കൊച്ചി: അങ്കമാലി എംഎൽഎയും കോൺഗ്രസിലെ യുവ നേതാവുമായ റോജി എം. ജോൺ വിവാഹിതനാകുന്നു. കാലടി മാണിക്യമംഗലം പുളിയേലിപ്പടിയിൽ കോലഞ്ചേരി വീട്ടിൽ പൗലോസ്- ലിസി ദമ്പതികളുടെ മകൾ ലിപ്സിയാണ് വധു. ഈ മാസം 29ന് അങ്കമാലി ബസിലിക്ക പള്ളിയിലാണ് വിവാഹം.
ഇന്ന് മാണിക്യമംഗലം പള്ളിയിലാണ് മനസമ്മതം. ഇന്റീരിയർ ഡിസൈനറായ ലിപ്സിയും അങ്കമാലി മണ്ഡലംകാരിയാണ്.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ മുള്ളൻമടക്കൽ എം.വി ജോണിൻ്റെയും എൽസമ്മയുടെയും മകനായി 1984 ലാണ് റോജി ജനിച്ചത്. അങ്കമാലിക്കടുത്ത് കുറുമശേരിയിലാണ് നിലവിൽ എംഎൽഎ താമസിക്കുന്നത്.
എംഎ, എംഫിൽ ബിരുദധാരിയായ റോജി 2016 മുതൽ അങ്കമാലിയിൽ നിന്നുള്ള നിയമസഭാംഗമാണ്. കെഎസ്‌യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദേഹം എൻഎസ്‌യു ദേശീയ പ്രസിഡന്റായിരുന്നു. നിലവിൽ എഐസിസി സെക്രട്ടറി കൂടിയാണ് റോജി.
അങ്കമാലി നിയോജക മണ്ഡലത്തിൽ നിന്ന് 2016 ലും 2021ലും എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. എറണാകുളം തേവര എസ്എച്ച് കോളജ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഉപരിപഠനത്തിനായി ഡൽഹി ജെഎൻയുവിലേക്ക് പോയി. ഇതിനിടെ എൻഎസ്‌യു നേതൃത്വത്തിലേക്ക് ഉയർന്നു.
2016 ലാണ് റോജിയെ അങ്കമാലി മണ്ഡലം പിടിക്കാൻ കോൺഗ്രസ് ചുമതലപ്പെടുത്തിയത്. ജെഡിഎസിൻ്റെ കരുത്തനായ നേതാവ് മുൻ മന്ത്രി ജോസ് തെറ്റയിൽ ലൈംഗികാരോപണം നേരിട്ടതിനെ തുടർന്ന് മത്സരത്തിൽ നിന്ന് പിന്മാറിയ 2016 ലെ തിരഞ്ഞെടുപ്പിൽ ജെഡിഎസിൻ്റെ ജോണി മൂഞ്ഞേലിയെ പരാജയപ്പെടുത്തിയാണ് റോജി നിയമസഭയിലെത്തിയത്.
2021ൽ ജോസ് തെറ്റയിൽ മണ്ഡലം തിരിച്ചുപിടിക്കാൻ മത്സര രംഗത്തിറങ്ങിയെങ്കിലും രക്ഷയുണ്ടായില്ല. കോൺഗ്രസിൻ്റെ യുവ നേതാക്കളിൽ പ്രമുഖനായ റോജി എം. ജോൺ 41ാം വയസിലാണ് വിവാഹിതനാകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.