്ടതാണ്.

കുട്ടനാട് ജനപ്രതിനിധി ഒരു ദിവസം ഒരു പഞ്ചായത്ത് എന്ന നിലയില്‍ എല്ലാ മാസവും 11 പഞ്ചായത്തും കേന്ദ്രികരിച്ചു അവിടുത്തെ വിഷയങ്ങള്‍ പഠിക്കുകയും അതിനുള്ള പരിഹാരമാര്‍ഗം കണ്ടെത്തുകയും വേണം. അടുത്ത മാസത്തെ മീറ്റിംഗില്‍ അതിന്റെ പുരോഗതി സംബന്ധിച്ച വിലയിരുത്തലുകള്‍ നടത്തേണ്ടതുമാണ്. ഇപ്രകാരം ഒരു വര്‍ഷം ചെയ്താല്‍ കുട്ടനാടിന്റെ അടിസ്ഥാന വികസനം നിഷ്പ്രയാസം സാധ്യമാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഗ്രെയ്റ്റര്‍ കുട്ടനാട് ഡെവലപ്‌മെന്റ് അതോറിറ്റി (ഏഗഉഅ) ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ രൂപീകരിക്കുകയും അതിന്റെ കീഴില്‍ വൈദ്യുതി, ജലവിഭവം, പൊതുമരാമത്ത് കൃഷി, ഫിഷറീസ് തുടങ്ങി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുകയും വേണം. കേന്ദ്ര ടുറിസം, ജലഗതാഗത, കൃഷി എന്നീ വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ വിശാല കുട്ടനാട് ഡെവലപ്‌മെന്റ് അതോറിറ്റി മുഖാന്തിരം കേന്ദ്ര ഫണ്ടുകള്‍ വിനിയോഗിക്കപ്പെടണം.
                                                                                                                                                                                      (തുടരും)

തയാറാക്കിയത് :

ജേക്കബ് കുഞ്ചെറിയ, കൊണ്ടയില്‍, കാവാലം, ആലപ്പുഴ.

ജോബി ജോസഫ്, പാലാക്കുന്നേല്‍ വള്ളാട്ട്, സൗത്ത് പാമ്പാടി.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.