സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 'പൊതുമാപ്പെ'ന്ന് താലിബാന്‍; സന്ദേഹ മുനയില്‍ തന്നെ പൊതു സമൂഹം

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 'പൊതുമാപ്പെ'ന്ന് താലിബാന്‍; സന്ദേഹ മുനയില്‍ തന്നെ പൊതു സമൂഹം


കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാന്‍. പൂര്‍ണ സ്വാതന്ത്ര്യത്തോടെയും ആത്മവിശ്വാസത്തോടെയും ജോലി ചെയ്യാന്‍ ഉദ്യോഗസ്ഥരോട് താലിബാന്‍ ആവശ്യപ്പെട്ടു. ഒപ്പം എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും തിരിച്ചു ജോലിയില്‍ പ്രവേശിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അഫ്ഗാന്റെ അധികാരം പിടിച്ചെടുത്ത് രണ്ട് ദിവസം പിന്നിടുമ്പോഴാണ് താലിബാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത്.'എല്ലാവര്‍ക്കുമായി ഞങ്ങള്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍ എല്ലാവരും തങ്ങളുടെ ദൈനംദിന ജോലികളിലേക്ക് ആത്മവിശ്വാസത്തോടെ തിരികെ വരണം'- താലിബാന്റെ പ്രസ്താവനയില്‍ പറയുന്നു. അതേസമയം, താലിബാന്റെ ഇത്തരം പ്രഖ്യാപനങ്ങളുടെ ആത്മാര്‍ത്ഥത വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

കടുത്ത മത നിയമങ്ങളെ ചാരിയുള്ള പ്രതികാര നടപടികളില്‍ നിന്ന് താലിബാന്‍ പാടേ വിട്ടുനില്‍ക്കുമെന്ന പ്രതീക്ഷ പൊതുവേയില്ല.സ്ത്രീ സമൂഹം പൊതുവേ വിരണ്ട അവസ്ഥയിലാണ്.എങ്കിലും അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലുകള്‍ ചെറിയ മാറ്റങ്ങളുണ്ടാക്കിയേക്കാമെന്നും ഇതു വരെയും മുന്‍കൂട്ടി ഭയപ്പെട്ടതുപോലുള്ള നിഷ്ഠുര നടപടികള്‍ കാര്യമായി ഉണ്ടായിട്ടില്ലെന്നും ചില നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രസിഡന്റ് ഘനി ഉള്‍പ്പെടെയുള്ളവരുടെ ജീവനെടുക്കാന്‍ താലിബാന്‍ കടുത്ത താല്‍പ്പര്യമെടുത്തതായുള്ള സൂചനകളും ഇതു വരെയില്ല. ഖത്തര്‍ പോലുള്ള ശക്തികളുടെ ചരടുകളിലാണ് പല നിരീക്ഷകരും പ്രതീക്ഷ വയ്ക്കുന്നത്.

ഇതിനിടെ സിഖ്, ഹിന്ദു വംശജരോട് എത്രയും വേഗം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.അഫ്ഗാനില്‍ കുടുങ്ങിയവര്‍ക്ക് ഇ വിസ ലഭിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കി. കുടുങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അടക്കം ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ ഇന്ത്യ ആരംഭിച്ചതിന്റെ ഭാഗമായി കാബൂളിലെ എംബസി അടച്ചു.ഇതോടെ അഫ്ഗാനിലെ എല്ലാ നയതന്ത്ര കാര്യാലയങ്ങളും ഇന്ത്യ അടച്ചു കഴിഞ്ഞു.

ഇതിനിടെ, താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത് 24 മണിക്കൂര്‍ പിന്നിടും മുന്‍പ് അവരെ അംഗീകരിച്ച ചൈന അടുപ്പം അരക്കിട്ടുറപ്പിക്കാനുള്ള നീക്കം ശക്തമാക്കി. താലിബാന്‍ നേതൃത്വവുമായി ചൈനയുടെ ഉന്നതന്മാര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.ചൈനയ്ക്ക് പിന്നാലെ റഷ്യ, പാകിസ്ഥാന്‍ എന്നിവരും ഔദ്യോഗികമായി താലിബാനെ പിന്തുണച്ചെങ്കിലും, ചൈനീസ് പിന്തുണയ്ക്ക് അന്താരാഷ്ട്രതലത്തില്‍ വലിയ രാഷ്ട്രീയമാനമുണ്ടെന്നാണ് വിലയിരുത്തല്‍.

