കോവിഡ് പ്രതിരോധത്തിന് ഇ സഞ്ജീവനി ശക്തിപ്പെടുത്തി; എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഒപികള്‍ നടത്തുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി

കോവിഡ് പ്രതിരോധത്തിന്  ഇ സഞ്ജീവനി ശക്തിപ്പെടുത്തി; എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഒപികള്‍ നടത്തുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി. കൂടുതല്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ഉള്‍പെടുത്തി പ്രവർത്തനം ഊർജിതമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ശിശു ഹൃദ്രോഗ വിഭാഗം ഒപിയും ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്ററിന്റെ (സി.ഡി.സി) സ്‌പെഷ്യാലിറ്റി ഒ.പിയുമാണ് പുതുതായി തുടങ്ങുന്നത്. എല്ലാ ചൊവാഴ്ചകളിലും ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെയുള്ള ശ്രീ ചിത്രയുടെ ഒപിയിലൂടെ 20 ലേറെ സേവനങ്ങള്‍ ലഭ്യമാകുന്നതാണ്. ഇതുവഴി സി.ഡി.സിയിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കി കുട്ടികള്‍ക്ക് വീട്ടില്‍ ഇരുന്നു തന്നെ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും.

കോവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ ഇ സഞ്ജീവനിയിലൂടെ കഴിയുന്നതാണ്. 4365 ഡോക്ടര്‍മാരാണ് സേവനം നല്‍കുന്നത്. സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പടെ 47ല്‍ പരം ഒ.പി സേവനങ്ങളാണ് നല്‍കുന്നത്. സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി ഒരു ദിവസം രണ്ട് ജില്ലകളിലെ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരും കൂടാതെ ഡി എം ഇയുടെ കീഴിലുള്ള എല്ലാ മെഡിക്കല്‍ കോളേജുകളില്‍ നിന്നുമുള്ള ഡോക്ടര്‍മാരുടെയും സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്.

കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നേരിട്ട് പോയി തുടര്‍ചികിത്സ നടത്തുന്നവരും ടെലി മെഡിസിന്‍ സേവനം ഉപയോഗിക്കാവുന്നതാണ്. കോവിഡ് ഒ.പി എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാണ്. എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് ജനറല്‍ ഒപി പ്രവര്‍ത്തിക്കുന്നത്. ഏത് വിധത്തിലുള്ള അസുഖങ്ങള്‍ക്കും ചികിത്സ സംബന്ധമായ സംശയങ്ങള്‍ക്കും സേവനം തേടാം. ഇതുവരെ 2.45 ലക്ഷം പേരാണ് ഇ സഞ്ജീവനി സേവനം ഉപയോഗിച്ചത്.

അതേസമയം വീട്ടിലിരുന്നും ഡോക്ടറെ കാണാൻ സാധിക്കും. https://esanjeevaniopd.in/ എന്ന വെബ് സൈറ്റ് വഴിയോ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US എന്ന ആപ്ലിക്കേഷനോ അതിനായി ഉപയോഗിക്കാവുന്നതാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് മരുന്നുകള്‍ വാങ്ങാനും പരിശോധനകള്‍ നടത്താനും തുടര്‍ന്നും സേവനം തേടാനും സാധിക്കുന്നു. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.