അനുദിന വിശുദ്ധര്‍ - ഓഗസ്റ്റ് 31
സ്‌പെയിനിലെ കാറ്റലോണിയയില്‍ നിന്നുള്ള വിശുദ്ധനാണ് റെയ്മണ്ട് നൊണ്ണാത്തൂസ്. റെയ്മണ്ട് ജനിക്കുന്ന സമയത്ത് മാതാവ് മരണപ്പെട്ടതിനാല്‍ ശസ്ത്രക്രിയയിലൂടെ വയറ് കീറിയാണ് കുട്ടിയെ പുറത്തെടുത്തത്. അതിനാലാണ് അദ്ദേഹത്തിന് നൊണ്ണാത്തൂസ് (Non - natsu) എന്ന ഇരട്ടപ്പേര് ലഭിച്ചത്.
ലാന്‍ഗ്യൂഡോക്ക് സ്വദേശിയായിരുന്ന വിശുദ്ധ പീറ്റര്‍ നൊളാസ്‌കോ പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മുസ്ലീം വംശജരായ മൂറുകളുടെ തടവില്‍ കഴിയുന്ന ക്രൈസ്തവരുടെ മോചനത്തിനായി മേഴ്‌സിഡാരിയന്‍സ് എന്ന് പേരായ ഒരു ആത്മീയ സഭ സ്ഥാപിച്ചു.
തന്റെ സഭയിലേക്ക് അദ്ദേഹം ക്ഷണിച്ചവരില്‍ റെയ്മണ്ടും ഉണ്ടായിരുന്നു. പിന്നീട് തടവ് പുള്ളികളുടെ മോചകന്‍ എന്ന നിലയില്‍ നിന്നും പീറ്റര്‍ നൊളാസ്‌കോ വിരമിച്ചപ്പോള്‍ റെയ്മണ്ട് നൊണ്ണാത്തൂസ്
ആയിരുന്നു അദ്ദേഹത്തിന്റെ പിന്‍ഗാമിയായി തീര്‍ന്നത്. തുടര്‍ന്ന് റെയ്മണ്ട് അള്‍ജിയേഴ്‌സിലേക്ക് പോവുകയും നിരവധി ക്രിസ്ത്യാനികളുടെ മോചനം സാധ്യമാക്കുകയും ചെയ്തു.
എന്നാല്‍ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ റെയ്മണ്ടിന്റെ കൈവശമുണ്ടായിരുന്ന ധനമെല്ലാം തീര്‍ന്നു. അദ്ദേഹത്തിന് സ്വയം രക്ഷപ്പെടാമായിരുന്നുവെങ്കിലും നിരവധി പേരെ അടിമകളായി അവിടെ ഉപേക്ഷിക്കേണ്ടി വരുമെന്നതിനാല്‍ റെയ്മണ്ട് അവരുടെ മോചനത്തിനായി തന്നെത്തന്നെ മൂറുകള്‍ക്ക് സമര്‍പ്പിച്ചു.
ക്രൂരന്‍മാരായ മൂറുകളുടെ തടവറയില്‍ റെയ്മണ്ടിന്റെ ജീവന്‍ അപകടത്തിലായിരുന്നു. മുസ്ലീങ്ങളായ തങ്ങളില്‍ ചിലരെ മതപരിവര്‍ത്തനം ചെയ്തു എന്നാരോപിച്ച് രണ്ടു പ്രാവശ്യം അദ്ദേഹത്തെ കുത്തിക്കൊല്ലാന്‍ അള്‍ജിയേഴ്‌സിലെ മൂറുകള്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
തുടര്‍ന്ന് അവിടത്തെ ഗവര്‍ണര്‍ അദ്ദേഹത്തെ ഒരു സ്തംഭത്തില്‍ ബന്ധിച്ച് കൊലപ്പെടുത്തുവാന്‍ നിശ്ചയിച്ചുവെങ്കിലും റെയ്മണ്ട് നൊന്നാറ്റൂസിനെ പോലെയുള്ള ഒരു ക്രിസ്ത്യാനിക്ക് മാത്രം വളരെ വലിയ മോചനദ്രവ്യം ലഭിക്കും എന്ന വസ്തുത മനസിലാക്കിയതിനാല്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷപ്പെട്ടു. എങ്കിലും റെയ്മണ്ട് ക്രിസ്തുമത പ്രചാരണം നിര്‍ത്തിയില്ല.
ഇതേ തുടര്‍ന്ന് തെരുവുകളില്‍ വെച്ച് പരസ്യമായി അദ്ദേഹത്തെ ചമ്മട്ടികൊണ്ടടിക്കുകയും ചുണ്ടുകള്‍ തുളച്ച് താഴിട്ട് പൂട്ടുകയും ചെയ്തു. താക്കോല്‍ ഗവര്‍ണര്‍ സൂക്ഷിച്ചു. ഭക്ഷണ സമയത്ത് മാത്രം നല്‍കിപ്പോന്നു. എട്ടു മാസം ഇപ്രകാരം ബന്ധിതനായി ഒരു ഇരുട്ടു മുറിയില്‍ കിടന്നു.
അധികം വൈകാതെ മോചന ദ്രവ്യവുമായി പീറ്റര്‍ നൊളാസ്‌കോ തന്നെ നേരിട്ടെത്തി. അപ്പോഴും കൂടുതല്‍ പേരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുവാന്‍ കഴിയും എന്ന പ്രതീക്ഷയില്‍ അവിടെ തന്നെ തുടരാനായിരുന്നു റെയ്മണ്ട് ആഗ്രഹിച്ചിരുന്നത്. പക്ഷേ പീറ്റര്‍ നൊളാസ്‌കോ അത് അനുവദിച്ചില്ല. പിന്നീട് സ്‌പെയിനില്‍ തിരിച്ചെത്തിയ ശേഷം ഗ്രിഗറി ഒമ്പതാമന്‍ മാര്‍പാപ്പാ അദ്ദേഹത്തെ കര്‍ദ്ദിനാളായി അഭിഷേകം ചെയ്തു.
വൈകാതെ കാര്‍ഡിനല്‍ റെയ്മണ്ട് നൊണ്ണാത്തൂസിനെ മാര്‍പ്പാപ്പ സേവനത്തിനായി റോമിലേക്ക് വിളിച്ചു. എന്നാല്‍ അവിടേക്കുള്ള യാത്രയില്‍ ബാഴ്‌സിലോണയ്ക്ക് സമീപമുള്ള കര്‍ദോണിയിലെത്തിയപ്പോഴേക്കും അദ്ദേഹം രോഗ ബാധിതനാവുകയും അവിടെ വെച്ച് 1240 ഓഗസ്റ്റ് 31 ന് തന്റെ മുപ്പത്താറാം വയസില്‍ റെയ്മണ്ട് നൊണ്ണാത്തൂസ് ദൈവ സന്നിധിയിലേക്ക് യാത്രയാവുകയും ചെയ്തു. 1657 ല്‍ അലക്‌സാണ്ടര്‍ഏഴാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ഇംഗ്ലണ്ടിലെ അയിഡാന്‍
2. വല്ലാനയിലെ അല്‍ബെര്‍ത്തീനൂസ്
3. നേപ്പിള്‍സിനു സമീപത്ത് നൂസ്‌കോ ബിഷപ്പായിരുന്ന അമാത്തൂസ്
4. കപ്പദോച്യായിലെ തെയോഡോട്ടസ്
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്കു ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.