ട്രംപിന്റെ അനുനയ നീക്കത്തിന് പിന്നാലെ 20 യുഎസ് യുദ്ധക്കപ്പലുകള്‍ പശ്ചിമേഷ്യയില്‍; ഉപരോധം കൂടുതല്‍ ശക്തമാക്കി ഇറാനെ വരുതിയിലാക്കാന്‍ നീക്കം

 ട്രംപിന്റെ അനുനയ നീക്കത്തിന് പിന്നാലെ 20 യുഎസ് യുദ്ധക്കപ്പലുകള്‍ പശ്ചിമേഷ്യയില്‍;  ഉപരോധം കൂടുതല്‍ ശക്തമാക്കി  ഇറാനെ വരുതിയിലാക്കാന്‍ നീക്കം

ഇറാനെതിരെ അമേരിക്ക സൈനിക നടപടി ഇപ്പോള്‍ ആലോചിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം സാമ്പത്തികമായി ഞെരുക്കാന്‍ നാവിക ഉപരോധം ശക്തമാക്കുകയാണ് ലക്ഷ്യം.

ടെഹ്റാന്‍: ഇറാനുമായുള്ള ആണവ കരാറില്‍ അന്തിമ തീരുമാനം ആയില്ലെങ്കിലും ഹോര്‍മുസ് കടലിടുക്ക് തുറന്നാല്‍ യുദ്ധത്തില്‍ നിന്ന് പിന്മാറുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ സൂചന നല്‍കിയെങ്കിലും ഇരുപത്തിനാല് മണിക്കൂര്‍ തികയും മുന്‍പ് സാഹചര്യം വീണ്ടും മാറി.

പശ്ചിമേഷ്യയില്‍ അമേരിക്കയുടെ ഇരുപത് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചതായി എന്ന് യുഎസ് സെന്‍ട്രല്‍ കമാന്റ് ഇന്ന് എക്സില്‍ കുറിച്ചു. കപ്പലിലുള്ള സൈനികരുടെ ചിത്രവും പങ്കുവച്ചു. ഇറാനെതിരായ നാവിക ഉപരോധം കൂടുതല്‍ ശക്തമാക്കുക എന്നതാണ് ലക്ഷ്യം.

ഇറാന്റെ തുറമുഖങ്ങളിലേക്ക് വരുന്ന കപ്പലുകളെയും തുറമുഖത്ത് നിന്ന് പുറപ്പെടാനൊരുങ്ങുന്ന കപ്പലുകളെയും തടയുന്നതിനാണ് പുതിയ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചത് എന്നാണ് യുഎസ് സൈന്യം എക്സില്‍ പറയുന്നത്. യു.എസ്.എസ് റോസ് എന്ന കപ്പലിലെ ചിത്രമാണ് ഇതോടൊപ്പം പങ്കുവച്ചിട്ടുള്ളത്.

പശ്ചിമേഷ്യയില്‍ അമേരിക്ക വിന്യസിച്ച ഇരുപതിലധികം യുദ്ധ കപ്പലുകളില്‍ ഒന്നാണ് യു.എസ്.എസ് റോസ്. മേഖലയിലെ സൈനിക ദൗത്യത്തെ സഹായിക്കുക, ഇറാനെതിരായ ഉപരോധം ശക്തിപ്പെടുത്തുക എന്നവയാണ് ലക്ഷ്യം. ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇറാനിലേക്കുള്ള 55 കപ്പലുകള്‍ വഴി തിരിച്ചു വിടുകയും രണ്ടെണ്ണം നശിപ്പിക്കുകയും ചെയ്‌തെന്ന് യുഎസ് സൈന്യം അറിയിച്ചു.

ഹോര്‍മുസ് പാത തുറന്നാല്‍ എല്ലാ പ്രശ്നങ്ങളും തീരുമെന്നാണ് ഞായറാഴ്ച ട്രംപ് പറഞ്ഞത്. ആണവ കരാര്‍ വിവാദം ഉള്‍പ്പെടെ മാറ്റിവെക്കാമെന്ന സൂചനയും ട്രംപ് നല്‍കിയിരുന്നു. തൊട്ടു പിന്നാലെയാണ് യുഎസ് സൈനികര്‍ കപ്പലുകള്‍ വിന്യസിച്ച കണക്ക് പുറത്തു വിട്ടിരിക്കുന്നത്.

ഇറാനെതിരെ അമേരിക്ക സൈനിക നടപടി ഇപ്പോള്‍ ആലോചിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം സാമ്പത്തികമായി ഞെരുക്കാന്‍ ഉപരോധം ശക്തമാക്കുകയാണ് ലക്ഷ്യം. തുറമുഖങ്ങള്‍ ഉപരോധിക്കുന്നതിലൂടെ ഇറാനില്‍ സാമ്പത്തിക ഞെരുക്കം ശക്തമാകുകയും യുദ്ധത്തില്‍ നിന്ന് അവര്‍ പിന്മാറുകയും ചെയ്യുമെന്ന് അമേരിക്ക കരുതുന്നു. എന്നാല്‍ ഉപരോധം പിന്‍വലിച്ചാല്‍ മാത്രമേ ചര്‍ച്ചയുള്ളൂ എന്നാണ് ഇറാന്റെ നിലപാട്.

ഹോര്‍മുസ് തുറക്കാന്‍ നിലവില്‍ ഇറാന് പദ്ധതിയില്ല. ഹോര്‍മുസിലെ രാജ്യങ്ങളായ ഇറാനും ഒമാനും തമ്മില്‍ ചര്‍ച്ച നടത്തി ചില കാര്യങ്ങളില്‍ ധാരണയിലെത്തിയിട്ടുണ്ട്. കൂടുതല്‍ അധികാരം ഇറാന് നല്‍കുന്ന വിധത്തിലാണ് ധാരണ എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.