അക്കാദമിക് ക്രെഡിറ്റ് ബാങ്കിന് തുടക്കമിട്ട് പ്രധാനമന്ത്രി; കേരളത്തിന് താല്‍പര്യക്കുറവ്

അക്കാദമിക് ക്രെഡിറ്റ് ബാങ്കിന് തുടക്കമിട്ട് പ്രധാനമന്ത്രി; കേരളത്തിന് താല്‍പര്യക്കുറവ്

ന്യൂഡല്‍ഹി: ഉന്നതവിദ്യാഭ്യാസരംഗത്തെ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇടയ്ക്കുവെച്ച് പഠനം നിര്‍ത്തിയാലും ക്രെഡിറ്റിന് അനുസരിച്ച് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന സംവിധാനമാണ് അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്. പുതിയ വിദ്യാഭ്യാസനയത്തിന്റെ ഒന്നാം വാര്‍ഷിക ദിനമായ വ്യാഴാഴ്ച സംഘടിപ്പിച്ച പരിപാടിയില്‍ ഇതുള്‍പ്പെടെ വിദ്യാഭ്യാസരംഗത്ത് മാറ്റം വരുത്തുന്ന വിവിധ പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രധാന നിര്‍ദേശങ്ങളിലൊന്നായിരുന്നു അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്.

ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കായുള്ള ആംഗ്യഭാഷ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന 'നിഷ്ത', നിര്‍മിതബുദ്ധിയില്‍ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഏതുപ്രായത്തിലുള്ളവര്‍ക്കും ഓണ്‍ലൈനിലൂടെ പരിശീലനം നല്‍കുന്ന വെബ്സൈറ്റ് തുടങ്ങിയവ ഇനി രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമാവും. എട്ടുസംസ്ഥാനങ്ങളിലെ 14 എന്‍ജിനിയറിങ് കോളേജുകളില്‍ ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്ത, ബംഗ്ലാ എന്നീ പ്രാദേശിക ഭാഷകളില്‍ പഠിപ്പിക്കാനും തീരുമാനമായി.

വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ രാജ്യത്തെ അധ്യാപകരും നയനിര്‍മാതാക്കളും ഒരു വര്‍ഷമായി കഠിന പരിശ്രമം നടത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. രാജ്യ നിര്‍മാണമെന്ന മഹായജ്ഞത്തിലെ പ്രധാന ഘടകമാണ് ദേശീയ വിദ്യാഭ്യാസ നയം. ഏതു തരത്തിലുള്ള വിദ്യാഭ്യാസം നാം ഇപ്പോള്‍ നല്‍കുന്നു എന്നതിന് അനുസരിച്ചിരിക്കും രാജ്യത്തിന്റെ ഭാവിയെന്നും മോഡി പറഞ്ഞു.

ഒന്നാംക്ലാസിലെ കുട്ടികള്‍ക്ക് മൂന്നുമാസത്തെ വിനോദത്തിലൂന്നിയ പഠനമായ 'വിദ്യ പ്രവേശ്', അധ്യാപക പരിശീലന പരിപാടിയായ 'സഫല്‍', സി.ബി.എസ്.ഇ സ്‌കൂളുകളിലെ മൂന്ന്, അഞ്ച്, എട്ട് ക്ലാസുകള്‍ക്കുള്ള വിലയിരുത്തല്‍ രീതി തുടങ്ങിയവയ്ക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. ഓണ്‍ലൈനില്‍ നടന്ന പരിപാടിയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.

എന്നാല്‍ കേന്ദ്രം മുന്നോട്ടുവെക്കുന്ന അക്കാദമിക് ബാങ്ക് ഒഫ് ക്രെഡിറ്റ് സംവിധാനം കേരളത്തില്‍ നടപ്പാക്കാന്‍ സംസ്ഥാനം താല്‍പ്പര്യപ്പെടില്ലെന്നാണ് സൂചന. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ ഈ പദ്ധതിക്കെതിരേ നേരത്തേ തന്നെ സംസ്ഥാനം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. യു.ജി.സി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ തന്നെ സര്‍വകലാശാലാ സംവിധാനങ്ങളിലും കോഴ്‌സുകളുടെ കാര്യത്തിലും ഘടനാപരമായ മാറ്റങ്ങള്‍ വേണ്ടിവരും. കലാലയങ്ങളിലെ കുട്ടികളുടെ എണ്ണവും അധ്യാപകരുടെ ജോലിഭാരവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ദൃഢമായൊരു സംവിധാനത്തില്‍ ഘടനാപരമായ മാറ്റം എളുപ്പവുമാകില്ലെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.