ഡല്‍ഹിയില്‍ പിടിയിലായ ഭീകരര്‍ ലക്ഷ്യമിട്ടത് മുംബൈ മോഡല്‍ സ്‌ഫോടന പരമ്പര; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ഡല്‍ഹിയില്‍ പിടിയിലായ ഭീകരര്‍ ലക്ഷ്യമിട്ടത് മുംബൈ മോഡല്‍ സ്‌ഫോടന പരമ്പര; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

2008 ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തില്‍ പിടിയിലായ പാക് ഭീകരന്‍ അജ്മല്‍ കസബിന് പരീശീലനം നല്‍കിയ അതേ കേന്ദ്രത്തില്‍ നിന്നാണ് ഇവര്‍ക്കും പരിശീലനം ലഭിച്ചത്.

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ അറസ്റ്റു ചെയ്ത കൊടും ഭീകരര്‍ പദ്ധതിയിട്ടിരുന്നത് 1993 ല്‍ മുംബൈയില്‍ നടന്നതിനെക്കാള്‍ പതിന്മടങ്ങ് ശക്തിയുള്ള സ്‌ഫോടന പരമ്പരകള്‍ക്ക്.

വിനാശകരമായ ആക്രമണം നടത്തുന്നതിനു വേണ്ട പ്രത്യേക പരിശീലനവും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഇവര്‍ക്ക് പാകിസ്ഥാന്‍ നല്‍കിയിരുന്നു എന്നതിന് വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. 1993 ല്‍ മുംബൈ നഗരത്തിലെ പ്രധാന സ്ഥലങ്ങളിലാണ്  സ്‌ഫോടനം  നടന്നത്. ഇത്തരത്തില്‍ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സ്‌ഫോടനം  നടത്താനാണ് പിടിയിലായ ഭീകരര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നത്.

മഹാരാഷ്ട്ര സ്വദേശി ജാന്‍ മുഹമ്മദ് അലി ഷെയ്ക്ക് (47), ഡല്‍ഹി ജാമിയ സ്വദേശി ഒസാമ (22) , ഉത്തര്‍പ്രദേശ് സ്വദേശികളായ സീഷാന്‍ ഖ്വാമര്‍ (28), മുഹമ്മദ് അബൂബക്കര്‍ (23), മൂല്‍ചന്ദ് എന്ന ലാല (47), മുഹമ്മദ് ആമിര്‍ ജാവേദ് (31) എന്നിവരാണ് സ്‌ഫോടക വസ്തുക്കളും തോക്കുകള്‍ അടക്കമുള്ള ആയുധങ്ങളുമായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പിടിയിലായത്. ഇതില്‍ സിഷാനും ഒസാമയും പാകിസ്ഥാനില്‍ നിന്ന് പരീശീലനം ലഭിച്ചവരാണ്.

2008 ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തില്‍ പിടിയിലായ പാക് ഭീകരന്‍ അജ്മല്‍ കസബിന് പരീശീലനം നല്‍കിയ അതേ കേന്ദ്രത്തില്‍ നിന്നാണ് ഇവര്‍ക്കും പരിശീലനം ലഭിച്ചത്.  അവസാന ശ്വാസം നഷ്ടമാകുന്നതുവരെ ഇന്ത്യക്കാരെ കൊല്ലാന്‍ തനിക്ക് പാകിസ്ഥാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നാണ് പിടിയിലാകുമ്പോള്‍ അജ്മല്‍ കസബ് പറഞ്ഞത്. അതേ രീതിയിലാണ് സിഷാനും ഒസാമയ്ക്കും പരീശീലനം നല്‍കിയിരുന്നത്.

അത്യന്താധുനിക ആയുധങ്ങള്‍ ഉപയോഗിക്കാനും മാരകമായ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടാക്കാനും ഇവര്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ചിരുന്നു. ആയിരക്കണക്കിന് പേരെ കൊന്നൊടുക്കാന്‍ കഴിയുന്ന തരത്തിലുള്ള ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനാണ് ഇവര്‍ക്ക് പാക് ചാര സംഘടന നല്‍കിയിരുന്ന നിര്‍ദ്ദേശം.

അതുകൊണ്ടാണ് ഉത്സവ ആഘോഷങ്ങള്‍ക്കിടെ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടതും. കഴിഞ്ഞ ഏപ്രിലില്‍ മസ്‌കറ്റില്‍ എത്തിയ ഇവര്‍ അവിടെ നിന്ന് ബോട്ടില്‍ പാകിസ്ഥാനിലേക്ക് പരിശീലനത്തിനായി പോവുകയായിരുന്നു. പാക് സൈനികരാണ് പരിശീലനം നല്‍കിയത്. ആക്രമണ കേന്ദ്രങ്ങള്‍ നിരീക്ഷിച്ച് ബോംബുകള്‍ സ്ഥാപിക്കുകയായിരുന്നു ഇവരുടെ ദൗത്യം.

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമാണ് ഇവര്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്തത്. ദാവൂദിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിമിനായിരുന്നു ഒരു സംഘത്തിന്റെ ചുമതല. ഷെയ്ക്കും മൂല്‍ചന്ദും ഉള്‍പ്പെടുന്ന ഈ സംഘത്തിന് അതിര്‍ത്തി വഴി ആയുധങ്ങള്‍ കടത്തി ഒളിപ്പിക്കാനും ഹവാല പണം സംഘടിപ്പിക്കാനുമുള്ള ചുമതലയായിരുന്നു.

പ്രതികളില്‍ നിന്ന് പിടികൂടിയ സ്‌ഫോടക വസ്തുക്കളിലെ പരിശോധന തുടരുകയാണ്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും പ്രതികളെ ചോദ്യം ചെയ്യുന്നുണ്ട്. ഇതിനിടെ കേസില്‍ അറസ്റ്റിലായ ഡല്‍ഹി സ്വദേശി ഒസാമയുടെ പിതാവിന് ഈ പദ്ധതികളില്‍ പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം. നിലവില്‍ ദുബായിലുള്ള ഇയാളെ ഉടന്‍ നാട്ടിലെത്തിച്ചു ചോദ്യം ചെയ്യാനുള്ള നടപടികളിലാണ് സെപ്ഷ്യല്‍ സെല്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.