തങ്ങളെ പിന്നില്‍നിന്നു കുത്തിയെന്ന് ഫ്രാന്‍സ്; സമാധാനം തകര്‍ക്കുമെന്ന് ചൈന: ത്രിരാഷ്ട്ര സഖ്യത്തിനെതിരേ രൂക്ഷവിമര്‍ശനം

തങ്ങളെ പിന്നില്‍നിന്നു കുത്തിയെന്ന് ഫ്രാന്‍സ്; സമാധാനം തകര്‍ക്കുമെന്ന് ചൈന: ത്രിരാഷ്ട്ര സഖ്യത്തിനെതിരേ രൂക്ഷവിമര്‍ശനം

ന്യൂയോര്‍ക്ക്: ഏഷ്യ-പസഫിക് മേഖലയില്‍ ചൈനയുടെ സ്വാധീനം തടയാന്‍ അമേരിക്കയും ബ്രിട്ടണും ഓസ്‌ട്രേലിയയും പുതിയ ത്രിരാഷ്ട്ര കരാര്‍ പ്രഖ്യാപിച്ചതിനെതിരേ രൂക്ഷവിമര്‍ശനവുമായി ചൈനയും ഫ്രാന്‍സും.

ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യയും പിന്തുണയും കരാര്‍ പ്രകാരം യു.എസും യു.കെയും ഓസ്ട്രേലിയയ്ക്ക് നല്‍കും. ഈ അപ്രതീക്ഷിത നീക്കം ഫ്രാന്‍സിനെയാണ് ഏറ്റവുമധികം ചൊടിപ്പിച്ചത്. 12 അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാന്‍ ഓസ്‌ട്രേലിയയുമായുണ്ടാക്കിയ കരാര്‍ നഷ്ടമായതോടെയാണ് ഫ്രാന്‍സ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. 90 ബില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറിന്റെ വമ്പന്‍ അന്തര്‍വാഹിനി കരാറാണ് റദ്ദായത്. തീരുമാനം തികഞ്ഞ വിശ്വാസ വഞ്ചനയാണെന്ന് ഫ്രാന്‍സ് ആരോപിച്ചു. ഈ നീക്കത്തിലൂടെ ഓസ്‌ട്രേലിയ തങ്ങളെ പിന്നില്‍നിന്നു കുത്തിയതായി ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ജാന്‍ യീവ്‌സ് ലെ ഡ്രിയാന്‍ കുറ്റപ്പെടുത്തി.

ലാഭകരമായ ഒരു പ്രതിരോധ കരാറില്‍ ഓസ്‌ട്രേലിയയെക്കൊണ്ട് ഒപ്പുവെപ്പിച്ച ബൈഡന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്‍ഗാമിയാണെന്ന് തെളിയിച്ചതായും അദ്ദേഹം ആരോപിച്ചു. ട്രംപ് പ്രസിഡന്റായപ്പോഴും ഇത്തരത്തിലുള്ള ഏകപക്ഷീയമായ തീരുമാനങ്ങളാണ് എടുത്തിരുന്നത്.

ഫ്രാന്‍സിന്റെ ബരാക്കുഡ ആണവോര്‍ജ അന്തര്‍വാഹിനികളുടെ മാതൃകയില്‍ 12 അന്തര്‍വാഹിനികള്‍ നിര്‍മിക്കാനാണ് ഓസ്‌ട്രേലിയ ഫ്രഞ്ച് ഉടമസ്ഥതയിലുള്ള നേവല്‍ ഗ്രൂപ്പുമായി ധാരണയിലെത്തിയിരുന്നത്. 2016ലാണ് കരാറില്‍ ഒപ്പുവെച്ചത്. നൂറ്റാണ്ടിന്റെ കരാര്‍ എന്നാണ് ഇതിനെ ഫ്രാന്‍സ് വിശേഷിപ്പിച്ചിരുന്നത്.

കരാര്‍ ചൈനയെയും പ്രകോപിപ്പിച്ചിട്ടുണ്ട്. തീര്‍ത്തും നിരുത്തരവാദപരമായ കരാറാണിതെന്നും പ്രാദേശിക സമാധാനത്തിനും സുസ്ഥിരതയ്ക്കും ഭീഷണി സൃഷ്ടിക്കുകയും ആയുധ മത്‌സരം വളര്‍ത്തുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയന്‍ ആരോപിച്ചു. യു.എസിനും ചൈനക്കും ഓസ്‌ട്രേലിയയ്ക്കും ശീതയുദ്ധകാലത്തെ അതേ മനസ്ഥിതിയാണെന്ന് വാഷിങ്ടണിലെ ചൈനീസ് എംബസി കുറ്റപ്പെടുത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ തിരിച്ചടികളുടെ കാരണങ്ങള്‍ ഓസ്ട്രേലിയ ശരിയായി വിലയിരുത്തുകയും ചൈനയെ ഒരു പങ്കാളിയായാണോ അതോ ഭീഷണി ആയിട്ടാണോ കാണേണ്ടത് എന്ന് പരിശോധിക്കുകയും ചെയ്യണമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു.

