ദോഹ / കാബൂള്‍: കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളം എത്രയും വേഗം വീണ്ടും പ്രവര്‍ത്തന സജ്ജമാക്കുന്നതിനു വേണ്ടി താലിബാന്‍ നെതര്‍ലാന്‍ഡിന്റെ സഹായം തേടുന്നു. ദോഹയിലെ തങ്ങളുടെ രാഷ്ട്രീയ ഓഫീസ് മേധാവി ഷെര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സായ്, നെതര്‍ലാന്‍ഡില്‍ നിന്നുള്ള വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്ന് താലിബാന്‍ വക്താവ് മുഹമ്മദ് നയീം പറഞ്ഞു. യൂറോപ്യന്‍ യൂണിയനിലെ ഏതെങ്കിലും രാജ്യവുമായുള്ള ആദ്യ നയതന്ത്ര ബന്ധത്തിനാണ് ഇതോടെ താലിബാന്‍ തുടക്കം കുറിക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും നെതര്‍ലാന്‍ഡ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയതായി നയീം അറിയിച്ചു.അഫ്ഗാനിസ്ഥാന്റെ ടെലിവിഷന്‍ വാര്‍ത്താ ചാനലായ ടോളോ ന്യൂസിന്റെ അഭിപ്രായത്തില്‍, യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തെ അനന്തര പ്രവര്‍ത്തനങ്ങള്‍ക്ക് അഫ്ഗാനികളുടെയും വിദേശ പൗരന്മാരുടെയും യാത്ര അനിവാര്യമാക്കേണ്ടതിന്റെ പ്രാധാന്യം താലിബാന്‍ തിരിച്ചറിയുന്നുണ്ട്.
വ്യോമയാന മേഖലയിലെ വിദഗ്ധരുടെ സഹായത്തോടെ എല്ലാ മേഖലകളും പുനക്രമീകരിക്കാനാണ് താലിബാന്റെ ശ്രമം. അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം വീണ്ടും തുടങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ നടത്താന്‍ ഖത്തറില്‍ നിന്നുള്ള വ്യോമയാന വിദഗ്ധര്‍ കഴിഞ്ഞ ദിവസം കാബൂളില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
വിമാനത്താവളം വീണ്ടും തുറക്കാന്‍ ആവശ്യമായ സാങ്കേതിക സഹായം ഖത്തര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും താലിബാന്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തില്ല. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞിരുന്നു. ഖത്തര്‍ വഴിയാണോ ഡച്ച് വിദഗ്ധര്‍ കാബൂളിലെത്തുകയെന്ന കാര്യം വ്യക്തമല്ല. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ വിമാനത്താവളം പഴയത് പോലെയാക്കുക, സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കുക തുടങ്ങിയവയാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്.
അതേസമയം ആളുകളെ ഒഴിപ്പിക്കാനുള്ള വിദേശരാജ്യങ്ങളുടെ ശ്രമത്തിനിടെ വിമാനത്താവളത്തിന് ധാരാളം നഷ്ടങ്ങള്‍ വന്നിട്ടുണ്ടെന്ന് താലിബാന്‍ നേതാവായ അനസ് ഹഖാനി പറഞ്ഞു. വിമാനത്താവളം എത്രയും വേഗം പഴയത് പോലെയാക്കാനുള്ള ശ്രമങ്ങള്‍ നടത്തും. പഴയത് പോലെ എല്ലാ വിമാനങ്ങള്‍ക്കും സര്‍വീസ് നടത്താനുള്ള സൗകര്യം ഉണ്ടാകുമെന്നും ഹഖാനി പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്ക സൈന്യത്തെ പിന്‍വലിച്ച്് ദിവസങ്ങള്‍ക്കകം തന്നെ താലിബാന്‍ നേതൃത്വം ദോഹയിലെ രാഷ്ട്രീയ ഓഫീസ് വഴി നിരവധി രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ ശരമം തുടങ്ങിയിരുന്നു.ഇതിന്റെ ഭാഗമായി ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തലിനെ താലിബാന്‍ നേതാവ് സ്റ്റാനെക്സായ് കണ്ടു. 90 കളില്‍ രൂപീകൃതമായ ശേഷം താലിബാനുമായി ഇന്ത്യ ഔദ്യോഗികമായി നടത്തിയ ആദ്യ സമ്പര്‍ക്കമായിരുന്നു അത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.