കാബൂള്‍: അമേരിക്കന്‍ നിര്‍മിതമായ അത്യാധുനികായുധങ്ങളുടെ വന്‍ ശേഖരം സ്വന്തമായതിന്റെ അധിക ആവേശത്തില്‍ താലിബാന്‍. തങ്ങളെ തരിപ്പണമാക്കാന്‍ മുന്‍ സര്‍ക്കാരിനു ദാനം ചെയ്യപ്പെട്ട വന്‍ പ്രഹര ശേഷിയുള്ള ആയുധ സഞ്ചയമാണ് താലിബാന്റെ കയ്യില്‍ സുഗമമായി വന്നുപെട്ടിരിക്കുന്നത്.മുന്‍ ഭരണകൂടത്തിനു വേണ്ടി പോരാടിയിരുന്ന അഫ്ഗാന്‍ സൈനികര്‍ ഉപേക്ഷിച്ചു പോയതും അവരില്‍ നിന്നു താലിബാന്‍ പിടിച്ചെടുത്തതും ചേരി മാറിയവര്‍ കൈമാറിയതുമാണ് പ്രഹര ശേഷിയും പ്രതിരോധ ക്ഷമതയും വര്‍ദ്ധിപ്പിക്കുന്ന ഈ ആയുധങ്ങളും ഇതര സംവിധാനങ്ങളും.
ആയുധങ്ങള്‍ താലിബാന്റെ കയ്യിലെത്തിയതില്‍ ഒരുപാട് ആശങ്കപ്പെടാനുണ്ടെന്നാണ് അമേരിക്കന്‍ ഭരണകൂടം പറയുന്നത്. താലിബാന്റെ ആയുധപ്പുരകള്‍ തകര്‍ക്കാന്‍ അതിസൂക്ഷ്മ വ്യോമാക്രമണങ്ങള്‍ നടത്തുന്ന കാര്യം പോലും പെന്റഗണിന്റെ പരിഗണനയിലുണ്ടെന്നാണു സൂചന. അഫ്ഗാന്‍ സൈന്യം ഉപേക്ഷിക്കുന്ന ആയുധങ്ങള്‍ താലിബാന്റെ ആയുധ സങ്കേതത്തിന് ശക്തി വര്‍ധിപ്പിക്കുമെന്ന കാര്യം പോലും മുന്‍കൂട്ടി കാണാതിരുന്ന മിലിട്ടറി ഇന്റലിജന്‍സിന്റെ നിരീക്ഷണ വൈകല്യം ഇതോടൊപ്പം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇരുട്ടത്തുള്ള പോരാട്ടം സാധ്യമാക്കുന്ന നൂതന സംവിധാനങ്ങള്‍ താലിബാന്റെ കയ്യിലെത്തിയതിന് രാജ്യവും ജനങ്ങളും വലിയ വില നല്‍കേണ്ടിവരുമെന്ന് വിദഗ്ധര്‍ പറയുന്നു.
അമേരിക്ക കഴിഞ്ഞ മാസവും അഫ്ഗാനിസ്ഥാന് നല്‍കിയ പലയിനം ആയുധങ്ങളും അനുബന്ധ ഉപകരണങ്ങളും താലിബാന്റെ കയ്യിലെത്തി. തങ്ങളുടെ എല്ലാവിധ പിന്തുണയും അഫ്ഗാന് എല്ലായ്‌പ്പോഴും ഉണ്ടായിരിക്കും എന്നാണ് ആയുധങ്ങള്‍ കൈമാറി ദിവസങ്ങള്‍ക്കകം പെന്റഗണില്‍ യു.എസ് പ്രതിരോധ സെക്രട്ടറിയായ ലോയ്ഡ് ഓസ്റ്റിന്‍ മാധ്യമങ്ങളോട് പറഞ്ഞത്.പക്ഷേ, അഫ്ഗാന് അധിക മൂര്‍ച്ചയേകാന്‍ എത്തിച്ചുകൊടുത്ത ആയുധ സഞ്ചയം വൈകാതെ തന്നെ അഫ്ഗാനും അഫ്ഗാന്‍ ജനതയ്ക്കും എതിരായി മാറി. 'അഫ്ഗാനില്‍ എല്ലാം നശിപ്പിക്കപ്പെട്ടു; താലിബാന്‍ മാത്രമാണ് നശിക്കാതിരിക്കുന്നത് 'എന്ന് അമേരിക്കന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അഫ്ഗാനിസ്ഥാനിലെ നിലവിലെ അവസ്ഥയെ കുറിച്ച് റോയ്‌ട്ടേഴ്‌സിനോട് പറഞ്ഞു.
