സിഡ്‌നി: ലോകമാകെ ഇലക്ട്രിക് വാഹന വിപ്ലവത്തിന് ചൂടു പിടിക്കുമ്പോള്‍ ഡ്രൈവിംഗ് സീറ്റില്‍ ഓസ്‌ട്രേലിയയുമുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്കാവശ്യമായ ബാറ്ററി നിര്‍മിക്കുന്നതിനുള്ള ലിഥിയം ഏറ്റവുമധികം ഉല്‍പാദിപ്പിക്കുന്ന രാജ്യം ഇന്ന് ഓസ്‌ട്രേലിയയാണ്. അതായത് ഇവിടെനിന്നുള്ള ലിഥിയം ഖനനത്തെ ആശ്രയിച്ചാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ അടക്കം വൈദ്യുതി വാഹന വിപണിയുടെ വളര്‍ച്ച. ലോകത്തിലെ തന്നെ ഏറ്റവുമധികം ലിഥിയം ശേഖരമുള്ള രാജ്യമാണ് ഓസ്‌ട്രേലിയ. ഇരുമ്പയിരും മറ്റ് ധാതുക്കളും കൊണ്ട് സമ്പന്നമായ ഓസ്‌ട്രേലിയയ്ക്ക് മറ്റൊരു സുവര്‍ണാവസരം കൂടിയാണ് ലിഥിയത്തിന്റെ ഖനനം നല്‍കുന്നത്.
വൈദ്യുതി വാഹനങ്ങള്‍ക്ക് ആവശ്യക്കാരേറിയതോടെ ലിഥിയത്തിന്റെ വിലയും നാള്‍ക്കുനാള്‍ ഉയരുകയാണ്. ൈവദ്യുതി വാഹനങ്ങളിലെ ബാറ്ററി ഉല്‍പാദിക്കുന്നതിന് ആവശ്യമായ ഘടകമാണ് ലിഥിയം. 2030 ആകുമ്പോഴേക്കും വോക്‌സ്‌വാഗന്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന വാഹനങ്ങള്‍ പകുതിയിലധികം വൈദ്യുതിയില്‍ ഓടുന്നവയായിരിക്കും എന്നാണ് ഇപ്പോഴത്തെ അനുമാനം.
ഓസ്ട്രേലിയയിലെ ലിഥിയം ഖനന മേഖല
ലോകത്ത് ഏറ്റവുമധികം ലിഥിയം ഉല്‍പാദിപ്പിക്കുന്ന രാജ്യവും കയറ്റുമതി ചെയ്യുന്ന രാജ്യവും ഓസ്‌ട്രേലിയയാണ്. ലിഥിയത്തിന്റെ ഭാരക്കുറവാണ് കാര്‍ നിര്‍മാതാക്കളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ആവശ്യക്കാര്‍ ഏറുന്നതോടെ വിപണി കൂടുതല്‍ സജീവമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
കോവിഡ് പ്രതിസന്ധിക്കിടയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ചൈനയിലും വൈദ്യുതി വാഹന വിപണി വളരുന്ന കാഴ്ച്ചകളാണ് കാണുന്നതെന്ന് മാക്വാരി ക്യാപിറ്റലിലെ റിസോഴ്സ് ഇക്വിറ്റി റിസര്‍ച്ച് ഡിവിഷന്‍ ഡയറക്ടര്‍ ഹെയ്ഡന്‍ ബെയര്‍സ്റ്റോ പറഞ്ഞു. ഓസ്‌ട്രേലിയയിലെ ലിഥിയം ഉല്‍പാദിക്കുന്ന ഖനികള്‍ക്ക് ഇനി ചാകരക്കാലമെന്നാണ് പ്രതീക്ഷിക്കുന്നത്.
പശ്ചിമ ഓസ്‌ട്രേലിയയിലെ പില്‍ബാര മിനറല്‍സ് ആണ് പ്രധാനപ്പെട്ട ഖനന കമ്പനി. മൂന്നു വര്‍ഷം മുന്‍പ് ലിഥിയത്തിന് വിലയിടിഞ്ഞതോടെ ഉല്‍പാദനം മുപ്പതു ശതമാനത്തിലേക്കു താഴ്ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പൂര്‍ണതോതിലാണ് ഖനനം നടക്കുന്നത്്.
ലോകമെങ്ങുമുള്ള ആവശ്യകത പരിഗണിച്ച് കൂടുതല്‍ ഉല്‍പാദനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്്. അടുത്ത വര്‍ഷം പകുതിയോടെ കൂടുതല്‍ അത്യാധുനിക ഖനന സംവിധാനങ്ങളിലേക്ക് പില്‍ബാര മിനറല്‍സ്് എത്തിച്ചേരുമെന്നു ചീഫ് എക്‌സിക്യൂട്ടീവ് കെന്‍ ബ്രിന്‍സ്ഡണ്‍ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ കയറ്റുമതി ഇരട്ടിയാക്കാം എന്ന പ്രതീക്ഷയിലാണ് ഖനന കമ്പനികള്‍ നീങ്ങുന്നത്.
2017 ഏപ്രിലില്‍ 28583 ഓസ്‌ട്രേലിയന്‍ ഡോളായിരുന്നു (21000 യു.എസ്. ഡോളര്‍) ഒരു ടണ്‍ ലിഥിയം കാര്‍ബണേറ്റിന്റെ ഏഷ്യന്‍ വിലനിലവാരം. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വില 7950 യു.എസ്. ഡോളറായി ഇടിഞ്ഞിരുന്നു. ഇപ്പോള്‍ ഒരു ടണ്ണിന് 11,000-12,000 യു.എസ്. ഡോളറാണെന്നു ബെയര്‍സ്റ്റോ പറഞ്ഞു. എന്നാല്‍ പ്രതീക്ഷിച്ചതിലുമധികം ഉല്‍പാദനം കൂടിയതോടെ വില ഉയരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉല്‍പാദനം കൂടുന്നതുകൊണ്ടുള്ള നേട്ടം ലോകത്താകമാനം വൈദ്യുതി വാഹനങ്ങളുടെ വില കുറയുന്നതിന് അത് ഇടയാക്കും. വില കുറഞ്ഞെങ്കില്‍ മാത്രമേ ഇന്ത്യ പോലുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ പെട്രോള്‍-ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച വൈദ്യുതി വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുകയുള്ളൂ. ഇതിനെല്ലാം ഉള്ള അവസരമാണ് ഓസ്‌ട്രേലിയയിലെ ലിഥിയം ഖനന മേഖല തുറക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26