മാധ്യമങ്ങളുടെ ബാങ്കോക്ക്‌ സിന്‍ഡ്രോം !

മാധ്യമങ്ങളുടെ ബാങ്കോക്ക്‌ സിന്‍ഡ്രോം !

ഷെക്കെയ്ന ടിവി ഒരുക്കിയ "മാധ്യമങ്ങളിലെ ക്രൈസ്തവ വേട്ട" എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. റോയി കണ്ണൻചിറ സിഎംഐ നടത്തിയ പ്രഭാഷണം ( കഴിഞ്ഞ ഭാഗത്തിന്റെ തുടർച്ച)

"നമ്മുടെ പുണ്യശ്ലോകനായ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ബാങ്കോക്കില്‍ വിമാനമിറങ്ങിയതിന്റെ കഥ ചിലരെങ്കിലും കേട്ടിട്ടുണ്ടാകാം. ബാങ്കോക്കില്‍ വിമാനമിറങ്ങിയപ്പോള്‍, മാധ്യമപ്രവര്‍ത്തകര്‍ ചുറ്റും കൂടിയപ്പോള്‍, ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യം ഇതാണ്‌: “താങ്കള്‍ ബാങ്കോക്കിലെ വേശ്യാലയങ്ങള്‍ സന്ദര്‍ശിക്കുമോ?” അപ്പോള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ തിരിച്ചൊരു ചോദ്യം ചോദിക്കുകയാണ്‌, “ബാങ്കോക്കില്‍ വേശ്യാലയങ്ങള്‍ ഉണ്ടോ?” ഇത്രയുമേയുള്ളൂ സംഭാഷണം. പിറ്റേ ദിവസത്തെ ആ പത്രത്തിന്റെ മുഖ്യശീര്‍ഷകം ഇതായിരുന്നു; “ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ബാങ്കോക്കില്‍ വിമാനമിറങ്ങിയപ്പോള്‍ ഉടനെ ചോദിച്ചു; ബാങ്കോക്കില്‍ വേശ്യാലയങ്ങള്‍ ഉണ്ടോ?” ഇത്‌ വാര്‍ത്തയുടെ സത്യത്തെ വക്രീകരിച്ച്‌ വികൃതമായി അവതരിപ്പിക്കുന്ന മാധ്യമതന്ത്രത്തിന്റെ പ്രകടമായ ഉദാഹരണമാണ്‌. ഇതിനെ "മാധ്യമങ്ങളുടെ ബാങ്കോക്ക്‌ സിന്‍ഡ്രോം” എന്നു വിളിക്കാനാണ്‌ ഞാന്‍ ഇഷ്ടപ്പെടുന്നത്‌.

പ്രിയപ്പെട്ടവരേ മാധ്യമങ്ങള്‍ നമുക്ക്‌ ആശയവിനിമയത്തിന്‌ ആവശ്യമാണ്‌. ജനാധിപതൃത്തിന്റെ നാലാമത്തെ തൂണായ (Fourth Estate) മാധ്യമങ്ങള്‍ നമുക്ക്‌ ആവശ്യമാണ്‌. എന്നാല്‍ അത്‌ പരസ്പരമുള്ള പടുത്തുയര്‍ത്തലിന്‌ വേണ്ടിയാവണം. അങ്ങനെയല്ലാതെ വരുമ്പോള്‍ അപഹസിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചില സ്ഥാപിതതാല്പര്യക്കാരായ മാധ്യമങ്ങളുടെ അധിനിവേശത്തിന്‌ ഇരയാവുകയും ചെയ്യുന്ന സമൂഹങ്ങള്‍ നിലനില്‍പ്പിനു വേണ്ടി സംഘടിതരാവുകയും ജാഗ്രതയോടുകൂടി പ്രതിരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്യും; മാധ്യമബോധത്തോടെതന്നെ. അത്തരത്തിലുള്ള ഒരു മാധ്യമബോധനത്തിന്റെ ഉയിര്‍ത്തെഴുന്നേല്പാണ്‌ ഷെക്കെയ്ന ടിവിയുടെ ഈ ഒരു വിചിന്തന്രപ്രകിയയിലൂടെ ഞങ്ങള്‍ ഉദ്ദേശിക്കുന്നത്‌.

