അനുദിന വിശുദ്ധര്‍ - ഓഗസ്റ്റ് 30
അയര്‍ലണ്ടിലെ ഒരു കുലീന കുടുംബത്തിലായിരുന്നു ഫിയാക്കറിന്റെ ജനനം. ക്രിസ്തുവിനെ നേടുന്നതില്‍ ഭൗതീകമായ നേട്ടങ്ങളെല്ലാം തടസമാണെന്ന് മനസിലാക്കിയ ഫിയാക്കര്‍ ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിച്ച് ഏകാന്ത വാസം നയിക്കുവാനായി ഭക്തരായ ചില സഹചാരികള്‍ക്കൊപ്പം തന്റെ രാജ്യം വിട്ട് ഫ്രാന്‍സിലേക്ക് പോയി.
ഫ്രാന്‍സിലെ മിയൂക്‌സ് എന്ന നഗരത്തിലെത്തിയ ഫിയാക്കര്‍ അവിടുത്തെ മെത്രാനായിരുന്ന വിശുദ്ധ ഫാരോയുടെ അടുത്തെത്തി. ഫിയാക്കര്‍ മെത്രാന് സ്വയം പരിചയപ്പെടുത്തിയപ്പോള്‍ അവനിലെ നന്മയുടേയും കഴിവിന്റേയും അടയാളങ്ങള്‍ കണ്ട് പിതാവ് അതിശയപ്പെടുകയും ബ്രീ എന്ന പ്രവിശ്യയിലെ ബ്രിയൂലി എന്ന മലയില്‍ ഏകാന്ത വാസത്തിനുള്ള സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്തു.
അവിടത്തെ മരങ്ങള്‍ വെട്ടിത്തെളിച്ച് ഫിയാക്കര്‍ ഒരു ചെറിയ പര്‍ണ്ണശാല കെട്ടിയുണ്ടാക്കി. പരിശുദ്ധ കന്യകയുടെ നാമധേയത്തില്‍ ഒരു പ്രാര്‍ത്ഥനാ മുറിയും അതില്‍ ഉണ്ടാക്കി. തന്റെ ദിവസത്തിന്റെ ഭൂരിഭാഗം സമയവും ഫിയാക്കര്‍ എന്ന സന്യാസി അവിടെ പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചു.
പര്‍ണ്ണശാലയോട് ചേര്‍ന്നുള്ള സ്ഥലത്ത് സ്വന്തമായി കൃഷിയിറക്കി ഉപജീവനത്തിനാവശ്യമായവ അവിടെ നിന്നും ഉല്‍പാദിപ്പിച്ചു. അദ്ദേഹത്തിന്റെ ജീവിതരീതി ഏറെ ചിട്ടയുള്ളതും കര്‍ക്കശവുമായിരുന്നു. ക്രമേണ നിരവധി പേര്‍ ഉപദേശത്തിനും ആശ്വാസത്തിനുമായി സന്യാസി വര്യനായ ഫായാക്കറെ സന്ദര്‍ശിക്കുവാന്‍ തുടങ്ങി. ദരിദ്രര്‍ സഹായങ്ങള്‍ക്കായും എത്തി.
പിന്നീട് ഫിയാക്കര്‍ പര്‍ണ്ണശാലയില്‍ നിന്നും കുറച്ച് ദൂരെയായി അപരിചിതര്‍ക്കും തീര്‍ത്ഥാടകര്‍ക്കുമായി ഒരു ആശുപത്രി നിര്‍മ്മിച്ചു. അവിടെ അദ്ദേഹം ദരിദ്രരായ രോഗികളെ ശുശ്രൂഷിച്ചു. അനേകം രോഗികള്‍ക്ക് അവിടെ വെച്ച് രോഗശാന്തി ലഭിച്ചു. എന്നാല്‍ ഒരിക്കല്‍ പോലും സ്ത്രീകളെ തന്റെ ആശ്രമ പരിസരത്ത് പ്രവേശിക്കുവാന്‍ ഫിയാക്കര്‍ അനുവദിച്ചിരുന്നില്ല.
ഇത് ഐറിഷ് സന്യാസിമാര്‍ കണിശമായി പാലിച്ചിരുന്ന ഒരു നിയമമായിരുന്നു. തന്റെ മരണം വരെ ഫിയാക്കര്‍ ഈ നിയമം തെറ്റിച്ചിരുന്നില്ല. എന്നാല്‍ ഫ്രഞ്ചുകാരിയായ ഒരു വനിത 1620 ല്‍ തനിക്ക് ഈ നിയമമൊന്നും ബാധകമല്ല എന്ന് ഭാവിച്ച് അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനാ മുറിയില്‍ കയറി. അവിടെ വെച്ച് അവര്‍ക്ക് ബുദ്ധിഭ്രമം സംഭവിച്ചു എന്നാണ് ചരിത്രരേഖ.
