വിശുദ്ധ എവുപ്രാസ്യാമ്മ: 'സഞ്ചരിക്കുന്ന സക്രാരി'... 'മരിച്ചാലും മറക്കില്ലാട്ടോ'

വിശുദ്ധ എവുപ്രാസ്യാമ്മ: 'സഞ്ചരിക്കുന്ന സക്രാരി'...  'മരിച്ചാലും മറക്കില്ലാട്ടോ'


അനുദിന വിശുദ്ധര്‍ - ഓഗസ്റ്റ് 29

ളിത ജീവിതം നയിച്ച് വിശുദ്ധിയുടെ പടവുകള്‍ കീഴടക്കിയ സുകൃതിനിയാണ് എവുപ്രസ്യാമ്മ. കേരളത്തില്‍ തൃശൂര്‍ ജില്ലയിലെ എടത്തുരുത്തിയില്‍ എലുവത്തിങ്കല്‍ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും ഒന്‍പതു മക്കളില്‍ മൂത്ത പുത്രിയായി 1877 ഒക്ടോബര്‍ 17 ന് എവുപ്രാസ്യാ ജനിച്ചു.

ജനിച്ച് എട്ടാം ദിവസം ശിശുവിന് ജ്ഞാനസ്നാനം നല്‍കപ്പെട്ടു. ലിമായിലെ വിശുദ്ധ റോസിന്റെ ബഹുമാനാര്‍ത്ഥം റോസ എന്ന നാമമാണ് അവള്‍ക്ക് നല്‍കിയത്. വീട്ടില്‍ വച്ചു തന്നെ അവള്‍ എഴുത്തും വായനയും അഭ്യസിച്ചു. പിന്നീട് സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി മാതാപിതാക്കള്‍ അവളെ എറണാകുളത്തെ കൂനമ്മാവ് കര്‍മ്മലീത്താ മഠത്തിലേയ്ക്ക് അയച്ചു. ബോര്‍ഡിംഗിലായിരിക്കെ 1889 ല്‍ റോസയ്ക്ക്‌യ്ക്ക് കഠിനമായ വാതരോഗം പിടിപ്പെട്ടു.

ചികിത്സകള്‍ കൊണ്ട് പ്രയോജനമൊന്നും ഉണ്ടായില്ല. അതിനാല്‍ അവള്‍ക്ക് രോഗീലേപനം നല്‍കി. പെട്ടെന്ന് അപ്രതീക്ഷിതമായി അവളുടെ മുഖം പ്രസന്നമാവുകയും കിടക്കയില്‍ എഴുന്നേറ്റിരിക്കുകയും ചെയ്തു. എന്താണ് സംഭവിച്ചതെന്നറിയാന്‍ കന്യാസ്ത്രീകള്‍ ചുറ്റും കൂടി. എന്നാല്‍ റോസ പുഞ്ചിരി തൂകുക മാത്രം ചെയ്തു. തിരുക്കുടുംബം തനിക്ക് ദര്‍ശനം നല്‍കിയതായും താന്‍ കന്യാസ്ത്രീയായി ദീര്‍ഘകാലം ജീവിച്ചിരിക്കുമെന്ന് പറഞ്ഞതായും അവള്‍ വെളിപ്പെടുത്തി.

1897 മെയ് പത്തിന് തൃശൂര്‍ മെത്രാന്‍ മാര്‍ ജോണ്‍ മേനാച്ചേരി റോസ ഉള്‍പ്പെടെ ഒന്‍പത് അര്‍ത്ഥിനികള്‍ക്കു ശിരോവസ്ത്രം നല്‍കി. റോസ, എവുപ്രാസ്യാ എന്ന നാമധേയം സ്വീകരിച്ചു. 1898 ജനുവരി പത്തിന് മേനാച്ചേരി പിതാവില്‍ നിന്നും മറ്റു പതിനൊന്ന് അര്‍ത്ഥിനികളോടൊപ്പം എവുപ്രാസ്യാ സഭാവസ്ത്രം ഏറ്റുവാങ്ങി.

ഭക്തി ചൈതന്യവും സേവന തല്‍പരതയും കൊണ്ട് എവുപ്രാസ്യയെ അധികാരികള്‍ നവ സന്യാസിനികളുടെ ഗുരുനാഥയെ സഹായിക്കുവാനും രോഗിണികളായ സഹോദരിമാരെ ശുശ്രൂഷിക്കുവാനും നിയോഗിച്ചു. അധികാരികള്‍ തനിക്കു നല്‍കിയ നിര്‍ദ്ദേശങ്ങളിലൂടെ എവുപ്രാസ്യാ സദാ ദൈവനിയോഗം അറിഞ്ഞ് അനുവര്‍ത്തിക്കുകയാണ് ചെയ്തിരുന്നത്. 1904 ല്‍ നവ സന്യാസിനികളുടെ മുഖ്യ ഗുരുനാഥയായി നിയമിക്കപ്പെട്ടു.

