ദയാവധത്തിനെതിരേ കടുത്ത വിമര്‍ശനവുമായി സിഡ്‌നി ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍

ദയാവധത്തിനെതിരേ കടുത്ത വിമര്‍ശനവുമായി സിഡ്‌നി ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍

സിഡ്‌നി: ന്യൂ സൗത്ത് വെയില്‍സിലെ നിര്‍ദിഷ്ട ദയാവധ നിയമം ദുരുപയോഗിക്കപ്പെടാനുള്ള സാധ്യതകള്‍ ചൂണ്ടിക്കാട്ടി സിഡ്‌നി ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍. മാനസിക വിഷമം അനുഭവിക്കുന്നവര്‍ ദയാവധത്തിനു വിധേയരാവുന്നത് തടയാനും വയോജനങ്ങളെ പരിചരിക്കുന്ന കത്തോലിക്കാ സ്ഥാപനങ്ങളെ ദയാവധം നടപ്പാക്കുന്നതില്‍നിന്ന് ഒഴിവാക്കാനുമുള്ള സാധ്യതകള്‍ നിയമത്തില്‍ ഇല്ലെന്ന് ആര്‍ച്ച് ബിഷപ്പ് കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ സ്വതന്ത്ര എം.പിയായ അലക്സ് ഗ്രീന്‍വിച്ച് ആണ് പാര്‍ലമെന്റില്‍ ദയാവധ ബില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ പാര്‍ലമെന്റ് സമ്മേളനങ്ങള്‍ ഓഗസ്റ്റില്‍ നിര്‍ത്തിവച്ചതിനെതുടര്‍ന്ന് ഇത് സംബന്ധിച്ച തുടര്‍നടപടികളെക്കുറിച്ച് വ്യക്തമല്ല.

സാന്ത്വന പരിചരണം നല്‍കുന്ന രോഗികള്‍ക്കും ദയാവധം നിര്‍ദേശിക്കാന്‍ ഡോക്ടര്‍മാരെ അനുവദിക്കുന്നതാണ് അലക്സ് ഗ്രീന്‍വിച്ചിന്റെ ബില്ലിലെ ശിപാര്‍ശകള്‍.

അടുത്ത കാലം വരെ, നമ്മുടെ ആരോഗ്യരംഗത്തിന്റെ തത്വമെന്നത് രോഗികളെ കൊല്ലുകയോ അതിനായുള്ള സഹായങ്ങള്‍ നല്‍കുകയോ ചെയ്യില്ലെന്നതാണെന്ന് ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. ബില്ലിലെ ശിപാര്‍ശകള്‍ ക്രിസ്തീയ വിശ്വാസങ്ങള്‍ക്കു മാത്രമല്ല എതിരായി നില്‍ക്കുന്നത്. നൂറ്റാണ്ടുകളായി മെഡിക്കല്‍ പ്രൊഫഷന്‍ പിന്തുടരുന്ന തത്വങ്ങള്‍ക്കും വിരുദ്ധമാണെന്ന് ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍ പറഞ്ഞു.

ദയവധം വിനാശകരമായ നീക്കമാണെന്നും സഭയ്ക്ക് ഇത് അംഗീകരിക്കാനാവില്ലെന്നും ആര്‍ച്ച് ബിഷപ്പ് നേരത്തെയും വ്യക്തമാക്കിയിരുന്നു. പ്രായമായവരെയും ദുര്‍ബലരെയും സംരക്ഷിക്കാന്‍ കോവിഡ് മഹാമാരിക്കാലത്ത് ഭരണകൂടം നടത്തിയ ശ്രമങ്ങളെ പരാമര്‍ശിച്ചുകൊണ്ടാണ് അവരെ മരണത്തിലേക്ക് തള്ളിവിടുന്ന ദയാവധ നിലപാടിലെ വിരോധാഭാസം അദ്ദേഹം തുറന്നുകാട്ടിയത്.


ബിഷപ്പ് മാര്‍ക്ക് എഡ്വേര്‍ഡ്‌സ്

ആര്‍ച്ച് ബിഷപ്പിനു പുറമേ ന്യൂ സൗത്ത് വെയില്‍സിലെ കൂടുതല്‍ മതനേതാക്കള്‍ ബില്ലിനെതിരേ രംഗത്തുവന്നിട്ടുണ്ട്. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ ദയാവധത്തിനെതിരേ നിലപാടു സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റിവറിന മേഖലയിലെ മതനേതാക്കള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് കത്തെഴുതി.

വാഗ വാഗ രൂപത ബിഷപ്പ് മാര്‍ക്ക് എഡ്വേര്‍ഡ്‌സ് വിഷയം ആദ്യം തന്റെ രൂപതയിലാണ് ഉന്നയിച്ചത്. തുടര്‍ന്ന് ദയാവധത്തെക്കുറിച്ച് പൊതു ചര്‍ച്ച ആവശ്യപ്പെട്ട് ജനപ്രതിനിധികള്‍ക്ക് കത്ത് അയച്ചു. ക്രൈസ്തവ മതനേതാക്കള്‍ക്കു പുറമേ മുസ്ലിം വിഭാഗത്തില്‍നിന്നുള്ള പിന്തുണയും ബിഷപ്പിനു ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ആല്‍ബറി എംപി ജസ്റ്റിന്‍ ക്ലാന്‍സിയെ ബിഷപ്പ് മാര്‍ക്ക് എഡ്വേര്‍ഡ്‌സ് സന്ദര്‍ശിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26