ആയുധ മല്‍സരത്തില്‍ ചൈന പ്രത്യാക്രമണം നടത്തിയാല്‍ ആദ്യം മരിക്കുന്നത് ഓസ്‌ട്രേലിയന്‍ പട്ടാളക്കാരാണെന്ന് ചൈനീസ് സര്‍ക്കാര്‍ നടത്തുന്ന ഗ്ലോബല്‍ ടൈംസ് പത്രം ഭീഷണി മുഴക്കി.

ത്രിരാഷ്ട്ര പ്രതിരോധ സഖ്യത്തെ സ്വാഗതം ചെയ്‌തെങ്കിലും തങ്ങളുടെ സമുദ്രമേഖലയില്‍ ഈ മൂന്ന് രാജ്യങ്ങളുടേയും ആണവ അന്തര്‍വാഹിനികളെ പ്രവേശിപ്പിക്കില്ലെന്നു ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീക്ക ആര്‍ഡേണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എന്നിവര്‍ ചേര്‍ന്നാണ് സഖ്യം പ്രഖ്യാപിച്ചത്.

കരാറില്‍ ചൈനയുടെ പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലെങ്കിലും പസഫിക് മേഖലയിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാനുള്ള ശ്രമമായി കരാറിനെ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഈ കരാര്‍ ബ്രിട്ടണിലും വാദപ്രതിവാദങ്ങള്‍ ഉയര്‍ത്തി. സഖ്യം ചൈനക്കെതിരേ ഉദ്ദേശിച്ചുള്ളതല്ലെന്നു ബോറിസ് ജോണ്‍സണ്‍ എം.പിമാരോട് വിശദീകരിച്ചു.

അതേസമയം, കരാര്‍ ബ്രിട്ടനും ചൈനയുമായുള്ള യുദ്ധത്തിലേക്ക് വലിച്ചിടാന്‍ ഇടയാക്കുമോ എന്ന് മുന്‍ പ്രധാനമന്ത്രി തെരേസ മേ വിമര്‍ശനം ഉന്നയിച്ചു.

ഫ്രാന്‍സിന്റെ വിമര്‍ശനങ്ങളെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകിയും തള്ളിക്കളഞ്ഞു. ഫ്രാന്‍സിനെ സുപ്രധാന പങ്കാളി എന്നു വിശേഷിപ്പിച്ച ജെന്‍ സാകി പാരിസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു.

യു.എസിനാണ് ഏറ്റവും കൂടുതല്‍ അന്തര്‍വാഹിനികള്‍ ഉള്ളത്-68 എണ്ണം. അതില്‍ ആണവ പോര്‍മുനയുള്ള ബാലിസ്റ്റിക് മിസൈല്‍ വഹിക്കാവുന്ന അന്തര്‍വാഹിനികള്‍ 14 എണ്ണം.

മറ്റു രാജ്യങ്ങളും അവയ്ക്ക് സ്വന്തമായുള്ള അന്തര്‍വാഹിനികളും:

റഷ്യ: ആകെ 29 എണ്ണം.
ആണവ പോര്‍മുനയുള്ള ബാലിസ്റ്റിക് മിസൈല്‍ വഹിക്കാവുന്നവ: 11

ചൈന: ആകെ 12
ആണവ ബാലിസ്റ്റിക് മിസൈല്‍ വഹിക്കാവുന്നവ: 6

യു.കെ: ആകെ 11
ആണവ ബാലിസ്റ്റിക് മിസൈല്‍ വഹിക്കാവുന്നവ: 4

ഫ്രാന്‍സ്: ആകെ 8
ആണവ ബാലിസ്റ്റിക് മിസൈല്‍ വഹിക്കാവുന്നവ: 4

ഇന്ത്യയ്ക്ക് തദ്ദേശീയമായി നിര്‍മിച്ച ഒരു ആണവ അന്തര്‍വാഹിനി മാത്രമാണുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.