ജീവിതത്തില്‍ ഓരോ ചെറിയ സഹായം ലഭിക്കുമ്പോഴും 'മരിച്ചാലും മറക്കില്ലാട്ടോ' എന്ന് പറഞ്ഞ് എവുപ്രാസ്യാമ്മ അവര്‍ക്ക് നന്ദി പറയുമായിരുന്നു. അതുകൊണ്ടു തന്നെ എവുപ്രാസ്യാമ്മയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വിശ്വാസികളുടെ മനസില്‍ ആദ്യം തെളിഞ്ഞു വരുന്ന വാക്കും അതാണ്.... 'മരിച്ചാലും മറക്കില്ലാട്ടോ'.

1913 ല്‍ എവുപ്രാസ്യാ ഒല്ലൂര്‍ മഠത്തിന്റെ അധിപയായി നിയമിക്കപ്പെട്ടു. ഭാരമേറിയ ആ ജോലിയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് എവുപ്രാസ്യാ വിനയപൂര്‍വ്വം അപേക്ഷിച്ചുവെങ്കിലും അധികാരികള്‍ സമ്മതിച്ചില്ല. അതിനാല്‍ ഈശ്വര ഹിതത്തിനു വഴങ്ങി ചുമതല ഏറ്റെടുത്തു. ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഏറെ ഉണ്ടായിരുന്നിട്ടും എല്ലാക്കാര്യങ്ങളിലും എവുപ്രാസ്യാ സകലര്‍ക്കും മാതൃകയായി വിളങ്ങിയിരുന്നു.

ഏറെനാള്‍ കഴിയുന്നതിനു മുമ്പ് വാതരോഗവും അതിനോടു ബന്ധപ്പെട്ട മറ്റ് അസ്വസ്ഥതകളും വീണ്ടും എവുപ്രാസ്യായെ പിടികൂടി. അതിനാല്‍ 1916 ല്‍ എവുപ്രാസ്യാമ്മ മഠാധിപ സ്ഥാനം ഒഴിഞ്ഞു. അതിനു ശേഷം സദാ പ്രാര്‍ത്ഥനാ നിരതയായി കഴിഞ്ഞു. എപ്പോഴും ജപമാലയേന്തി നടക്കുന്ന സിസ്റ്ററിനെ 'പ്രര്‍ത്ഥിക്കുന്ന അമ്മ' എന്നാണ് ജനങ്ങള്‍ വിളിച്ചിരുന്നത്. ദിവ്യകാരുണ്യ സന്നിധിയില്‍ നിരന്തരം ചെലവഴിച്ചിരുന്നതിനാല്‍ 'സഞ്ചരിക്കുന്ന സക്രാരി' എന്നൊരു വിളിപ്പേരും എവുപ്രാസ്യാമ്മയ്ക്കുണ്ടായിരുന്നു.

1928 ല്‍ എവുപ്രാസ്യാമ്മ അമ്പഴക്കാട് മഠത്തിലേയ്ക്ക് സ്ഥലം മാറി. ഏകദേശം രണ്ടര വര്‍ഷം അവിടെ ജീവിച്ചു. ആ മഠത്തില്‍ രോഗിണികളായ സഹോദരിമാരെ ശുശ്രൂഷിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തി. 1950 ല്‍ ഒല്ലൂര്‍ മഠത്തിന്റെയും എവുപ്രാസ്യായുടെ വ്രതാനുഷ്ഠാനത്തിന്റെയും സുവര്‍ണ്ണ ജൂബിലി ആഘോഷപൂര്‍വ്വം നടത്തപ്പെട്ടു.

1952 ഓഗസ്റ്റ് 29 ന് അമ്മ നിത്യസമ്മാനത്തിനായി സ്വര്‍ഗത്തിലേയ്ക്കു യാത്രയായി. 1988 ല്‍ നാമകരണ നടപടികള്‍ ആരംഭിച്ചു. 2006 ഡിസംബര്‍ മൂന്നിന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2015 നവംബര്‍ 23 ന് ഫ്രാന്‍സീസ് മാര്‍പാപ്പ എവുപ്രാസ്യാമ്മയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി.


ഇന്നത്തെ ഇതര വിശുദ്ധര്‍

1. ട്രെവെസ്സിലെ ബിഷപ്പായ അഗ്രേസിയൂസ്

2. ക്ലൂണി മഠത്തിലെ ബെര്‍ണോ

3. ബ്രിട്ടണിലെ ഏലിയന്‍

4. ബ്രിട്ടനിയിലെ ആലത്തിലെ ബിഷപ്പായ എനോഗാത്തൂസ്

5. റോമാക്കാരനായ എവുത്തീമിയൂസ്

6. ഫ്രാന്‍സിലെ മെദെരിക്കൂസ്

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ ഇതുവരെയുള്ള ഭാഗങ്ങള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26