കൊളംബിയയിലും ഇക്വഡോറിലും ശക്തമായ ഭൂചലനം; ജനങ്ങൾ പരിഭ്രാന്തരായി തെരുവിലിറങ്ങി

കൊളംബിയയിലും ഇക്വഡോറിലും ശക്തമായ ഭൂചലനം; ജനങ്ങൾ പരിഭ്രാന്തരായി തെരുവിലിറങ്ങി

ലാറ്റിനമേരിക്ക: ലാറ്റിനമേരിക്കൻ രാജ്യങ്ങളായ കൊളംബിയയുടെ പടിഞ്ഞാറൻ മേഖലയിലും അയൽരാജ്യമായ ഇക്വഡോറിലും ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയും കൊളംബിയൻ ഔദ്യോഗിക ഏജൻസികളും സ്ഥിരീകരിച്ചു.

പ്രകമ്പനത്തെ തുടർന്ന് കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിലും ഇക്വഡോറിലെ ക്വിറ്റോയിലും ജനങ്ങൾ പരിഭ്രാന്തരായി കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.

കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ പടിഞ്ഞാറുള്ള സാൻ ജോസ് ഡെൽ പാൽമർ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂനിരപ്പിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ ആഴത്തിലാണ് പ്രകമ്പനമുണ്ടായതെന്ന് യു.എസ്.ജി.എസ് വ്യക്തമാക്കി.

കൊളംബിയക്കും ഇക്വഡോറിനും പുറമെ വടക്കൻ അയൽരാജ്യമായ പനാമയിൽ വരെ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. മുൻകരുതൽ നടപടിയുടെ ഭാഗമായി ബൊഗോട്ടയിലെ കൂറ്റൻ ബഹുനില കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഉടൻതന്നെ ഒഴിപ്പിച്ചു.

വളരെ ശക്തമായ ഭൂചലനമായിരുന്നുവെങ്കിലും നിലവിൽ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു. ദുരന്തനിവാരണ സേനകൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൊളംബിയൻ ദുരന്തനിവാരണ വിഭാഗം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.