റോമന്‍ കോടതിയില്‍ പാവങ്ങളുടെ ശബ്ദമാകാന്‍ സിസ്റ്റര്‍ ഫ്രാന്‍സെസ്‌ക

 റോമന്‍ കോടതിയില്‍ പാവങ്ങളുടെ ശബ്ദമാകാന്‍  സിസ്റ്റര്‍ ഫ്രാന്‍സെസ്‌ക

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സെസ്‌ക എന്ന പെണ്‍കുട്ടി ചെറുപ്പം മുതലേ ആഗ്രഹിച്ചത് ഒരു വക്കീലാകണം എന്നതായിരുന്നു. പക്ഷേ, ദൈവ നിയോഗം മറ്റൊന്നായിരുന്നു. കര്‍ത്താവിന്റെ മണവാട്ടിയാകാന്‍ അവള്‍ക്ക് വിളി ലഭിച്ചു. എന്തുകൊണ്ട് തനിക്ക് ഒരു സിസ്റ്ററും ഒരു വക്കീലും ആയിക്കൂടാ എന്ന ചിന്ത അവളില്‍ ജനിച്ചു.

ദൈവവിളിക്കു സമ്മതം മൂളിയപ്പോള്‍ ഈ രണ്ട് ആഗ്രഹങ്ങളും ദൈവം നടത്തി കൊടുത്ത കാഴ്ചയാണ് പിന്നീട് കണ്ടത്. ഇപ്പോള്‍ റോമന്‍ കോടതിയില്‍ സേവനം ചെയ്യുന്ന ഈ സന്യാസിനി തന്റെ ജീവിതം പാവപ്പെട്ടവര്‍ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.

സിസ്റ്റര്‍ ഫ്രാന്‍സെസ്‌കയ്ക്ക് ഫേസ്ബുക്കിലോ ഇന്‍സ്റ്റാഗ്രാമിലോ പ്രൊഫൈലുകളില്ല. അവരുടെ സന്യാസ സഭയുടെ പ്രവര്‍ത്തനങ്ങള്‍ പോലെ എല്ലാം നിശബ്ദമാക്കി വയ്ക്കാനാണ് ആഗ്രഹം. എങ്കിലും പാവങ്ങള്‍ക്കു വേണ്ടി ശുശ്രൂഷ ചെയ്യുന്ന ഈ സന്യാസിനിയുടെ ജീവിതം അറിയപ്പെടേണ്ടതു തന്നെയാണ്. കാരണം സഭയെയും സഭയിലെ അംഗങ്ങളെയുമാണ് ഈ സന്യാസിനി തന്റെ ജീവിതത്തിലൂടെ പ്രതിഫലിപ്പിക്കുന്നത്.

''വിശുദ്ധ ഫ്രാന്‍സിസ് അസീസി ദാരിദ്ര്യത്തെ വ്രതമായി സ്വീകരിച്ചു. അതിനര്‍ത്ഥം പാവപ്പെട്ടവരുടെ ഇടയില്‍ ദരിദ്രരെപ്പോലെ ജീവിക്കാന്‍ സ്വന്തം കൈ കൊണ്ട് പ്രവര്‍ത്തിക്കുക എന്നാണ്. ഇന്ന് തീര്‍പ്പു കല്പിക്കപ്പെടാതെ കോടതികളില്‍ കിടക്കുന്ന ഒരു കേസ് ദാരിദ്ര്യം എന്ന അവസ്ഥയുടെ കീഴിലാണ്''- എന്തുകൊണ്ടാണ് താന്‍ ഒരു അഭിഭാഷകയാകാന്‍ ആഗ്രഹിച്ചത് എന്നതിനെപ്പറ്റി സിസ്റ്റര്‍ ഫ്രാന്‍സെസ്‌ക പറയുന്നു.

സന്യാസിനി ആയതിനു ശേഷമാണ് സിസ്റ്റര്‍ തന്റെ അക്കാദമിക പഠനം ആരംഭിച്ചത്. ഇറ്റലിയില്‍ നിന്ന് പഠനാവശ്യത്തിനായി റോമിലെത്തിയ സിസ്റ്റര്‍, നിയമ പഠനത്തിനും സന്യാസ ജീവിതത്തിനുമായി തന്റെ സമയവും കഴിവുകളും വിഭജിച്ചു. ''ബിരുദത്തിലേക്കുള്ള എന്റെ പാത വെല്ലുവിളി നിറഞ്ഞതായിരുന്നു. പക്ഷേ, അത് എനിക്ക് ഇഷ്ടമായിരുന്നതിനാല്‍ ഒരിക്കല്‍ പോലും മടുപ്പ് അനുഭവപ്പെട്ടില്ല'' - സി. ഫ്രാന്‍സെസ്‌ക വ്യക്തമാക്കി.

ഈ അഭിഭാഷക സന്യാസിനിക്ക് കോടതിയില്‍ പ്രാക്റ്റീസ് ചെയ്യുന്നതിനായി ഒരു പരീക്ഷയില്‍ വിജയിക്കേണ്ടതുണ്ട്. സന്യസ്തര്‍ക്ക് അഭിഭാഷകവൃത്തി ചെയ്യണമെങ്കില്‍ വിജയിക്കേണ്ട പരീക്ഷയാണിത്. ഇപ്പോള്‍ പാവങ്ങള്‍ക്കിടയില്‍ സേവനം ചെയ്തുകൊണ്ടിരിക്കുന്ന സിസ്റ്റര്‍ ഫ്രാന്‍സെസ്‌ക ഈ പരീക്ഷ എഴുതാന്‍ കാത്തിരിക്കുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.