ലക്ഷ്യം വരുമാനം മാത്രം

കേരളത്തില്‍ സാക്ഷരത വളര്‍ന്നപ്പോള്‍, മാധ്യമസംസ്‌കാരം വളര്‍ന്നപ്പോള്‍ പൊതുസമൂഹം കുലീനതയുടെ ചിഹ്നമായി മാറുമെന്നും ലോകത്തിനു മുമ്പില്‍ ഏറ്റവും സംസ്കൃതമായ ഒരു സമൂഹത്തിന്റെ സജീവ സാക്ഷ്യമായി മാറുമെന്നും സ്വപ്നം കണ്ടവരുണ്ട്‌. എന്നാല്‍ ഈ വര്‍ത്തമാനകാലത്തില്‍ മാധ്യമങ്ങള്‍ക്ക്‌ നിലനില്‍പ്‌ എന്നത്‌ ഒരു മത്സര പ്രക്രിയയായി മാറി. വാര്‍ത്തകളുടെ അവതരണത്തിലുള്ള പുതുമയും പ്രേക്ഷകരെ ആകര്‍ഷിച്ച്‌ നിര്‍ത്താനുള്ള ശേഷിയുമാണ്‌ വരുമാന മാര്‍ഗ്ഗത്തിന്റെ മാനദണ്ഡം എന്ന മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാവപരിണാമം അമ്പരപ്പിക്കുന്നതാണ്‌. ഏതുവിധേനയും വായനക്കാരെയും പ്രേക്ഷകരെയും പിടിച്ചുനിര്‍ത്തുകയാണ്‌ ഒരു മികച്ച മാധ്യമപ്രവര്‍ത്തകന്റെ മികവിന്റെ ലക്ഷണം എന്ന്‌ വിശ്വസിച്ചു പോവുകയാണ്‌.

ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെ, ശ്രോതാക്കളെ നിലനിര്‍ത്തുന്നതിന്‌ എന്തു ചെയ്യാന്‍ കഴിയും? സത്യം മാത്രം പറഞ്ഞു കൊണ്ടിരുന്നാല്‍ ആര് കേള്‍ക്കാന്‍? സത്യത്തിന്‌ എന്താണ്‌ വില? കേരളത്തില്‍ ഇന്ന്‌ ലക്ഷക്കണക്കിന്‌ വാഹനങ്ങള്‍ ഓടി, ഒന്നും കൂട്ടിയിടിച്ചില്ല. ഇത്‌ ഒരു വാര്‍ത്തയല്ല. എവിടെയെങ്കിലും വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ കുറച്ചുപേര്‍ മരിച്ചു കഴിഞ്ഞാല്‍ അത്‌ വാര്‍ത്തയാണ്‌. അപകടങ്ങള്‍ വാര്‍ത്തയാണ്‌. ഇന്നലെ എല്ലാവരും സത്യ സന്ധമായി പെരുമാറി എന്നു പത്രത്തില്‍ ശീര്‍ഷകം കൊടുക്കാന്‍ പറ്റുമോ. അപ്പോള്‍ അക്രമങ്ങളുടെയും അനീതിയുടെയും നിയമലംഘനങ്ങളുടെയും വാര്‍ത്തകള്‍ തിരഞ്ഞെടുക്കുക അത്‌ ക്രമ വിരുദ്ധമാണെന്ന്‌ പൊതുസമൂഹത്തെ അറിയിക്കുക. അങ്ങനെ നേരിന്റെ പാതയില്‍ പൊതുസമൂഹത്തെ നയിക്കുക. ഇതെല്ലാം മാധ്യമങ്ങളുടെ ധര്‍മ്മം തന്നെയാണ്‌.

തെറ്റ്‌ തെറ്റാണെന്ന്‌ പറയേണ്ടത്‌ മാധ്യമങ്ങളുടെ ധര്‍മ്മം തന്നെയാണ്‌. എന്നാല്‍ കൃത്യമായി ഒരു സമൂഹത്തെ ലക്ഷ്യംവച്ചുകൊണ്ട്‌ ഏതെങ്കിലും ഒന്നോ രണ്ടോ പേരുടെ പിഴവുകളെ പര്‍വതീകരിച്ച്‌ ഒരു സമൂഹത്തിന്റെ ഇന്നോളമുള്ള യാത്രാപഥങ്ങളെ മാലിനൃത്തിന്റെ അഴുക്കുപുരട്ടി വികൃതമാക്കുക എന്നു ലക്ഷ്യത്തോടെ നടത്തുന്ന വാര്‍ത്ത അവതരണങ്ങള്‍ക്കു നേരെയാണ്‌ ഇന്ന്‌ അത്തരത്തില്‍ ആക്രമിക്കപ്പെടുന്ന സമൂഹത്തിന്റെ പൊതു മനഃസാക്ഷി ഉണര്‍ന്നെഴുന്നേല്‍ക്കുന്നത്‌ എന്നാണ്‌ ഞാന്‍ ഇവിടെ സൂചിപ്പിച്ചത്‌. മാലിന്യയവിതരണത്തിന്റെ മൊത്ത വില്‍പനശാലകളായി, അന്തിചര്‍ച്ചകളുടെ തമ്പുരാക്കന്മാര്‍ മാറുന്നു എന്ന്‌ കാണുന്നതു കൊണ്ടാണ്‌ ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കേണ്ടിവരുന്നത്‌.

