സുരക്ഷാ ഉദ്യോഗസ്ഥരോ നേതാക്കളോ ഇല്ല; അച്ഛന്റെ ഓര്‍മയില്‍ മുഴുകി ഏകനായി രാഹുല്‍

സുരക്ഷാ ഉദ്യോഗസ്ഥരോ നേതാക്കളോ ഇല്ല; അച്ഛന്റെ ഓര്‍മയില്‍ മുഴുകി ഏകനായി രാഹുല്‍

ന്യൂഡൽഹി: മാധ്യമങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും നേതാക്കളുമില്ലാതെ അച്ഛന്റെ ഫോട്ടോയുടെ മുൻപിൽ മണിക്കൂറുകൾ ഓർമ്മയിൽ മുഴുകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യൂത്ത് കോൺഗ്രസ് ആസ്ഥാനത്ത് മുൻ പ്രധാനമന്ത്രിയും അച്ഛനുമായ രാജീവ് ഗാന്ധിയുടെ ഫോട്ടോ പ്രദർശനം കാണാൻ രാഹുൽ ഗാന്ധി ബുധനാഴ്ച എത്തിയത് ആരുമറിയാതെ.

അച്ഛന്റെ ജീവിതത്തിലെ നിർണായക മുഹൂർത്തങ്ങളായ ജനനം മുതൽ മരണം വരെയുള്ള സന്ദർഭങ്ങൾ പകർത്തിയ ചിത്രങ്ങൾക്കൊപ്പം ഏകനായി നാലു മണിക്കൂർ അദ്ദേഹം ചിലവഴിച്ചു. മാധ്യമങ്ങളെ അറിയിക്കാതെ, സുരക്ഷാ ഉദ്യോഗസ്ഥരില്ലാതെ അച്ഛനൊപ്പമുള്ള ഓർമകളിൽ മണിക്കൂറുകൾ അദ്ദേഹം മുഴുകി. മാധ്യമങ്ങളടക്കം ആരുമറിയരുതെന്ന് നിർദേശം നൽകിയാണ് അദ്ദേഹം വന്നതെന്ന് യൂത്ത് കോൺഗ്രസ് ദേശീയാധ്യക്ഷൻ ബി.വി ശ്രീനിവാസ് പറഞ്ഞു. അച്ഛനെ കെട്ടിപ്പിടിച്ചിരിക്കുന്ന ചിത്രത്തിനുമുന്നിൽ രാഹുൽ ഏറെ നേരം നിന്നു.

ഓഗസ്റ്റ് 20 രാജീവ് ഗാന്ധിയുടെ ജന്മവാർഷികദിനത്തിലാണ് ഫോട്ടോപ്രദർശനം തുടങ്ങിയത്. ഉദ്ഘാടകൻ രാഹുൽ തന്നെയായിരുന്നു. ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനൊപ്പമെത്തിയ രാഹുൽ തിരക്കു കാരണം അന്ന് ഫോട്ടോകൾ പെട്ടെന്ന് കണ്ടുതീർത്ത് മടങ്ങിയെന്ന് ശ്രീനിവാസ് പറഞ്ഞു. അതിനെത്തുടർന്നാണ് ഒറ്റയ്ക്ക് എത്തിയത്.

1944-ൽ ജനിച്ച മുതൽ 1991 മേയ് 21-ന് മരിച്ചതുവരെയുള്ള കാലത്തെ രാജീവിന്റെ വൈവിധ്യമാർന്ന ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്. മുത്തച്ഛൻ ജവാഹർ ലാൽ നെഹ്രു, അമ്മ ഇന്ദിരാഗാന്ധി, ഭാര്യ സോണിയാ ഗാന്ധി, മക്കളായ രാഹുലും പ്രിയങ്കയും തുടങ്ങിയവർക്കൊപ്പമുള്ള അപൂർവചിത്രങ്ങൾ.

ലോകനേതാക്കൾക്കും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും ഒപ്പമുള്ള ചിത്രങ്ങൾ. പഞ്ചായത്ത് രാജ്, ഐ.ടി, ടെലികോം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നൽകിയിട്ടുള്ള സംഭാവനകൾ വ്യക്തമാക്കുന്നവ തുടങ്ങിയ ഫോട്ടോകൾ പ്രദർശനത്തിലുണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.