മെല്‍ബണ്‍: ഓസ്ട്രേലിയന്‍ സംസ്ഥാനമായ വിക്ടോറിയയില്‍ ലൈംഗിക തൊഴില്‍ നിയമപരമായി അംഗീകരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് സര്‍ക്കാര്‍. നിരവധി ന്യായീകരണങ്ങള്‍ നിരത്തിയാണ് സര്‍ക്കാര്‍ നിയമപരിഷ്‌കരണത്തിന് ഒരുങ്ങുന്നത്. ലൈംഗിക തൊഴില്‍ മറ്റേതൊരു തൊഴില്‍ മേഖലയും പോലെയാണെന്നും കുറ്റകൃത്യമായി കാണേണ്ടതില്ലെന്നുമുള്ള വാദമാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്.
ക്രൈസ്തവ സംഘടനകളില്‍നിന്ന് ഉള്‍പ്പെടെ കടുത്ത എതിര്‍പ്പുകള്‍ നേരിടുമ്പോഴും ലൈംഗിക ജോലി കുറ്റകൃത്യമല്ലാതാക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. റീസണ്‍ പാര്‍ട്ടി എം.പി ഫിയോണ പാറ്റണിന്റെ ശിപാര്‍ശയെത്തുടര്‍ന്നാണ് ഡാനിയല്‍ ആന്‍ഡ്രൂസ് സര്‍ക്കാര്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നവരെ വ്യാപാര നിയമങ്ങളുടെ പരിധിയില്‍ കൊണ്ടുവരാനൊരുങ്ങുന്നത്.
ലൈംഗിക തൊഴിലുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നില്ലെന്ന ആക്ഷേപത്തെതുടര്‍ന്നാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.
നിലവില്‍ വിക്ടോറിയയില്‍, ലൈംഗിക തൊഴില്‍ നിയമാനുസൃതമായ ഒരു മാതൃകയിലാണ് പ്രവര്‍ത്തിക്കുന്നത്. 1994 ലെ സെക്‌സ് വര്‍ക്ക് ആക്റ്റില്‍ പറഞ്ഞിരിക്കുന്ന ചില വ്യവസ്ഥകള്‍ക്കനുസൃതമായി മാത്രമേ ഒരാള്‍ക്ക് ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാനാകൂ. നിലവിലുള്ള ലൈസന്‍സിംഗ് സംവിധാനം കാലഹരണപ്പെട്ടതാണെന്ന നിഗമനത്തിലാണ് സര്‍ക്കാര്‍ നിയമപരിഷ്‌കരണത്തിനൊരുങ്ങൂന്നത്.
ലൈസന്‍സ് ഇല്ലാത്ത ലൈംഗിക തൊഴിലാളികള്‍ക്ക് നിലവില്‍ സര്‍ക്കാരില്‍നിന്നുള്ള ആരോഗ്യ പരിരക്ഷ, നിയമപരമായ പിന്തുണ ഉള്‍പ്പെടെ യാതൊരു അടിസ്ഥാന സേവനങ്ങളും ലഭ്യമല്ല.
നിയമപരിഷ്‌കരണത്തിലൂടെ ലൈംഗികത്തൊഴിലാളികളുടെ സുരക്ഷ, ആരോഗ്യം, മനുഷ്യാവകാശങ്ങള്‍ എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ലഭിക്കും. അതേസമയം ഈ തൊഴില്‍ അപമാനവും കുറ്റകൃത്യമാണെന്ന ഭയം കുറയ്ക്കുകയും ചെയ്യും.
വിക്ടോറിയയിലുടനീളം ലൈംഗിക ജോലി നിയമപരമാക്കാനാണ് സര്‍ക്കാര്‍ നീക്കം. വര്‍ക്ക്സേഫും ആരോഗ്യവകുപ്പും പോലുള്ള ഏജന്‍സികള്‍ ഈ തൊഴില്‍ മേഖലയെ നിയന്ത്രിക്കും.
അതേസമയം ലൈംഗിക തൊഴില്‍ എല്ലാ നിയന്ത്രണങ്ങള്‍ക്കും അതീതമല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, പരിചരണ കേന്ദ്രങ്ങള്‍, കുട്ടികളുടെ സേവന കേന്ദ്രങ്ങള്‍ എന്നിവയ്ക്കു സമീപം നിയന്ത്രണങ്ങള്‍ തുടരും.
ലൈംഗിക തൊഴിലിനു വേണ്ടിയുള്ള മനുഷ്യക്കടത്ത് ഗുരുതരമായ കുറ്റകൃത്യമായി തുടരും. നിയമ പരിഷ്‌കരണത്തോടെ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ടുചെയ്യാന്‍ ലൈംഗികത്തൊഴിലാളികള്‍ ഭയപ്പെടില്ലെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. സുതാര്യത വര്‍ധിക്കുന്നതോടെ ഈ മേഖലയില്‍ ക്രിമിനലുകള്‍ നുഴഞ്ഞുകയറുന്നതിനെ തൊഴിലാളികള്‍ നിരുത്സാഹപ്പെടുത്തും. ലൈംഗിക ആവശ്യത്തിനു വേണ്ടി സ്ത്രീകളെ കടത്തുന്നത്, ബലാല്‍സംഗം, കുട്ടികളെ ദുരുപയോഗിക്കുന്നത് തുടങ്ങിയവയും കുറ്റകൃത്യമായി തുടരും.
