ലോകത്തിനു ഭീഷണിയായി വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം; ദൂരപരിധിയില്‍ ജപ്പാനും

ലോകത്തിനു ഭീഷണിയായി വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം; ദൂരപരിധിയില്‍ ജപ്പാനും

പോംഗ്യാംഗ്: ലോകത്തിനു ഭീഷണിയായി വീണ്ടും ഉത്തരകൊറിയയുടെ പുതിയ മിസൈല്‍ പരീക്ഷണം. പുതുതായി വികസിപ്പിച്ച ദീര്‍ഘദൂര മിസൈലുകള്‍ വിജകരമായി പരീക്ഷിച്ചതായാണു റിപ്പോര്‍ട്ട്. 1500 കിലോമീറ്ററാണ് (930 മൈല്‍) ഈ മിസൈലുകളുടെ പ്രഹര പരിധി. ജപ്പാന്റെ ഭൂരിഭാഗവും മിസൈലിന്റെ ദൂരപരിധിയില്‍ വരും.

കടുത്ത ഭക്ഷ്യക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും നേരിടുമ്പോള്‍ പോലും രാജ്യം ഇപ്പോഴും ആയുധ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പരീക്ഷണം. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള രാജ്യത്തെ ആദ്യത്തെ ദീര്‍ഘദൂര ക്രൂയിസ് മിസൈലാണിത്. ഇത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

ആണവായുധം ഉള്‍പ്പെടെ മാരക പ്രഹര ശേഷിയുള്ള അയുധങ്ങള്‍ വഹിക്കുന്ന ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിക്കുന്നതില്‍നിന്ന് ഉത്തര കൊറിയയ്ക്ക് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് ഉത്തര കൊറിയ വികസിപ്പിച്ചെടുത്ത ദീര്‍ഘദൂര ക്രൂയിസ് മിസൈലുകളുടെ പരീക്ഷണമാണ് നടത്തിയത്. ശനി, ഞായര്‍ ദിവസങ്ങളില്‍ നടന്ന പരീക്ഷണങ്ങളില്‍ മിസൈലുകള്‍ 1500 കിലോമീറ്റര്‍ ദൂരത്തിലുള്ള ലക്ഷ്യസ്ഥാനത്തെത്തി സമുദ്രത്തിലേക്ക് വീഴുകയായിരുന്നുവെന്ന് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (കെ.സി.എന്‍.എ) റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ സൈനികശേഷി ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത പുതിയ മിസൈലുകളെ വലിയ പ്രാധാന്യമുള്ള തന്ത്രപരമായ ആയുധം എന്നാണ് ഉത്തരകൊറിയ വിശേഷിപ്പിച്ചത്.

ഒരു ലോഞ്ചര്‍ ട്രക്കില്‍ നിന്ന് മിസൈല്‍ പറന്നുയരുന്നതിന്റെ ചിത്രങ്ങളും കെ.സി.എന്‍.എ പങ്കുവച്ചു.


ഇതിനു മുന്‍പ് മാര്‍ച്ചിലാണ് ഒരു ഹ്രസ്വ ദൂര ബാലിസ്റ്റിക് മിസൈല്‍ ഉത്തര കൊറിയ പരീക്ഷിച്ചത്. ജനുവരി അവസാനം യു.എസ് പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേറ്റതിനു മണിക്കൂറുകള്‍ക്കകം ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു.


ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ പരീക്ഷണം കാണാന്‍ എത്തിയതായി ചിത്രങ്ങളില്‍ വ്യക്തമല്ല. ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ശക്തമായ പോളിറ്റ് ബ്യൂറോ അംഗവും കേന്ദ്രകമ്മിറ്റി സെക്രട്ടറിയുമായ പാക് ജോങ് ചോന്‍ ആണ് പരീക്ഷണത്തിന് മേല്‍നോട്ടം വഹിച്ചത്.

കഴിഞ്ഞ ജനുവരിയില്‍ നടന്ന വര്‍ക്കേഴ്സ് പാര്‍ട്ടി കോണ്‍ഗ്രസിനിടെ രാജ്യത്തിന്റെ ആണവപ്രതിരോധം കൂടുതല്‍ ശക്തമാക്കുമെന്നും മിസൈലുകളുടെ പരീക്ഷണം തുടരെ തുടരെ നടത്തുമെന്നും കിം ജോംഗ് ഉന്‍ പറഞ്ഞിരുന്നു. യു.എസ് ഉത്തരകൊറിയക്കുമേല്‍ നടത്തുന്ന ഉപരോധങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും മറുപടിയായിട്ടാണ് പുതിയ പരീക്ഷണം നടത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

മിസൈല്‍ പരീക്ഷണത്തില്‍ ജപ്പാന് കടുത്ത ആശങ്കയുണ്ടെന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി കറ്റ്‌സുനോബു കാറ്റോ പറഞ്ഞു. യുഎസും ദക്ഷിണ കൊറിയയും ചേര്‍ന്ന് ഉത്തര കൊറിയയിലെ പരീക്ഷണങ്ങള്‍ നീരീക്ഷിക്കുന്നുണ്ട്.

അമേരിക്കയുമായി ഉത്തരകൊറിയ 2019 നടത്തിയ വിയറ്റ്‌നാമിലെ ഹനോയ് ഉച്ചകോടി പരാജയമായിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നില്ല. വാഷിംഗ്ടണ്‍ അതിന്റെ ശത്രുതാപരമായ നയങ്ങള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കിമ്മിന്റെ ഭരണകൂടം ഇതുവരെ യു.എസുമായുള്ള ചര്‍ച്ചകള്‍ നിരസിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.