ഇന്ന് ലോക പരിസ്ഥിതിദിനം. പരിസ്ഥിതി സംരക്ഷണത്തിന്റെ അനിവാര്യത ലോകമെമ്പാടുമുള്ള ജനങ്ങളെ ഓര്‍മിപ്പിക്കാനുള്ള ദിനം. ''പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കുക'' എന്ന സുപ്രധാന സന്ദേശവുമായാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം ആചരിക്കുന്നത്. ദക്ഷിണ കൊറിയ ആതിഥേയത്വം വഹിക്കുന്ന ഈ വര്‍ഷത്തെ ദിനാചരണം, വര്‍ധിച്ചു വരുന്ന പ്ലാസ്റ്റിക് ഭീഷണിക്കെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ലോക രാജ്യങ്ങളെയും വ്യക്തികളെയും പ്രേരിപ്പിക്കുന്നു.
മഞ്ഞ് മലകളില്‍ പോലും കടുത്തവേനല്‍. ആമസോണ്‍ കാടുകളില്‍ അടിക്കടിയുണ്ടാകുന്ന കാട്ടുതീ. മിതമായ കാലാവസ്ഥ ലഭിച്ചിരുന്ന പ്രദേശങ്ങളില്‍ പ്രളയം, കൊടും വരള്‍ച്ച. ഇങ്ങനെ ഭൂമിയില്‍ മുമ്പെങ്ങുമില്ലാത്ത വിധം പാരിസ്ഥിതികാഘാതങ്ങള്‍ രൂക്ഷമാകുന്നു. അന്തരീക്ഷ മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും തടയുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
യുഎന്‍ഇപിയുടെ കണക്ക് അനുസരിച്ച് ലോകത്താകമാനമുള്ള പ്ലാസ്റ്റിക് ഉല്‍പാദനം 430 ദശലക്ഷം ടണ്ണിലേറെയാണ്. നാം ഉപയോഗിച്ച് വലിച്ചെറിയുന്നവ ഭൂമിക്കടിയിലും നദികളിലും കടലിലും അടിയുന്നു. പ്ലാസ്റ്റിക്കിനെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാനും സുസ്ഥിരമായ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. പ്ലാസ്റ്റിക് മാത്രമല്ല വില്ലന്‍. വ്യവസായ ശാലകള്‍ പുറന്തള്ളുന്ന രാസമാലിന്യങ്ങള്‍ നമ്മുടെ നദികളെയും കിണറുകളെയും മറ്റ് ശുദ്ധജല സ്രോതസുകളെയും കടലിനെയും വരെ വിഷമയമാക്കുന്നു. വ്യവസായ ശാലകള്‍ പുറന്തള്ളുന്ന വിഷപ്പുകയും അനധികൃത തീയിടലും ശുദ്ധവായു ലഭ്യതയെ ആകെ തകിടം മറിച്ചിരിക്കുകയാണ്.
2040 ഓടെ ഭൂമിയിലെ നമ്മുടെ ജലാശയങ്ങളിലേക്ക് ഒഴുകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഏകദേശം മൂന്നിരട്ടിയാവും എന്നാണ് പഠനങ്ങള്‍. പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കുക, പുനരുപയോഗത്തിലൂടെ മാലിന്യം കുറക്കുക വനവല്‍ക്കരണം തുടങ്ങി നിരവധി മാര്‍ഗങ്ങള്‍ നമുക്ക് മുന്നിലുണ്ട്. പ്രകൃതിയേയും ഭൂമിയേയും ആവാസ വ്യവസ്ഥയേയും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റേയും ഉത്തരവാദിത്തമാണെന്ന സന്ദേശമാണ് ഈ പരിസ്ഥിതി ദിനവും മുന്നോട്ട് വയ്ക്കുന്നത്.
ഈ പരിസ്ഥിതി ദിനത്തില്‍, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനും പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ശരിയായ രീതിയില്‍ മാലിന്യം സംസ്‌കരിക്കുന്നതിനും ഓരോ പൗരനും പ്രതിജ്ഞാബദ്ധരാകേണ്ടതുണ്ട്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍, കുപ്പികള്‍ എന്നിവ ഒഴിവാക്കുക, തുണി സഞ്ചികള്‍ പോലുള്ള പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങള്‍ ശീലമാക്കുക, മാലിന്യം തരംതിരിച്ച് സംസ്‌കരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിക്കുക എന്നിവയിലൂടെ ഓരോ വ്യക്തിക്കും ഈ പോരാട്ടത്തില്‍ പങ്കാളികളാകാം. കൂട്ടായ പരിശ്രമത്തിലൂടെ പ്ലാസ്റ്റിക് വിമുക്ത-ഹരിതാഭമായ ഒരു നല്ല നാളേക്കായി നമുക്ക് കൈകോര്‍ക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.