2002 മുതല്‍ 2017 വരെ 28 ബില്യണ്‍ യു എസ് ഡോളറിന്റെ ആയുധങ്ങളാണ് അമേരിക്ക അഫ്ഗാനു നല്‍കിയിട്ടുള്ളത്.2003 നു ശേഷം മൊത്തം ആറു ലക്ഷം ആയുധങ്ങളും ഉപകരണങ്ങളും അമേരിക്കയില്‍ നിന്ന് അഫ്ഗാനിലെത്തി.തോക്കുകള്‍ക്കു പുറമേ 162000 ആശയ വിനിമയോപകരണങ്ങള്‍, 16000 രാത്രികാല നിരീക്ഷണ ഗ്ലാസുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഏതൊരു ആധുനിക സൈന്യത്തിന്റെയും കയ്യിലുള്ള പടക്കോപ്പുകളാണ് അഫ്ഗാന്‍ സൈന്യത്തിന്റെയും പക്കലുള്ളതെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു.ആ കാരണം കൂടി ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ പിന്മാറ്റ തീരുമാനത്തെ അദ്ദേഹം ന്യായീകരിച്ചത്. പക്ഷേ, പഴയ കലാനിഷ്‌കോവ്് തോക്കും നാടന്‍ ബാംബും കുഴിബോംബും ഉപേക്ഷിച്ച് കമ്പ്യൂട്ടര്‍ നിയന്ത്രിത ആയുധസംവിധാനങ്ങളിലേക്ക് പെട്ടെന്ന് കടന്നുവരാനുള്ള വഴി താലിബാന് തുറന്നു കിട്ടി. ഹംവി ഉള്‍പ്പെടെയുള്ള നൂറുകണക്കിന് വാഹനങ്ങളും കവചിത ട്രക്കുകളും. ആധുനിക സംവിധാനങ്ങളോടെ ആസൂത്രിതമായി പണിത 11 പ്രതിരോധ ക്യാമ്പുകളും അവിചാരിതമായി താലിബാന്റെ അധീനതയിലായി.
താലിബാന്റെ കൈവശം നിലവില്‍ 2000 സായുധ വാഹനങ്ങളുണ്ട്. അഫ്ഗാനിലെ ദുര്‍ഗമ പ്രദേശങ്ങളെയുദ്ദേശിച്ച് അമേരിക്ക നിര്‍മ്മിച്ചു നല്‍കിയതാണ് ഇതില്‍ പലതും. 2013 മുതലുള്ള മൂന്നു വര്‍ഷത്തിനുള്ളില്‍ 208 ഹെലിക്കോപ്റ്ററുകളും ചെറുവിമാനങ്ങളും അഫ്ഗാനിലെത്തിച്ചിരുന്നു. ഇവയില്‍ ചിലതു മാത്രമാണ് മടക്കി കൊണ്ടുപോകാന്‍ കഴിഞ്ഞത്. ഉസ്‌ബെക്കിസ്ഥാനില്‍ അഭയം തേടിയ അമ്പതോളം വ്യോമസേനാ പൈലറ്റുകള്‍ ഹെലിക്കോപ്റ്ററുകള്‍ അഥവാ ചെറുവിമാനങ്ങളുമായാണ് അങ്ങോട്ടു പോയത്. അഫ്ഗാനില്‍ അവശേഷിക്കുന്നവ പറത്താന്‍ പൈലറ്റുമാരെ തേടുന്നുണ്ടിപ്പോള്‍ താലിബാന്‍.
അതേസമയം, 2016 മുതല്‍ 2019 വരെ അഫ്ഗാനിലേക്ക് എത്തിച്ചതില്‍ താലിബാന്‍ പിടിച്ചെടുത്തിട്ടുള്ള ഭൂരിഭാഗം പടക്കോപ്പുകളും അത്ര പ്രഹര ശേഷിയുള്ളവയല്ലെന്നും പെട്ടെന്നു കാലഹരണപ്പെടുന്നതുമാണെന്ന് അക്കാലത്ത് യു എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ മേധാവിയെന്ന നിലയില്‍ അഫ്ഗാനിലെ നീക്കങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ചിരുന്ന ആര്‍മി ജനറല്‍ ജോസഫ് വോട്ടെല്‍ പറയുന്നു.ഇവയില്‍ പലതും ഫലത്തില്‍ വെറും ട്രോഫികള്‍ മാത്രം- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.അതേസമയം, പഞ്ജ്ശീറിലും മറ്റുമായി ഉയരുന്ന പ്രതിഷേധ കലാപ നീക്കങ്ങള്‍ക്കെതിരെ തല്‍ക്കാലം ഇതില്‍ പലതും താലിബാന് ഉപയോഗിക്കാനായേക്കുമെന്ന് വോട്ടെല്‍ കരുതുന്നു.എന്തായാലും വാനരന്റെ കൈയിലെ പൂമാല പോലെയാകും താലിബാനു കിട്ടിയ അത്യാധുനിക ആയുധങ്ങളെന്ന ചിന്തയല്ല വിദഗ്ധര്‍ക്കുള്ളത്.കാരണം, ആധുനികതയുമായി അടുപ്പം വന്നു കഴിഞ്ഞു താലിബാന്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.