ഭീഷണി തീവ്രമാക്കി ഉത്തര കൊറിയ; ആണവായുധ ഇന്ധന ഉത്പാദനം പുനരാരംഭിച്ചെന്ന് യു.എന്‍ ആണവ ഏജന്‍സി

 ഭീഷണി തീവ്രമാക്കി ഉത്തര കൊറിയ; ആണവായുധ ഇന്ധന ഉത്പാദനം പുനരാരംഭിച്ചെന്ന് യു.എന്‍ ആണവ ഏജന്‍സി

വാഷിംഗ്ടണ്‍: ആണവായുധ വികസനത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന ലോക രാഷ്ട്രങ്ങളുടെ ആവശ്യം മാനിക്കാതെ ഉത്തര കൊറിയയുടെ നീക്കം. ആണവായുധത്തിനുള്ള ഇന്ധനങ്ങള്‍ ഉത്പാദിപ്പിക്കാന്‍ ഉത്തര കൊറിയയുടെ പ്രധാന ആണവ റിയാക്ടര്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതായി വിവരം കിട്ടിയെന്ന് യു.എന്‍ ആണവ ഏജന്‍സി അറിയിച്ചു.അമേരിക്കയുമായുള്ള ദീര്‍ഘകാല നിഷ്‌ക്രിയ ആണവ നയതന്ത്രത്തോട് (long-dormant nuclear diplomacy) ഉത്തര കൊറിയ തുടര്‍ന്നുവരുന്ന അവ്യക്ത നിലപാടിനിടെയാണ് ആശങ്ക ജനിപ്പിക്കുന്ന വിവരം ഏജന്‍സി പുറത്തുവിട്ടത്.

ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയുടെ (IAEA) വാര്‍ഷിക റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് പ്യോങ്യാങ്ങിന്റെ വടക്ക് യോംഗ്ബിയോണിലെ പ്രധാന ഉത്തര കൊറിയന്‍ ആണവ സമുച്ചയത്തിലെ 5 മെഗാവാട്ട് റിയാക്ടറിനെയാണ്. അതീവ സമ്പുഷ്ട യുറേനിയത്തിനു (highly enriched uranium) പുറമേ ആണവ ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പ്രധാന ചേരുവകളിലൊന്നായ പ്ലൂട്ടോണിയവും (plutonium) ഇവിടെ ഉത്പാദിപ്പിക്കുന്നു.'2021 ജൂലൈ ആദ്യം മുതല്‍, റിയാക്ടറിന്റെ പ്രവര്‍ത്തനത്തിന് അനുസൃതമായി, തണുത്ത വെള്ളം പുറന്തള്ളുന്നത് ഉള്‍പ്പെടെയുള്ള സൂചനകള്‍ ഉണ്ടായിരുന്നു,'- റിപ്പോര്‍ട്ട് പറയുന്നു.

ഈ വര്‍ഷം ഫെബ്രുവരി പകുതി മുതല്‍ ജൂലൈ ആദ്യം വരെ യോംഗ്ബിയോണില്‍ റേഡിയോ കെമിക്കല്‍ ലബോറട്ടറി പ്രവര്‍ത്തന നിരതമായിരുന്നു.നിര്‍വീര്യമായി റിയാക്ടറുകളില്‍ നിന്ന് നീക്കം ചെയ്ത ഇന്ധന ദണ്ഡുകള്‍ (fuel rods) വീണ്ടും സംസ്‌കരിച്ച് പ്ലൂട്ടോണിയം വേര്‍തിരിച്ചെടുക്കാന്‍ സൗകര്യമുള്ള ലബോറട്ടറിയാണിത്.


ഉത്തര കൊറിയയുടെ ആയുധക്കൊതിയെ നിയന്ത്രിക്കാന്‍ ഏതറ്റംവരേയും പോകുമെന്ന് അമേരിക്കയും ജപ്പാനും ദക്ഷിണ കൊറിയയും ഇടയ്ക്കിടെ മുന്നറിയിപ്പു നല്‍കുന്നുണ്ടെങ്കിലും അതൊന്നും അത്ര ഗൗരവത്തോടെ എടുക്കുന്നില്ല ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ . ചൈനയുമായി പ്രതിരോധ പങ്കാളിത്തമുണ്ടാക്കിയാണ് കിം ആയുധനിര്‍മ്മാണത്തില്‍ മുന്നേറുന്നത്. വൈറ്റ്ഹൗസ് ആകട്ടെ ഉത്തര കൊറിയയുടെ ആണവ ആയുധ നിര്‍മ്മാണം നിയന്ത്രിക്കാന്‍ നടപടിയെടുക്കുമെന്ന് പല തവണ അറിയിച്ചിരുന്നു.

ഉത്തര കൊറിയ രണ്ട് അതിദൂര ബാലിസ്റ്റിക് മിസൈലുകള്‍ ജപ്പാന്റെ അതിര്‍ത്തിയിലേക്ക് അയച്ചും പരീക്ഷണം നടത്തി. അതിന് ശേഷമാണ് അമേരിക്കയ്ക്കൊപ്പം ജപ്പാനും ശക്തമായ നീക്കം നടത്തുന്നത്.അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക് സളളിവന്‍, ജപ്പാന്റെ ഷെന്‍ഗുരു കിറ്റാമറ, ദക്ഷിണ കൊറിയയുടെ സൂ ഹൂന്‍ എന്നിവര്‍ ഏപ്രിലില്‍ വാഷിംഗ്ടണില്‍ ഒരുമിച്ച് കൂടി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.

ഉത്തര കൊറിയ ആണവശക്തിയായി മാറുകയാണെന്നും ചൈനയുമായുള്ള പങ്കാളിത്തം കൂടുതല്‍ അപകടത്തിലേക്ക് നയിക്കുമെന്നുമുള്ള ദക്ഷിണ കൊറിയയുടെ മുന്നറിയിപ്പിനെ അമേരിക്കയും ജപ്പാനും സ്ഥിരീകരിച്ചിരുന്നു.ഇതിനിടെ അമേരിക്കയുമായി ദക്ഷിണ കൊറിയയുടെ പങ്കാളിത്തത്തിനെതിരെ കിം ജോംഗ് ഉന്‍ ഭീഷണിയും മുഴക്കി. ഉറക്കമില്ലാത്ത രാത്രികള്‍ ജോ ബൈഡനെ കാത്തിരിക്കുന്നുവെന്ന പ്രകോപനപരമായ സന്ദേശമാണ് കിം ജോംഗ് ഉന്‍ നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.