ആര്‍ക്കും കൊട്ടാവുന്ന ചെണ്ട

ചാനല്‍ചര്‍ച്ചകളില്‍ എത്രമാത്രം ആക്ഷേപിച്ചാലും തങ്ങള്‍ക്ക്‌ ചര്‍ച്ച കഴിഞ്ഞിട്ട്‌ മര്യാദയ്ക്ക്‌ വീട്ടില്‍ എത്താന്‍ കഴിയും എന്ന്‌ ഉറപ്പുള്ള ഒരു സമൂഹത്തെ ആക്രമിക്കുക. അത്‌ ക്രൈസ്തവസമൂഹമാണെങ്കില്‍ പിന്നെ പ്രശ്നമില്ല. കാരണം തിരിച്ച്‌ ആക്രമിക്കില്ല. എന്തു പറഞ്ഞാലും എത്ര ആക്ഷേപിച്ചാലും ഒരു പ്രതികരണവും നടത്തില്ല. അവര്‍ ക്രിസ്തു പറഞ്ഞതുപോലെ ക്ഷമിച്ചും സ്നേഹിച്ചും സഹിച്ചും ഇതെല്ലാം കേട്ട്‌ ധ്യാനിച്ചങ്ങനെ ജീവിച്ചുകൊള്ളും എന്ന ഒരു ചിന്തയാണ്‌ ഈ വാര്‍ത്താ അവതാരകരുടെ മനസ്സിലെന്ന്‌ പലപ്പോഴും തോന്നിപ്പോകും. കാരണം, ഏറ്റവും വേദനയോടുകൂടി ഞാന്‍ പറയുകയാണ്‌, 2021 ജൂണ്‍-ജൂലൈ മാസങ്ങളില്‍ നമ്മുടെ കേരളത്തില്‍ സംഭവിച്ച ദാരുണമായ ചില ജീവഹാനികളുടെ വാര്‍ത്തകള്‍ വന്നിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ആക്രമിക്കപ്പെട്ട അതിക്രൂരമായി കൊല ചെയ്യപ്പെട്ട സഹോദരിമാരുടെ വേദനിപ്പിക്കുന്ന വാര്‍ത്തകള്‍. ഇതരമതസ്ഥരായ സഹോദരിമാരുടെ അത്തരത്തിലുള്ള വാര്‍ത്തകള്‍ ചര്‍ച്ച ചെയ്ത വേദിയില്‍പോലും ഏഷ്യാനെറ്റ്‌ ചാനലില്‍, കത്തോലിക്കാസഭയെത്തന്നെ ഒരു കാരണവുമില്ലാതെ ആക്ഷേപിക്കുവാന്‍ ചാനല്‍ അവതാരകന്‍ കാണിച്ച ആ ഒരു സാമര്‍ത്ഥ്യം ഉണ്ടല്ലോ, ആ സാമർത്ഥ്യത്തെയാണ് ഞാന്‍ ഇവിടെ ചോദ്യം ചെയ്യുന്നത്‌. എന്തിനായിരുന്നു സ്നേഹിതാ ഈ ആക്ഷേപം? ഇതിനെയാണ്‌ Targeted News Creation, ലക്ഷ്യം വച്ചുകൊണ്ടുള്ള വാര്‍ത്താനിര്‍മ്മാണം എന്ന്‌ ഞങ്ങള്‍ വിളിക്കുന്നത്‌.

ക്രൈസ്തവസമുഹത്തിന്റെ വാര്‍ത്തകള്‍ എടുത്ത്‌, അസത്യങ്ങളെ വാര്‍ത്തകളാക്കി കച്ചവടം നടത്തുന്ന മാധ്യമങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അംഗീകരിക്കുന്നത്‌ ക്രിസ്തുവിന്റെ വിഷയങ്ങളില്ലെങ്കില്‍ ഞങ്ങളും രക്ഷപെടുകയില്ല എന്നാണ്‌. അത്‌ ഞങ്ങള്‍ക്ക്‌ സന്തോഷകരമായ കാര്യമാണ്‌. എന്നാല്‍, ഇത്‌ ഒരു സമൂഹത്തിന്റെ മതിപ്പ്‌ നഷ്ടപ്പെടുത്താന്‍വേണ്ടിയുള്ള സംഘടിതമായ മാധ്യമ ആക്രമണമായേ ഞങ്ങള്‍ കാണുന്നുള്ളു. ഒരു സമൂഹത്തിന്റെ അഭിമാനം നഷ്ടപ്പെടുത്തിയാലും ഞങ്ങള്‍ക്ക്‌ അരി മേടിച്ചാല്‍ മതി, ആരൊക്കെ ആക്ഷേപത്തിന്റെ ഉടയാട അണിഞ്ഞ്‌ അപഹസിക്കപ്പെട്ട്‌, അപമാനവീകരണത്തിന്‌ വിധേയമായാലും ഞങ്ങള്‍ക്ക്‌ അരി മേടിക്കണം എന്ന്‌ ചിന്തിക്കുന്ന ആ സ്വാര്‍ത്ഥതയുടെ, ആര്‍ത്തി യുടെ ഇരയാകാന്‍ ഇനി ഇവിടെ ക്രൈസ്തവസമൂഹം തയ്യാറല്ല എന്ന്‌ പൊതു സമൂഹത്തോട്‌, മാധ്യമങ്ങളോട്‌ നേരെ പറയുകയാണ്‌, ഉണര്‍ന്നെഴുന്നേല്ക്കുന്ന മാധ്യമ ജാഗ്രതയുള്ള ക്രൈസ്തവബോധം".

ഫാ. റോയി കണ്ണൻചിറ സിഎംഐയുടെ കൂടുതൽ രചനകൾ വായിക്കുന്നതിന് : https://cnewslive.com/author/15946/1


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.