ഹെക്ടര്‍ ബോയിട്ടിയൂസ്, ഡേവിഡ് കമേരാരിയൂസ്, മെത്രാനായിരുന്ന ലെസ്ലി എന്നിവരുടെ വിവരണമനുസരിച്ച് ക്ലോട്ടയര്‍ രണ്ടാമന്റെ കാലത്തെ സ്‌കോട്ട്‌ലന്റിലെ രാജാവിന്റെ മൂത്ത പുത്രനായിരുന്നു ഫിയാക്കര്‍. തന്റെ രാജ്യത്തിന്റെ പ്രതിനിധികള്‍ ഫ്രാന്‍സിലെത്തി അദ്ദേഹത്തോട് തിരികെ വന്ന് രാജ്യ ഭരണമേറ്റെടുക്കുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും 'അനശ്വരമായ കിരീടം നേടുവാനായി താന്‍ ഭൗതിക നേട്ടങ്ങളെ ഉപേക്ഷിക്കുകയാണ്' എന്നായിരുന്നു ഫിയാക്കറുടെ മറുപടി. 670 ഓഗസ്റ്റ് 30 നാണ് അദ്ദേഹം മരണപ്പെടുന്നത്.
അദ്ദേഹത്തിന്റെ സ്വന്തം പ്രാര്‍ത്ഥനാ മുറിയില്‍ തന്നെയായിരുന്നു ശരീരം അടക്കം ചെയ്തത്. ശിഷ്യന്‍മാര്‍ ആരും ഫിയാക്കറുടെ കൂടെ താമസിച്ചിരുന്നില്ല. അതിനാല്‍ മിയൂക്‌സിലെ മെത്രാനായിരുന്ന വിശുദ്ധ ഫാരോയുടെ സന്യാസിമാര്‍ ബ്രിയൂലിയിലെ ചാപ്പല്‍ പരിപാലിക്കുന്നതിനും തീര്‍ത്ഥാടകരെ സഹായിക്കുന്നതിനുമായി മൂന്ന് പുരോഹിതന്‍മാരെ നിയമിച്ചു. വിശുദ്ധ ഫിയാക്കറിന്റെ ചാപ്പല്‍ നിരന്തരമായ അത്ഭുത പ്രവര്‍ത്തനങ്ങളാല്‍ പ്രസിദ്ധമാണ്.
1568 ല്‍ വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ മിയൂക്‌സിലെ കത്തീഡ്രലിലേക്ക് മാറ്റിയെങ്കിലും കുറച്ച് ഭാഗം ബ്രിയൂലിയില്‍ സൂക്ഷിച്ചിരുന്നു. ഫ്‌ളോറെന്‍സിലെ നാടുവാഴികള്‍ക്ക് 1527 ലും 1695 ലും ഈ തിരുശേഷിപ്പിലെ കുറച്ച് ഭാഗങ്ങള്‍ ലഭിക്കുകയും അത് അവര്‍ ടോപ്പയായില്‍ ഒരു ചാപ്പല്‍ പണിത് സൂക്ഷിക്കുകയും ചെയ്തു. ബ്രീ പ്രവിശ്യയുടെ മാധ്യസ്ഥനായ വിശുദ്ധ ഫിയാക്കറിന്റെ നാമധേയത്തില്‍ നിരവധി ദേവാലയങ്ങള്‍ ഫ്രാന്‍സില്‍ ഉണ്ട്.
വിശുദ്ധന്റെ നാമം ഫ്രാന്‍സില്‍ പ്രസിദ്ധമായി തീര്‍ന്നിട്ട് ആയിരത്തിലധികം വര്‍ഷമായി. വിശുദ്ധ ഫിയാക്കറിന്റെ മാധ്യസ്ഥതയാല്‍ നിരവധി അത്ഭുതങ്ങള്‍ നടന്നിട്ടുള്ളതായി ചരിത്ര രേഖകള്‍ പറയുന്നു. മിയൂക്‌സിലെ മെത്രാനായിരുന്ന എം. സെഗൂയിര്‍, ബ്ലോയിസിലെ പ്രഭുവായിരുന്ന ജോണ്‍ ഒന്നാമന്‍ എന്നിവര്‍ വിശുദ്ധന്റെ മാധ്യസ്ഥതയാല്‍ തങ്ങള്‍ക്ക് ലഭിച്ച രോഗ ശാന്തിയെക്കുറിച്ച് ആധികാരികമായ സാക്ഷ്യം നല്‍കിയിട്ടുണ്ട്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ഇക്വഡോറിലെ നാര്‍സിസാ ദെജേസൂസ്
2. റോമന്‍ രക്തസാക്ഷികളായ ഫെലിക്‌സും അഡൗക്തൂസും
3. അയിമോ
4. അജിലൂസ്
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26