താലിബാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു: യു.എന്‍ ഭീകര പട്ടികയിലെ പ്രധാനി മുല്ല മുഹമ്മദ് ഹസന്‍ പ്രധാനമന്ത്രി; ആഭ്യന്തരം ഹഖാനി ഗ്രൂപ്പിന്

താലിബാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു: യു.എന്‍ ഭീകര പട്ടികയിലെ പ്രധാനി മുല്ല മുഹമ്മദ് ഹസന്‍ പ്രധാനമന്ത്രി; ആഭ്യന്തരം ഹഖാനി ഗ്രൂപ്പിന്

കാബൂള്‍: യു.എന്‍ ഭീകരപ്പട്ടികയിലുളള താലിബാന്‍ നേതാവ് മുല്ല മുഹമ്മദ് ഹസന്‍ അഖുന്ദിനെ അഫ്ഗാനിലെ ഇടക്കാല സര്‍ക്കാരിന്റെ നേതാവായി താലിബാന്‍ പ്രഖ്യാപിച്ചു. സര്‍ക്കാരിനെ നയിക്കുമെന്ന് കരുതിയ താലിബാന്‍ സ്ഥാപക നേതാക്കളില്‍ ഒരാളായ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ ഉപ പ്രധാനമന്ത്രിയാവും.

അധികാര തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ പൊതുസമ്മതനെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് മുല്ല മുഹമ്മദ് ഹസന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് താലിബാന്‍ പരിഗണിച്ചത്. മുല്ലാ ബരാദറിനെ പ്രധാനമന്ത്രിയാക്കാനുള്ള നീക്കത്തെ എതിര്‍ത്ത് പാകിസ്ഥാന്‍ പിന്തുണയുള്ള ഹഖാനി വിഭാഗം രംഗത്തു വന്നതോടെയാണ് താലിബാനില്‍ തര്‍ക്കം രൂക്ഷമായത്.

താലിബാന്‍ സ്ഥാപകനും അന്തരിച്ച പരമോന്നത നേതാവുമായ മുല്ല ഒമറിന്റെ മകന്‍ മുല്ല യാക്കൂബിനെ പ്രതിരോധ മന്ത്രിയായി നിയമിച്ചു. ആഭ്യന്തര മന്ത്രി സ്ഥാനം സിറാജുദ്ദീന്‍ ഹഖാനിക്ക് നല്‍കി. താലിബാനുള്ളിലെ തന്നെ ഏറ്റവും തീവ്ര നിലപാടുകാരായ ഹഖാനി നെറ്റ്വര്‍ക്കിന്റെ നേതാവാണ് സിറാജുദ്ദീന്‍ ഹഖാനി. അമീര്‍ ഖാന്‍ മുതാഖിക്കാണ് വിദേശകാര്യം. ഷേര്‍ അബ്ബാസ് വിദേശകാര്യ സഹമന്ത്രിയാകും. നിയമ വകുപ്പ് അബ്ദുള്‍ ഹക്കീമിനാണ്.


അഫ്ഗാനിസ്ഥാനിലെ മുന്‍ താലിബാന്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന വ്യക്തിയാണ് ഇപ്പോള്‍ ഇടക്കാല സര്‍ക്കാരിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ട മുല്ല മുഹമ്മദ് ഹസന്‍ അഖുന്ദ്. സൈനിക നേതാവ് എന്നതിലുപരി മത നേതാവ് എന്ന നിലയിലാണ് ഹസന്‍ അറിയപ്പെടുന്നത്.

താലിബാന്റെ മതനേതാവ് ഷെയ്ഖ് ഹിബാതുള്ള അഖുന്‍സാദയുമായി അടുത്ത ബന്ധമുള്ള നേതാവു കൂടിയാണ് മുഹമ്മദ് ഹസന്‍. പാശ്ചാത്യരോട് അകലം പാലിക്കുന്ന ഇദ്ദേഹം പാകിസ്ഥാനില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്. ഇരുപത് വര്‍ഷമായി താലിബാന്‍ ഉന്നതാധികാര സഭയായ റെഹ്ബാരി ശുരയുടെ തലവനാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.