എതിര്‍പ്പുമായി ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി
ലൈംഗിക തൊഴിലിനെ രാജ്യത്തെ വ്യാപാര നിയമങ്ങളുടെ പരിധിയില്‍പെടുത്തി പരിഷ്‌കരിക്കുന്നതിലൂടെ തെരുവ് വേശ്യാവൃത്തിക്കും മനുഷ്യക്കടത്തുകാര്‍ക്കും നിലവിലുള്ള തടസങ്ങള്‍ നീങ്ങുമെന്ന് ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി (എ.സി.എല്‍) വിക്ടോറിയന്‍ കോര്‍ഡിനേറ്റര്‍ ജാസ്മിന്‍ യുയന്‍ പറഞ്ഞു.
ദാരിദ്ര്യം മൂലമോ താമസിക്കാന്‍ ഒരിടം ഇല്ലാത്തതു മൂലമോ വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞ സ്ത്രീകളുടെ ജീവിതം കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടാന്‍ ഇതു കാരണമാകും.
വേശ്യാവൃത്തിയെ അനുകൂലിക്കുന്നവര്‍ അവകാശപ്പെടുന്നതുപോലെ സ്ത്രീകള്‍ സ്വമേധയാ ആണ് ഈ തൊഴില്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍, എന്തുകൊണ്ടാണ് പിന്നോക്ക വിഭാഗക്കാരും പാര്‍ശ്വവത്കരിക്കപ്പെട്ട സ്ത്രീകളും കൂടുതലായി ഈ തൊഴിലില്‍ ഏര്‍പ്പെടുന്നതെന്ന് ചിന്തിക്കണമെന്ന് ജാസ്മിന്‍ യുയന്‍ പറഞ്ഞു.
23 വയസില്‍ താഴെയുള്ളവര്‍ക്കിടയില്‍ 2004-ല്‍ നടത്തിയ പഠനത്തില്‍, ലൈംഗിക ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന 80% യുവതികളും ബാല്യത്തില്‍ പീഡനം ഏറ്റുവാങ്ങിയവരാണെന്നു കണ്ടെത്തിയിരുന്നു. ന്യൂ സൗത്ത് വെയില്‍സ് ഉള്‍പ്പെടെ ലൈംഗിക തൊഴിലിനെ വാണിജ്യപരമായി അംഗീകരിച്ചിട്ടുള്ള ലോകത്തെ എല്ലാ സ്ഥലങ്ങളിലും മനുഷ്യക്കടത്തും മറ്റ് അനുബന്ധ കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ജാസ്മിന്‍ യുയന്‍ പറഞ്ഞു.
ന്യൂ സൗത്ത് വെയില്‍സിലെ ലൈംഗിക തൊഴില്‍ നിയമത്തെ ഉദ്ധരിച്ച് ആ സംസ്ഥാനത്തെ പോലീസ് സെക്‌സ് ക്രൈംസ് സ്‌ക്വാഡിന്റെ തലവന്‍ 2017-ല്‍ പറഞ്ഞത്, വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നവരെ പിടികൂടാനോ അതു തടയാനോ മാര്‍ഗമില്ല എന്നാണ്. അദ്ദേഹത്തിന്റെ ഈ പ്രസ്താവന വിക്ടോറിയന്‍ എം.പിമാര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ്.
ന്യൂ സൗത്ത് വെയില്‍സിലെ പരാജയപ്പെട്ട നിയമ മാതൃകയില്‍നിന്ന് വിക്ടോറിയ പാഠം ഉള്‍ക്കൊള്ളണം. ന്യൂ സൗത്ത് വെയില്‍സില്‍ എവിടെയും ലൈംഗിക തൊഴിലിനുള്ള പാര്‍ലറുകള്‍ തുറക്കാമെന്ന അവസ്ഥയാണ്. സ്‌കൂളുകള്‍, പഠന കേന്ദ്രങ്ങള്‍, പാര്‍പ്പിട മേഖലകള്‍ എന്നിവയ്ക്കു സമീപം ഇത്തരം പാര്‍ലറുകള്‍ തുറക്കുന്നത് തടയാന്‍ ആര്‍ക്കും കഴിയുന്നില്ല. ന്യൂ സൗത്ത് വെയില്‍സിന്റെ അനുഭവം വിക്ടോറിയയില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും ജാസ്മിന്‍ യുവന്‍ കൂട്ടിച്ചേര്‍ത്തു. നിയമനിര്‍മ്മാണത്തിന് അന്തിമരൂപം നല്‍കുന്നതിനുമുമ്പ് വരും ദിവസങ്ങളില്‍ ഈ മാതൃകയെക്കുറിച്ച് സര്‍ക്കാര്‍ വിശദമായി വിലയിരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.