'കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇടപെടണം': സിബിസിഐ; നാളെ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും

'കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും  ഇടപെടണം': സിബിസിഐ; നാളെ  കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മത പരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇടപെടണമെന്ന ആവശ്യവുമായി കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ).

കേസ് കെട്ടിച്ചമച്ചതാണെന്ന് സിബിസിഐ ആരോപിച്ചു. കന്യാസ്ത്രീകള്‍ക്ക് വേണ്ടി നാളെ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്നും സിബിസിഐ അറിയിച്ചു. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യിപ്പിച്ചത് ബജ്റംഗ്ദള്‍ ആകാമെന്നും രാജ്യ വിരുദ്ധരായ ഇവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും സിബിസിഐ വക്താവ് ആവശ്യപ്പെട്ടു.

സഭാ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെ ഈയിടെയായി അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്കപ്പെടുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉടനടി വിഷയത്തില്‍ ഇടപെടണമെന്നും സിബിസിഐ വ്യക്തമാക്കി.

കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി നല്‍കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ചുവെന്നും കന്യാസ്ത്രീകള്‍ക്ക് യാത്രാരേഖകളില്ലായിരുന്നുവെന്ന ആരോപണങ്ങള്‍ വ്യാജമാണെന്നും സിബിസിഐ വനിതാ കൗണ്‍സില്‍ സെക്രട്ടറി സിസ്റ്റര്‍ ആശ പോള്‍ പ്രതികരിച്ചു.

സഭാ നേതൃത്വം പ്രധാനമന്ത്രിയുടെ ഓഫീസിനെ ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ട്. സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തും ജനറല്‍ സെക്രട്ടറിയും ഡല്‍ഹി ആര്‍ച്ച് ബിഷപ്പുമായ അനില്‍ കൂട്ടോയും മുതിര്‍ന്ന മന്ത്രിമാരെ നേരിട്ടുകണ്ട് പരാതി അറിയിക്കും.

തലശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ പ്രീതി മേരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ഒരു സംഘം ആളുകളുടെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്. കന്യാസ്ത്രീകള്‍ മനുഷ്യക്കടത്ത് നടത്തുകയാണെന്ന് ആരോപിച്ച് ആളുകള്‍ ഇവരെ തടഞ്ഞു വയ്ക്കുകയായിരുന്നു. ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.

ആഗ്രയിലെ ഫാത്തിമ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഇവര്‍ സഹായത്തിനായി മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു. ഇവിടെ പെണ്‍കുട്ടികള്‍ കന്യാസ്ത്രീകളെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.

ഇതിനിടെ ടിടിഇ എത്തി ടിക്കറ്റ് ചോദിച്ചെങ്കിലും പെണ്‍കുട്ടികളുടെ കൈവശം പ്ലാറ്റ്‌ഫോം ടിക്കറ്റില്ലായിരുന്നു. തുടര്‍ന്ന് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് തങ്ങളെ കൂട്ടാന്‍ കന്യാസ്ത്രീകള്‍ എത്തുന്നുണ്ടെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞത്. എന്നാല്‍ ഇത് ടിടിഇ വിശ്വാസത്തിലെടുത്തില്ല. തുടര്‍ന്ന് പ്രാദേശിക പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു.

മനുഷ്യക്കടത്താണ് നടക്കുന്നതെന്നും പെണ്‍കുട്ടികളെ നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനായി കൊണ്ടു പോവുകയാണെന്നും ആളുകള്‍ ആരോപിക്കുകയായിരുന്നു. ഇതോടെ റെയില്‍വേ സ്റ്റേഷനില്‍ വലിയ പ്രതിഷേധം ഉണ്ടായി. കന്യാസ്ത്രീകളോടൊപ്പം ഒരു സഹായിയും ഉണ്ടായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് എത്തിയതെന്നും ഒരു ആശുപത്രിയിലെ ജോലിക്കായാണ് പോകുന്നതെന്നും പെണ്‍കുട്ടികള്‍ പറഞ്ഞിരുന്നു.

കൂടാതെ മാതാപിതാക്കളില്‍ നിന്നുള്ള സമ്മതപത്രവും തിരിച്ചറിയല്‍ രേഖകളും പെണ്‍കുട്ടികള്‍ ആളുകളെ കാണിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിനായി കന്യാസ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. നിലവില്‍ പെണ്‍കുട്ടികളുടെ സംരക്ഷണം വനിതാ ക്ഷേമ സംരക്ഷണ സമിതി ഏറ്റെടുത്തിരിക്കുകയാണ്.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.