തമിഴ്‌നാട്ടില്‍ സ്‌കൂള്‍ തുറന്നതിന് പിന്നാലെ ചെന്നൈയിലെ സ്‌കൂളില്‍ 20 വിദ്യാർഥികൾക്കും 10 അധ്യാപകർക്കും കോവിഡ്

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ തുറന്നതിന് പിന്നാലെ ചെന്നൈയിലെ സ്‌കൂളില്‍ 20 വിദ്യാർഥികൾക്കും 10 അധ്യാപകർക്കും കോവിഡ്

ചെന്നൈ: കോവിഡ് സാഹചര്യത്തിൽ കർശന നിർദ്ദേശങ്ങളോട് തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറന്നതിന് പിന്നാലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 20 വിദ്യാര്‍ഥികള്‍ക്കും 10 അധ്യാപകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഒരു വര്‍ഷത്തിന് ശേഷം സെപ്റ്റംബര്‍ ഒന്നിനാണ് സ്‌കൂളുകള്‍ തുറന്നത്. സെപ്റ്റംബര്‍ മൂന്നിനാണ് ചെന്നൈയിലെ സ്വകാര്യ സ്‌കൂളില്‍ കോവിഡ് സ്ഥിരീകരിച്ചത്. 120 കുട്ടികളെയാണ് പരിശോധിച്ചത്. കോവിഡ് സ്ഥിരീകരിച്ച കുട്ടികളില്‍ ഒരാള്‍ മാതാപിതാക്കളോടൊപ്പം ബെംഗളൂരുവില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഉടന്‍തന്നെ സ്‌കൂള്‍ അടച്ചുപൂട്ടി അണുവിമുക്തമാക്കണമെന്ന് തമിഴ്‌നാട് ആരോഗ്യ മന്ത്രി എം.എ. സുബ്രമണ്യന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മറ്റ് കോവിഡ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നും ഇതിനുപുറമെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ കൂട്ട പരിശോധന നടത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കുട്ടികളുടെയും വിദ്യാര്‍ഥികളുടെയും ദീര്‍ഘനാളത്തെ ആവശ്യം പരിഗണിച്ചാണ് തമിഴ്‌നാട് സര്‍ക്കാര്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. തുറക്കുന്നതിന് മുമ്പ് സ്‌കൂളുകള്‍ അണുവിമുക്തമാക്കുകയും കോവിഡ് മുന്‍കരുതലുകളെടുക്കുകയും ചെയ്തിരുന്നു.

കോവിഡിനിടയില്‍ ക്ലാസുകളിലെത്താന്‍ ബുദ്ധിമുട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാക്കളുടെ സമ്മതത്തോടെ ഓണ്‍ലൈന്‍ പഠന സംവിധാനത്തില്‍ തുടരാമെന്ന് വിദ്യാഭ്യാസ മന്ത്രി കെ.പി. അന്‍പഴകനും അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലാണ് സ്‌കൂളുകള്‍ തുറന്നത്. കോവിഡ് കേസുകള്‍ കുറഞ്ഞ സംസ്ഥാനങ്ങളായ ഡൽഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, അസം, തമിഴ്നാട് എന്നിവിടങ്ങളിലാണ് 50% വിദ്യാര്‍ത്ഥികളുമായി ക്ലാസുകള്‍ ആരംഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.