കുട്ടിക്ക് സൈക്കിൾ കിട്ടിയ വഴി

കുട്ടിക്ക് സൈക്കിൾ കിട്ടിയ  വഴി

കോവിഡിന് മുമ്പ് നടന്ന ഒരു സംഭവം. എട്ടാം ക്ലാസിൽ പഠിക്കുന്ന മകൻ അപ്പനോട് പറഞ്ഞു: "എത്ര നാളായി ഒരു സൈക്കിൾ വാങ്ങിത്തരാൻ പറയുന്നു. എൻ്റെ കൂട്ടുകാരിൽ പലർക്കും സൈക്കിളുണ്ട്. അവരെല്ലാം തന്നെ എന്നെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ഇനിമുതൽ ഞാൻ സ്കൂളിൽ പോകുന്നില്ല." മകനെ ചേർത്തു നിർത്തി അപ്പൻ പറഞ്ഞു: ''മോനെ നിനക്കറിയാലോ നമ്മുടെ സാമ്പത്തിക സ്ഥിതി? പപ്പ കൂലിപ്പണിക്ക് പോയാണ് കുടുംബം പോറ്റുന്നത്. സൈക്കിൾ വാങ്ങിത്തരണമെന്ന്  പപ്പക്ക് ആഗ്രഹമുണ്ട്. അതിന് വാശി പിടിച്ച് സ്കൂളിൽ പോകാതിരിക്കേണ്ട. നന്നായ് പഠിച്ച് പത്താം ക്ലാസ്
പാസാകുക. അപ്പോൾ നിനക്ക് സൈക്കിൾ വാങ്ങിത്തരും." അപ്പൻ്റെ വാക്കുകൾക്ക് മകൻ ചെവികൊടുത്തു. വാശിയോടെ അവൻ പഠിക്കാൻ തുടങ്ങി. മൂന്നു വർഷം കഴിഞ്ഞ് അവൻ പത്താം ക്ലാസിൽ ഉന്നത വിജയവും നേടി. പുതിയ സൈക്കിൾ കിട്ടിയ അന്ന്‌ അവൻ തൻ്റെ ഡയറിയിൽ ഇങ്ങനെ എഴുതി: ''ജീവിതത്തിൽ എന്ത് നേടണമെങ്കിലും കഠിനാധ്വാനം ആവശ്യമാണ്. കുറുക്കുവഴികൾ താത്ക്കാലിക ആശ്വാസം മാത്രമേ പ്രദാനം ചെയ്യൂ. ഈ പാഠം പഠിപ്പിച്ചത് എൻ്റെ പപ്പയാണ്."

കഠിനാധ്വാനം കള്ളത്തരങ്ങൾക്ക് വഴി മാറുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. തട്ടിപ്പിൻ്റെയും വെട്ടിപ്പിൻ്റെയും വാർത്തകൾ കേൾക്കാത്ത ദിനങ്ങളില്ലെന്നായി.കുറച്ച് അധ്വാനവും കൂടുതൽ വേതനവും എന്ന ചിന്താഗതി വർദ്ധിച്ചിരിക്കുന്നു. ഇവിടെയാണ് സെബദി പുത്രന്മാരോടുള്ള ക്രിസ്തുവിൻ്റെ വാക്കുകൾക്ക് മൂർച്ചയേറുന്നത്. "അങ്ങയുടെ മഹത്വത്തില്‍ ഞങ്ങളില്‍ ഒരാള്‍ അങ്ങയുടെ വലത്തുവശത്തും മറ്റെയാള്‍ ഇടത്തുവശത്തും ഉപവിഷ്‌ടരാകാന്‍ അനുവദിക്കണമേ!''എന്നവർ അഭ്യർത്ഥിച്ചപ്പോൾ,"ഞാന്‍ കുടിക്കുന്ന പാനപാത്രം കുടിക്കാനോ ഞാന്‍ സ്വീകരിക്കുന്ന സ്‌നാനം സ്വീകരിക്കാനോ നിങ്ങള്‍ക്കു കഴിയുമോ?" (മര്‍ക്കോസ്‌ 10 : 37-38) എന്നായിരുന്നു ക്രിസ്തുവിൻ്റെ മറുചോദ്യം. സഹനങ്ങളില്ലാതെയുള്ള വിജയങ്ങൾ ശാശ്വതമല്ലെന്ന പാഠം എത്ര മനോഹരമായാണ് ക്രിസ്തു പഠിപ്പിക്കുന്നത്. ജീവിത കുരിശുകളെ പ്രത്യാശയോടെ എതിരേൽക്കുവാനുള്ള കൃപയ്ക്കു വേണ്ടിയാകട്ടെ നമ്മുടെ പ്രാർത്ഥന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.