ജെറുസലേം: വെസ്റ്റ് ബാങ്കിൽ ക്രൈസ്തവർ തിങ്ങിപ്പാർക്കുന്ന ഏക പൂർണ ക്രിസ്ത്യൻ ഗ്രാമമായ തയ്ബെയിൽ താമസക്കാരല്ലാത്തവർക്ക് പ്രവേശനം നിരോധിച്ചുകൊണ്ട് ഇസ്രയേൽ സൈന്യത്തിന്റെ ഉത്തരവ്. പ്രദേശത്ത് ഇസ്രായേലി കുടിയേറ്റക്കാർ പാലസ്തീനികൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.
പ്രമുഖ ക്രൈസ്തവ നേതാക്കളുടെ സന്ദർശനങ്ങൾക്ക് വേദിയാകാറുള്ള തയ്ബെയിലെ ക്രൈസ്തവ സാന്നിധ്യം ഗുരുതര ഭീഷണിയിലാണെന്ന് ഇടവക വികാരി ഫാ. ബഷാർ ഫവാഡ്ലെ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അനധികൃത കുടിയേറ്റക്കാരിൽ നിന്ന് ക്രൈസ്തവ പൈതൃകം സംരക്ഷിക്കാൻ അന്താരാഷ്ട്ര സംഘടനകൾ ഇടപെടണമെന്നായിരുന്നു അദേഹത്തിന്റെ അഭ്യർത്ഥന.
പുതിയ നിയന്ത്രണം ഇസ്രയേലികൾക്ക് മാത്രമാണ് ബാധകമെന്നും പാലസ്തീനികൾക്ക് ബാധകമല്ലെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് ഇസ്രയേലി കുടിയേറ്റക്കാർ നടത്തിയ അക്രമസംഭവങ്ങളെ തുടർന്നാണ് തയ്ബെ പ്രദേശം അടച്ചിട്ട സൈനിക മേഖലയാക്കി മാറ്റിയതെന്ന് സൈനിക വക്താവ് അറിയിച്ചു.
ഉത്തരവ് ലംഘിക്കപ്പെടുന്നതായി വിവരം ലഭിച്ചാൽ പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാനും ക്രമസമാധാനം നിലനിർത്താനുമായി സൈന്യത്തെ വിന്യചിക്കുമെന്നും നിയമലംഘകരെ കസ്റ്റഡിയിലെടുക്കുമെന്നും സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി.
റാമല്ലയ്ക്ക് സമീപം പാലസ്തീൻ കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രധാനമായ ഗ്രാമമാണ് തയ്ബെ. കത്തോലിക്ക, ഗ്രീക്ക് ഓർത്തഡോക്സ്, മെൽക്കൈറ്റ് ക്രൈസ്തവരുടെ സാന്നിധ്യം കൊണ്ടും അഞ്ചാം നൂറ്റാണ്ടിലെ സെന്റ് ജോർജ് ദേവാലയം ഉൾപ്പെടെയുള്ള പുരാതന സ്ഥലങ്ങൾ വഴിയും സമ്പന്നമായ ക്രിസ്ത്യൻ പൈതൃകമുള്ള ഈ ഗ്രാമത്തിൽ ഏകദേശം 1,200 മുതൽ 1,300 വരെ ക്രൈസ്തവരാണ് താമസിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.