തീവ്രവാദ ശക്തി എന്നതിനപ്പുറം ചില ലോക രാജ്യങ്ങളില്‍ അംഗീകാരം നേടാം എന്നാണ് ചൈനീസ് പിന്തുണയിലൂടെ താലിബാന്‍ കരുതുന്നത്. ചൈനയുടെ എംബസി അഫ്ഗാനിസ്ഥാനില്‍ തുടരുന്നത് തന്നെ അവര്‍ക്ക് വലിയ നയതന്ത്ര മുന്‍തൂക്കം നല്‍കും എന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ പറയുന്നത്. താലിബാനുമായി ബന്ധം സ്ഥാപിക്കുന്ന കാര്യം പ്രസ്താവിച്ച ചൈനീസ് വക്താവ്, അഫ്ഗാന്റെ പുനര്‍നിര്‍മ്മാണത്തിനും, വികസനത്തിനും എല്ലാ സഹായവും നല്‍കും എന്നാണ് അറിയിച്ചത്. ലോകത്തിലെ പല രാജ്യങ്ങളിലും വന്‍കിട പദ്ധതികള്‍ ഏറ്റെടുത്ത് നടത്തി നയതന്ത്ര ബന്ധം പുതിയ രീതിയില്‍ നടത്താനുള്ള ചൈനീസ് തന്ത്രം തന്നെ അഫ്ഗാനിലും അരങ്ങേറുന്നു. മാലിദ്വീപ്, ശ്രീലങ്ക, ആഫ്രിക്കന്‍ തീരദേശ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ പിടിമുറുക്കിയത് ചൈന ഈ രീതിയിലാണ്.

76 കിലോമീറ്റര്‍ നീളത്തില്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. അമേരിക്കയുടെ അഫ്ഗാന്‍ മണ്ണില്‍ നിന്നുള്ള പിന്‍മാറ്റത്തിന് പിന്നാലെ താലിബാന്‍ തങ്ങളുടെ മുന്നേറ്റം ശക്തമാക്കിയപ്പോള്‍ തന്നെ ചൈനയ്ക്ക് കൈ കൊടുത്തിരുന്നു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി താലിബാന്റെ പ്രത്യേക സംഘം മുല്ല അബ്ദുള്‍ ഗനി ബറാദറിന്റെ നേതൃത്വത്തില്‍ ജൂലൈ അവസാനം കൂടികാഴ്ച നടത്തിയിരുന്നു. അഫ്ഗാന്‍ താലിബാന്‍ പിടിച്ച് അവിടെ സര്‍ക്കാര്‍ ഉണ്ടാക്കിയാല്‍ പ്രഥമികമായ ബന്ധം ആരംഭിക്കാനുള്ള ധാരണകള്‍ ഈ യോഗത്തിലെടുത്തുവെന്നാണ് കരുതപ്പെടുന്നത്.

ചൈനീസ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ യുക്തിവാദി ആശയത്തിലാണ് വിശ്വസിക്കുന്നത്.ന്യൂനപക്ഷമായ ഉയ്ഗ്യൂര്‍ മുസ്ലീംങ്ങള്‍ക്കെതിരായ പീഡനങ്ങള്‍ നടക്കുന്നു അവിടെ എന്നത് നിരന്തരം പാശ്ചത്യ മാധ്യമങ്ങള്‍ അടക്കം പുറത്തുകൊണ്ടുവന്ന കാര്യമാണ്. ഇതിലെ താലിബാന്റെ നിലപാടാണ് ചൈനയ്ക്ക് പ്രധാനമായും അറിയേണ്ടിയിരുന്നത്. എന്നാല്‍ ഇത് തീര്‍ത്തും ചൈനീസ് ആഭ്യന്തര പ്രശ്‌നമാണ് എന്നാണ് താലിബാന്‍ സ്വീകരിച്ച നിലപാട്. ഇതോടെ താലിബാനോടുള്ള ആശയ ഭിന്നതകള്‍ ഒക്കെ ചൈന മാറ്റിവച്ചു. ഒപ്പം ഉയ്ഗ്യൂര്‍ വിമതര്‍ക്ക് അഫ്ഗാനിസ്ഥാനില്‍ എന്തെങ്കിലും സഹായം നല്‍കില്ലെന്നും താലിബാന്‍ അറിയിച്ചു.

ചൈനയെ താലിബാനോട് സൗഹൃദം സ്ഥാപിക്കാന്‍ പ്രേരിപ്പിക്കുന്നത് വിശാലമായ സാമ്പത്തിക താല്‍പ്പര്യങ്ങളാണ്. ചൈനയുടെ സ്വപ്ന പദ്ധതിയായ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയുടെ വലിയൊരു ഭാഗം അഫ്ഗാന്‍ വഴിയാണ് പോകുന്നത്. അതിന്റെ പുരോഗതിക്കും, നിര്‍മ്മാണത്തിനും, നടത്തിപ്പിനും എല്ലാം അഫ്ഗാനിസ്ഥാനില്‍ അനുസരണയുള്ള ഒരു ഭരണകൂടം ചൈനയ്ക്ക് അത്യവശ്യമാണ്. ഒരു ജനാധിപത്യ ഭരണകൂടത്തേക്കാള്‍ ഇത്തരം ഘട്ടങ്ങളില്‍ ഭീകരവാദ ആശയത്താല്‍ നയിക്കുന്ന ഏകധിപത്യ ഭരണമായിരിക്കും നല്ലത് എന്ന് ചൈന വിശ്വസിക്കുന്നു.ഖനന വ്യവസായത്തില്‍ അടക്കം അഫ്ഗാനിസ്ഥാനില്‍ നിക്ഷേപം ഇറക്കിയ ചൈനയ്ക്ക് അതിന്റെ സംരക്ഷണവും പ്രധാനം തന്നെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.