തിരുവനന്തപുരം: പൊലീസ് വാഹനത്തില്‍ നിന്ന് മൊബൈല്‍ മോഷ്ടിച്ചുവെന്നാരോപിച്ച് മൂന്നാം ക്ലാസുകാരിയെയും അച്ഛനെയും നാട്ടുകാരുടെ മുന്നില്‍ ആക്ഷേപിക്കുകയും പരസ്യ വിചാരണ ചെയ്യുകയും ചെയ്ത സംഭവത്തില്‍ പൊലീസുകാരിക്ക് സ്ഥലം മാറ്റം. ആറ്റിങ്ങല്‍ പിങ്ക് പൊലീസിലെ ഉദ്യോഗസ്ഥ രജിതയെ ആണ് റൂറല്‍ എസ്.പി ഓഫീസിലേക്ക് മാറ്റിയത്. ഇവര്‍ക്കെതിരെ കൂടുതല്‍ വകുപ്പുതല നടപടികളും ഉണ്ടായേക്കും.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച ആറ്റിങ്ങല്‍ ഡിവൈ.എസ്.പി പൊലീസുകാരിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് റൂറല്‍ എസ്.പിക്ക് കൈമാറിയിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും ഇവര്‍ക്കെതിരായിരുന്നു. പൊലീസുകാരിയുടെ ഭാഗത്തുനിന്നുണ്ടായത് അമിതാവേശവും ജാഗ്രതക്കുറവുമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
പൊലീസിന്റെ പീഡനത്തിനിരയായ ജയചന്ദ്രന്‍ നേരത്തേ കളഞ്ഞുകിട്ടിയ ഫോണ്‍ തിരികെ നല്‍കിയിട്ടുള്ള വ്യക്തിയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കളഞ്ഞുകിട്ടിയ വിലകൂടിയ ഫോണ്‍ തിരികെ നല്‍കിയതിന് പാരിതോഷികമായി ഫോണ്‍ ഉടമ 1000 രൂപ പാരിതോഷികവും നല്‍കിയിരുന്നു.
വെളളിയാഴ്ചയാണ് ആറ്റിങ്ങല്‍ ജംഗ്ഷനില്‍ വച്ച് ജയചന്ദ്രനേയും മകളേയും പിങ്ക് പൊലീസ് അപമാനിച്ചത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ബാലാവകാശ കമ്മീഷന്‍ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. യുവാവ് നല്‍കിയ പരാതിയില്‍ ആറ്റിങ്ങല്‍ സി.ഐയും മൊഴി രേഖപ്പെടുത്തി.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ആറ്റിങ്ങല്‍ ദേശീയപാതയില്‍ മൂന്നുമുക്കിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. മേല്‍ തോന്നയ്ക്കല്‍ മങ്കാട്ടുമൂല കോട്ടറ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ജയചന്ദ്രനും എട്ടു വയസുള്ള മകള്‍ ദേവപ്രിയയും ഐ.എസ്.ആര്‍.ഒ യിലേയ്ക്ക് കൊണ്ടുപോകുന്ന സിന്‍ടാക്‌സിന്‍ ചേമ്പറുകളുടെ നീക്കം കാണാനാണ് മൂന്നുമുക്കില്‍ എത്തിയത്. ഇവിടെ പിങ്ക്‌പൊലീസിന്റെ വാഹനം പാര്‍ക്ക് ചെയ്തതിനു സമീപത്താണ് ജയചന്ദ്രനും മകളും നിന്നത്.
ഈ സമയം അവരുടെ അടുത്തെത്തിയ പിങ്ക് പൊലീസിലെ രജിത പൊലീസ് വാഹനത്തില്‍ നിന്നും മൊബൈല്‍ മോഷ്ടിച്ചു എന്നാരോപിച്ച് യുവാവിനോട് കയര്‍ത്തു. നൂറോളം ആളുകളുടെ മുന്നില്‍ വച്ചാണ് പൊലീസുകാരി ജയചന്ദ്രനെ കള്ളനാക്കി ചിത്രീകരിച്ചത്. നാട്ടുകാര്‍ ആദ്യം ഇത് വിശ്വസിച്ചു. സംഭവം കണ്ട് ഭയന്ന കുട്ടി വാവിട്ടു കരയാന്‍ തുടങ്ങി.
ജയചന്ദ്രനെയും കുട്ടിയെയും സ്റ്റേഷനില്‍ കൊണ്ടു പോകുമെന്ന നിലവന്നപ്പോള്‍ ഈ രംഗങ്ങളെല്ലാം തുടക്കം മുതല്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്ന യുവാവ് രംഗത്തെത്തി. പൊലീസിന്റെ പ്രവൃത്തി മനുഷത്വരഹിതമാണെന്ന് പറഞ്ഞ യുവാവിനോടും പൊലീസുകാരി കയര്‍ത്തു.
മറ്റാരുടെയെങ്കിലും മൊബൈലില്‍ നിന്ന് കാണാതായ ഫോണിലേക്ക് വിളിക്കാന്‍ യുവാവ് ആവശ്യപ്പെട്ടു. മറ്റൊരു പൊലീസുകാരി കാണാതായ മൊബൈലിലെ നമ്പരിലേയ്ക്ക് വിളിച്ചപ്പോള്‍ പൊലീസ് വാഹനത്തിനുള്ളില്‍ തന്നെ മൊബൈല്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ താന്‍ ആക്ഷേപിച്ചവരോട് മാപ്പുപോലും പറയാന്‍ തയ്യാറാവാതെ പൊലീസുകാരി പോവുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.