തിരുവനന്തപുരം: പത്തില്‍ താഴെയെത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്) 17.73 ശതമാനമായി ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കിയേക്കും. നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും.
കഴിഞ്ഞ 87 ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ടി.പി.ആര് ഇത്രയും ഉയരുന്നത്. ഇക്കാര്യത്തിലുള്ള കടുത്ത ആശങ്ക ആരോഗ്യ രംഗത്തെ വിദഗ്ധര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. മുസ്ലീംങ്ങളുടെ പെരുന്നാള്‍ തിരക്കിന്റെ ആഘാതം കുറയും മുന്‍പെത്തിയ ഓണാഘോഷത്തില്‍ കോവിഡ് വ്യാപനം കുതിച്ചുയരുകയാണ്.
ഓണത്തിന് കൂടുതല്‍ ഇളവ് നല്‍കിയത് ടി.പി.ആര് കൂടാന്‍ കാരണമായെന്ന് വിമര്‍ശനമുയരുന്നുണ്ട്. സാമൂഹ്യ അകലം ഉള്‍പ്പടെയുള്ള കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും പ്രധാന മാര്‍ക്കറ്റുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ വന്‍ ജനക്കൂട്ടമായിരുന്നു.
തിങ്കളാഴ്ച കഴിയുന്നതോടെ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക. അതേസമയം സംസ്ഥാനത്ത് ഇന്നും ലോക്ക്ഡൗണ്‍ ഇല്ല. മൂന്നാം ഓണമായതിനാലാണ് ഇളവ് അനുവദിച്ചത്. ഓണത്തോടനുബന്ധിച്ച് കഴിഞ്ഞ ഞായറാഴ്ചയും ലോക്ക്ഡൗണ്‍ ഉണ്ടായിരുന്നില്ല.
സംസ്ഥാനത്ത് മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് രോഗവ്യാപനം കൂടുതല്‍. കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതോടെ ബെഡുകളും ഐസിയുകളും അതിവേഗം നിറയുകയാണ്. ഏറ്റവും കൂടുതല്‍ പേര് ചികിത്സയില്‍ കഴിയുന്ന മലപ്പുറത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ 72 ശതമാനം കിടക്കകളിലും രോഗികളുണ്ട്.
കാസര്‍കോട് 79 ശതമാനവും തൃശൂരില്‍ 73 ശതമാനവും കിടക്കകള്‍ നിറഞ്ഞു. കോഴിക്കോട് 6116 കിടക്കകളില്‍ 3424 എണ്ണത്തിലും പാലക്കാട് 5828ല്‍ 3864ലും രോഗികളുണ്ട്. എറണാകുളം, ഇടുക്കി, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ 40 ശതമാനത്തില്‍ താഴെ കിടക്കകളേ ബാക്കിയുള്ളൂ.
ചികിത്സയിലുള്ളവരുടെ എണ്ണം നാല് ലക്ഷം വരെ ഉയരാമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണു നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതുള്‍പ്പെടെ തീരുമാനിക്കാന്‍ നാളെ അവലോകന യോഗം ചേരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.