രാജസ്ഥാനില്‍ 'ലാന്‍ഡ് ജിഹാദ്' കര്‍ശനമായി തടയണമെന്ന് ബി.ജെ.പി എം.എല്‍.എ

രാജസ്ഥാനില്‍ 'ലാന്‍ഡ് ജിഹാദ്' കര്‍ശനമായി തടയണമെന്ന് ബി.ജെ.പി എം.എല്‍.എ

ജയ്പുര്‍: രാജസ്ഥാൻ പട്ടണമായ മല്‍പുരയില്‍ മുസ്‌ലിംകളുടെ 'ലാന്‍ഡ് ജിഹാദ്' അധിനിവേശമെന്ന ആരോപണവുമായി ബി.ജെ.പി എം.എല്‍.എ. കനയ്യ ലാല്‍. നിയമസഭയില്‍ ഇതുസംബന്ധിച്ച് അദ്ദേഹം അടിയന്തര പ്രമേയം അവതരിപ്പിച്ചു.

മല്‍പുര ഒരു സെന്‍സിറ്റീവ് പട്ടണമാണെന്നും 1950 മുതല്‍ നിരന്തരമായി സാമുദായിക സംഘര്‍ഷങ്ങള്‍ ഉണ്ടായെന്നും നൂറിലധികം പേര്‍ മരിച്ചെന്നും കനയ്യ ലാല്‍ പറഞ്ഞു.'മുസ്‌ലിം സമൂഹം കാമ്പയിന്‍ നടത്തുകയാണ്. ഹിന്ദു സമൂഹത്തിന്റെ വീടുകളും ഭൂമിയും സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനേക്കാള്‍ ഉയര്‍ന്ന വിലയ്ക്കാണ് വാങ്ങുന്നത്. അനധികൃതമായി വാങ്ങുന്ന ഈ വീടുകളില്‍ അവര്‍ താമസിക്കാന്‍ തുടങ്ങുന്നു. തുടര്‍ന്ന് എല്ലാ ദിവസവും ഹിന്ദു അയല്‍ക്കാരെ ഭീഷണിപ്പെടുത്തുകയാണ്' - കനയ്യ ലാല്‍ ആരോപിച്ചു. ഇതു കര്‍ശനമായി തടഞ്ഞേ പറ്റൂ.


'ഹിന്ദു പെണ്‍കുട്ടികളെയടക്കം ഇവര്‍ ആക്ഷേപിക്കുന്നുണ്ട്. ഇത് അരക്ഷിതവും ഭീതിജനകവുമായ അന്തരീക്ഷത്തിലേക്ക് നാടിനെ നയിക്കുന്നു. ഈ ഭാഗത്തുനിന്ന് 800ഓളം കുടുംബങ്ങളാണ് പലായനം ചെയ്തത്. മുസ്‌ലിം പ്രദേശത്തോട് ചേര്‍ന്നുള്ള ഒമ്പത് വാര്‍ഡുകളിലെ ഭൂരിഭാഗം ഹിന്ദു കുടുംബങ്ങളും പലായനം ചെയ്തു. മറ്റു രണ്ട് വാര്‍ഡുകളില്‍ ജൈന ക്ഷേത്രങ്ങള്‍ നിലകൊള്ളുന്നുണ്ട്. ഇവിടത്തെ വഴികളില്‍ അസ്ഥികള്‍ ഉപേക്ഷിക്കുകയാണ്. ചിലര്‍ മല്‍പുര സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിനെ സമീപിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇത് തടയാന്‍ കര്‍ശനമായ നിയമം കൊണ്ടുവരണം' -മല്‍പുര എം.എല്‍.എ നിയമസഭയില്‍ പറഞ്ഞു.

മല്‍പുരയില്‍നിന്ന് ഹിന്ദു കുടുംബങ്ങള്‍ പലായനം ചെയ്യുകയാണെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന കമ്മിറ്റിയും രംഗത്തുവന്നു. ഇവിടത്തെ സ്ഥിതിഗതികള്‍ മനസ്സിലാക്കാന്‍ ബി.ജെ.പി അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
കേരളത്തില്‍ ലാന്‍ഡ് ജിഹാദടക്കം മറ്റ് ജിഹാദുകളും സജീവമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ച് ലവ് ജിഹാദ്, നാര്‍ക്കാട്ടിക് ജിഹാദ് വീഷയങ്ങളില്‍ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളെ പിന്തുണയ്ക്കുന്നതായി വ്യക്തമാക്കിയ ശേഷമാണ് വത്സന്‍ തില്ലങ്കേരി ഇക്കാര്യമറിയിച്ചത്. സത്യം തുറന്നുപറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുന്ന പ്രവണത ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.