ആകര്‍ഷകമായ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരവുമായി ദുബൈ ആര്‍ടിഎ

ആകര്‍ഷകമായ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരവുമായി ദുബൈ ആര്‍ടിഎ

ദുബൈ: പതിനൊന്നാമത് പൊതുഗതാഗത ദിനവുമായി ബന്ധപ്പെട്ട് ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാന്‍ വിവിധ പരിപാടികളുമായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ). നവംബര്‍ ഒന്നു വരെ ആര്‍ടിഎ വെബ്‌സൈറ്റിലൂടെയുള്ള വെര്‍ച്വല്‍ മത്സരങ്ങളില്‍ പങ്കെടുത്ത് 20 ലക്ഷം നോല്‍ പോയിന്റുകള്‍ വരെ നേടാനുള്ള അവസരമാണ് ഒരുക്കുന്നത്. പ്രധാന പരിപാടിയായ 'ഹണ്ട് ഫോര്‍ ദ് വെര്‍ച്വല്‍ ട്രഷര്‍' മത്സരം ഇന്ന് ആരംഭിക്കും. വിവിധ പൊതുവാഹനങ്ങളില്‍ നിന്ന് സ്വര്‍ണനാണയങ്ങള്‍ കണ്ടെത്തുകയാണ് ഓണ്‍ലൈന്‍ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ചെയ്യേണ്ടത്. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന ഏഴ് യാത്രക്കാര്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കും. ഒന്നാം സ്ഥാനത്തെത്തുന്നയാള്‍ക്ക് 10 ലക്ഷം നോല്‍ പ്ലസ് ലോയല്‍റ്റി പോയിന്റുകള്‍ ലഭിക്കും.

രണ്ടാം സ്ഥാനക്കാര്‍ക്കും അഞ്ചും മൂന്നാം സ്ഥാനക്കാര്‍ക്ക് രണ്ടരയും നാലാം സ്ഥാനത്തെത്തുന്നവര്‍ക്ക് ഒരു ലക്ഷം പോയിന്റുകളും ലഭിക്കും. ബാക്കി സ്ഥാനങ്ങള്‍ നേടുന്ന മൂന്ന് പേര്‍ക്ക് അരലക്ഷം പോയിന്റ് വീതവും ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന നോല്‍ പോയിന്റുകള്‍ ഉപയോഗിച്ച് വിവിധ പൊതുവാഹനങ്ങളില്‍ യാത്ര ചെയ്യാം. കൂടാതെ 11,000 അംഗീകൃത ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഷോപ്പിങ് നടത്താനും ഇത്തിഹാദ് മ്യൂസിയത്തിലെ പബ്ലിക് പാര്‍ക്കുകളില്‍ പ്രവേശിക്കാനും സാധിക്കും. പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ആര്‍ടിഎ കോര്‍പ്പറേറ്റ് അഡിമിനിസ്‌ട്രേറ്റീവ് സപ്പോര്‍ട്ട് സര്‍വീസസ് വിഭാഗം മാര്‍ക്കറ്റിങ് ആന്‍ഡ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ റൗദ അല്‍ മെഹ്‌റിസി പറഞ്ഞു.

പൊതുഗതാഗതം ഉപയോഗിക്കുന്നവര്‍ക്കായി സാമൂഹിക മാധ്യമങ്ങളിലൂടെ വോക്‌സ് സിനിമാസ് നടത്തുന്ന ക്വിസ് മത്സരത്തിലൂടെ 100 സിനിമാ ടിക്കറ്റുകളും സമ്മാനമായി നേടാം. ഇതില്‍ 60 എണ്ണം പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സ്‌റ്റേഷനുകളിലും 40 എണ്ണം സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന ക്വിസ് മത്സര വിജയികള്‍ക്കുമാണ് ലഭിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.