സ്‌നേഹ വാല്‍സല്യങ്ങളേകി സ്ലോവാക്യയുടെ ഹൃദയം കവര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

സ്‌നേഹ വാല്‍സല്യങ്ങളേകി സ്ലോവാക്യയുടെ ഹൃദയം കവര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ


ബ്രാട്ടിസ്ലാവ: സ്‌നേഹ വാല്‍സല്യങ്ങളുടെ മഹാതരംഗമുണര്‍ത്തി സ്ലോവാക്യയുടെ ഹൃദയം കവര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കൊറോണക്കാലത്തും ജനസഹസ്രങ്ങള്‍ ഒഴുകിയെത്തുകയാണ് മാര്‍പാപ്പയുടെ ത്രിദിന സ്ലോവാക്യന്‍ പര്യടനത്തിലെ പൊതു പരിപാടികള്‍ക്കു ചരിത്ര സാക്ഷ്യം വഹിക്കാന്‍.

ഈ അപ്പസ്‌തോലിക യാത്രയിലെ മുഖ്യ സംഭവങ്ങളിലൊന്നായി പ്രെനോവില്‍ മാര്‍പാപ്പയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ബൈസന്റൈന്‍ ആരാധനാ ക്രമത്തിലുള്ള ദിവ്യബലി. ഐക്യത്തിന്റെ വലിയ അടയാളമായി മാറിയ ചരിത്ര മുഹുര്‍ത്തങ്ങളിലൂടെയാണ് മുനിസിപ്പല്‍ സ്‌പോര്‍ട്‌സ് ഹാളിലെ ബലിവേദിയില്‍ പരിശുദ്ധാത്മാവ് നിറഞ്ഞതെന്ന് സ്ലോവാക്യന്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിത്രം പതിച്ച മഞ്ഞ സ്‌കാര്‍ഫുകള്‍ ധരിച്ച് ജനങ്ങള്‍ രാവിലെ മുതല്‍ തന്നെ അണമുറിയാതെ എത്തിക്കൊണ്ടിരുന്നു ഇങ്ങോട്ട്. 900 സന്നദ്ധ പ്രവര്‍ത്തകരാണ് ജനങ്ങളെ നിയന്ത്രിച്ചത്.

മൂന്ന് മക്കളുമായി വന്ന് അപ്പസ്‌തോലിക ദിവ്യബലിയില്‍ പങ്കെടുത്ത റിച്ചാര്‍ഡിനും ഭാര്യ മരിയക്കും വത്തിക്കാന്‍ റേഡിയോയോട് സംസാരിക്കവേ ആഹ്‌ളാദം അടക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. സെന്റ് ജോണ്‍ പോള്‍ രണ്ടാമന്റെ സ്ലോവാക്യ സന്ദര്‍ശനത്തിനു സജീവ സാക്ഷ്യം വഹിച്ചതിന്റെ ആവേശജനക സ്മരണയും അവര്‍ പങ്കിട്ടു.

റോമ എന്നറിയപ്പെടുന്ന നിര്‍ധന സമുദായവുമായുള്ള കൂടിക്കാഴ്ചയായിരുന്നു മാര്‍പാപ്പയുടെ അടുത്ത പ്രധാന പരിപാടി; ലൂണിക് മേഖലയിലെ കൊസൈസില്‍.പാര്‍ശ്വവല്‍കൃതരായ മനുഷ്യരെ ഏറെ കരുതലോടെ പരിഗണിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയെ ശുദ്ധജല വിതരണം, ഗ്യാസ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സേവനങ്ങളില്ലാതെ ജീവിക്കുന്ന ഈ സമൂഹം  അതീവ ഹൃദ്യമായി വരവേറ്റു.



പരിപാടിക്കായി പ്രത്യേകം നിര്‍മ്മിച്ച വേദിയിലേക്ക് ചുവന്ന പരവതാനിയിലൂടെ മാര്‍പാപ്പ ചുവടുവച്ചു കയറിയത് അക്ഷരാര്‍ത്ഥത്തില്‍ കാര്‍ണിവല്‍ അന്തരീക്ഷത്തിലായിരുന്നു. പരമ്പരാഗത സംഗീതത്തിന്റെ അകമ്പടിയോടെയുള്ള സമൂഹ നൃത്തത്തോടൊപ്പം വൈദികരും ചുവടു വയ്ക്കുന്നുണ്ടായിരുന്നു.റോമ സമൂഹത്തെ അഭിവാദ്യം ചെയ്തുകൊണ്ട് മാര്‍പാപ്പ പറഞ്ഞു: ' നിങ്ങള്‍ പൊതുസമൂഹത്തിന്റെ അരികുകളിലല്ല ... സഭയുടെ ഹൃദയത്തിലാണ്,'

കൊസൈസ് ലോക്കോമോട്ടിവ സ്റ്റേഡിയത്തിലെ ഉത്സവാന്തരീക്ഷത്തില്‍ യുവജനങ്ങള്‍ക്കിടയിലേക്കാണ് തുടര്‍ന്ന് മാര്‍പാപ്പ എത്തിയത്.ജനസാഗരമായിരുന്നു അവിടെ. നിരവധി യുവാക്കളുടെ സാക്ഷ്യങ്ങള്‍ കേട്ട ശേഷം മാര്‍പാപ്പ പറഞ്ഞു: ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് സ്‌നേഹം ... നിങ്ങള്‍ സ്‌നേഹം സ്വപ്നം കാണുമ്പോള്‍, പ്രത്യേക 'ഇഫക്റ്റുകള്‍' തേടരുത്. ഓരോരുത്തരും മനസ്സിലാക്കുക, ദൈവത്തിനു മുന്നില്‍ നിങ്ങള്‍ 'സ്‌പെഷല്‍ ' ആണ്. നമ്മില്‍ ഓരോരുത്തരും ഒരു സമ്മാനമാണ്. നമുക്ക് നമ്മുടെ ജീവിതവും ഒരു സമ്മാനമാക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.