ക്രൂശിത രൂപം തകർത്തത് ഇസ്രയേൽ സൈനികൻ തന്നെ; സ്ഥിരീകരണവുമായി ഐഡിഎഫ്, നടപടിക്ക് ഉത്തരവ്

ക്രൂശിത രൂപം തകർത്തത് ഇസ്രയേൽ സൈനികൻ തന്നെ; സ്ഥിരീകരണവുമായി ഐഡിഎഫ്, നടപടിക്ക് ഉത്തരവ്

ടെൽ അവീവ്: തെക്കൻ ലെബനനിൽ യേശു ക്രിസ്തുവിന്റെ രൂപം തകർത്തത് തങ്ങളുടെ സൈനികനാണെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചു. സൈനികൻ ക്രൂശിത രൂപം തകർക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇസ്രയേലിന്റെ വെളിപ്പെടുത്തൽ. സംഭവത്തിൽ ഉൾപ്പെട്ട സൈനികർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൈനിക വക്താവ് അറിയിച്ചു.

പ്രാഥമിക അന്വേഷണത്തിൽ ലെബനനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇസ്രയേലി സൈനികനാണ് ചിത്രത്തിലുള്ളതെന്ന് വ്യക്തമായതായി ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു. "ഈ പെരുമാറ്റം സൈനികരിൽ നിന്ന് ഐഡിഎഫ് പ്രതീക്ഷിക്കുന്ന മൂല്യങ്ങൾക്കും അച്ചടക്കത്തിനും തികച്ചും വിപരീതമാണ്. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്"– പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഐഡിഎഫിന്റെ നോർത്തേൺ കമാൻഡ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

തകർത്ത ക്രൂശിത രൂപം അതിന്റെ സ്ഥാനത്ത് തന്നെ പുനസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് സൈന്യം അറിയിച്ചു. ഹിസ്ബുള്ളയുടെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് തങ്ങളുടേതെന്നും മതപരമായ ചിഹ്നങ്ങളോ ആരാധനാലയങ്ങളോ പൊതുജന അടിസ്ഥാന സൗകര്യങ്ങളോ തകർക്കാൻ തങ്ങൾക്ക് ഉദ്ദേശ്യമില്ലെന്നും ഇസ്രയേൽ വിശദീകരിച്ചു.

കഴിഞ്ഞ ദിവസമാണ് ഇസ്രയേലി സൈനിക വേഷത്തിലുള്ള ഒരാൾ ക്രൂശിത രൂപം തകർക്കുന്ന ചിത്രം എക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചത്. ഇതോടെ വിവിധ ക്രിസ്തീയ സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും ഇസ്രയേലിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കുറ്റസമ്മതവും തിരുത്തൽ നടപടികളുമായി ഇസ്രയേൽ രംഗത്തെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.