ആലപ്പുഴ: ദേശീയപാതയിലേക്ക് വഴി വേണമെങ്കില്‍ ഇനി 2.85 ലക്ഷം ഫീസടയ്ക്കണമെന്ന് ദേശീയപാത അതോറിറ്റിയുടെ നിർദേശം. ദേശീയപാത 66 ആറുവരിയിൽ പുനർനിർമിക്കുന്നതോടെയാണ് പ്രവേശനാനുമതിക്കുള്ള(ആക്സസ് പെർമിഷൻ) നടപടി കർശനമാക്കിയത്. മെട്രോനഗരങ്ങളിൽ മാത്രമായിരുന്നു ഇതുവരെ നിയമംകൃത്യമായി പാലിക്കപ്പെട്ടത്. എന്നാൽ, ആറുവരിപ്പാത വരുന്നതോടെ എല്ലായിടത്തും നിയമപ്രകാരമുള്ള നടപടിയെടുക്കാനാണു നിർദേശം.
പാതയോരത്തെ അനധികൃത പാർക്കിങ് ഒഴിവാക്കാനും കെട്ടിടങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കുമുള്ള വാഹനസഞ്ചാരം പാതയിലെ ഗതാഗതത്തിനു തടസമാകാതിരിക്കാനും മറ്റുമായി 2002-ലാണ് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച നിയമം നടപ്പാക്കിയത്.
വീടുകൾക്കും ഒറ്റമുറിക്കടകൾക്കും കൃഷിയിടങ്ങൾക്കും പ്രവേശനാനുമതി ഫീസ് ഈടാക്കില്ല. എന്നാൽ, ഇവരും അനുമതിക്കപേക്ഷിക്കണം. സ്വകാര്യ വാണിജ്യസ്ഥാപനങ്ങൾ ഒറ്റത്തവണ അനുമതിവാങ്ങിയാൽ മതിയാകും. പെട്രോൾ ബങ്കുകൾക്ക് അനുമതിക്കാലം 15 വർഷമാണ്.
ഒരു സ്ഥാപനത്തിലേക്കു പരമാവധി 12 മീറ്റർ വീതിയിലുള്ള വഴിക്കേ അനുമതിലഭിക്കൂ. പാതയിലേക്കു മഴവെള്ളം, മലിനജലം എന്നിവ ഒഴുക്കാൻ പാടില്ല. ദേശീയപാതയോരത്തു നിർമിതികൾക്ക് അനുമതിനൽകുമ്പോൾ റോഡിന്റെ അതിർത്തിയിൽനിന്നു നിശ്ചിത അകലമുണ്ടാകണമെന്നതു നിർബന്ധമാണ്. സമതലപ്രദേശങ്ങളിൽ നിർമിതികളുടെ വലുപ്പമനുസരിച്ച് മൂന്നുമുതൽ ആറുവരെമീറ്റർ അകലം വേണം. മലയോരമേഖലകളിൽ മൂന്നുമുതൽ അഞ്ചുവരെ മീറ്ററും.
അതേസമയം പാതയുടെ ഇരുവശത്തുമുള്ള സ്വകാര്യസ്ഥാപനങ്ങൾ, പെട്രോൾ ബങ്കുകൾ, വാണിജ്യസ്ഥാപനങ്ങൾ തുടങ്ങിയവയുടെ നിർമാണത്തിനുമുൻപ് കേന്ദ്രറോഡ് ഗതാഗത ഹൈവേമന്ത്രാലയവും എൻഎച്ച്എഐയും നിർദേശിക്കുന്ന രീതിയിൽ പ്രവേശനാനുമതിക്കപേക്ഷിക്കണം.
പ്രവേശന അനുമതിയില്ലാത്തവർക്കു തദ്ദേശസ്ഥാപനങ്ങൾ നിർമാണാനുമതി നൽകരുതെന്നാണു നിർദേശം. 2.85 ലക്ഷം രൂപയാണ് പ്രവേശനാനുമതി ഫീസിനത്തിൽ നൽകേണ്ടത്. കൺസൽട്ടിങ് സ്ഥാപനം സർവീസ് ചാർജായി പെട്രോൾ ബങ്കുകളിൽനിന്നു മൂന്നരലക്ഷം രൂപയും സ്വകാര്യ-വാണിജ്യ സ്ഥാപനങ്ങളിൽനിന്നു രണ്ടരലക്ഷം രൂപയും അധികമായി ഈടാക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.