ചിന്താമൃതം ; ഇനി സമയമില്ലെന്ന് മിണ്ടിപ്പോകരുത്

ചിന്താമൃതം ; ഇനി സമയമില്ലെന്ന് മിണ്ടിപ്പോകരുത്

വർഷങ്ങൾക്ക് മുൻപ് ഡൽഹിയിൽ രാഷ്ട്രീയ സാമൂഹിക ആത്മീയ മണ്ഡലങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന കാലം. ആ സമയത്താണ് എന്റെ കല്യാണവും നടന്നത്. കുടുംബം, ജോലി, പ്രവർത്തനങ്ങൾ ഇതൊക്കെയായി തിരക്കോട് തിരക്ക്. പലപ്പോഴും എല്ലാ കാര്യങ്ങൾക്കും സമയം കിട്ടാതെ ഞാൻ വളരെയധികം ബുദ്ധിമുട്ടിയ സമയങ്ങളായിരുന്നു അത്. എല്ലാത്തിലും സജീവമായിരുന്നെങ്കിലും ഒന്നിനും സമയം കിട്ടുന്നില്ല എന്ന് ഞാൻ സ്ഥിരമായി പരാതി പറഞ്ഞിരുന്നു.

ആ സമയത്ത് സംസാരത്തിനിടയിൽ ഗുരുതുല്യനായി കരുതുന്ന ഷെവലിയാർ സിറിൾ ജോൺ എന്നെ സ്നേഹത്തോടെ തിരുത്തികൊണ്ട് ഇങ്ങനെ പറഞ്ഞു, മേലിൽ സമയമില്ല എന്ന വാക്ക് മിണ്ടിപ്പോകരുത്. അന്ന് അദ്ദേഹം എന്നോട് ചോദിച്ചു, നമ്മുക്ക് ഒരു ദിവസം എത്ര സമയമുണ്ട്, ഉത്തരം സ്വാഭാവികമായും 24 മണിക്കൂർ എന്ന് ഞാൻ മറുപടി പറഞ്ഞു. അദ്ദേഹം തിരുത്തി, അല്ല 24 മണിക്കൂർ ഒരു ചെറിയ സംഖ്യ അല്ലേ, നമുക്ക് 86,400 സെക്കന്റുകൾ ഉണ്ട് എന്ന് പറയുന്നതല്ലേ നല്ലത്, അതിൽ 21,600 സെക്കന്റുകൾ ഉറങ്ങാൻ മാറ്റി വച്ചാലും ബാക്കി 64,800 സെക്കന്റുകളാണ് നമുക്ക് ദൈവം നൽകിയിരിക്കുന്നത്. ഓരോ ദിവസവും നമുക്ക് ദൈവം നൽകുന്ന സമയം നമ്മൾ ഉപയോഗിച്ചില്ലെങ്കിൽ അത് പിറ്റേ ദിവസത്തേക്ക് ഉപയോഗിക്കാൻ പറ്റില്ല എന്നുകൂടി അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകദേശം 25 വർഷങ്ങൾ കഴിഞ്ഞിട്ടും ഈ വാക്കുകൾ എന്റെ കാതിൽ പ്രകമ്പനം കൊള്ളുന്നു, മാത്രമല്ല എന്റെ ജീവിതത്തിൽ സമയം കിട്ടുന്നില്ല എന്നൊരു പരാതി പിന്നീട് ഉയർന്ന് വന്നിട്ടില്ല. എഴുത്തിലും, വായനയിലും, വിനോദ പരിപാടിയിലും, ജോലിയിലുമെല്ലാം സജീവമായി നിൽക്കുമ്പോഴും വരുന്ന ഫോണുകൾക്കും സന്ദേശങ്ങൾക്കും കിടക്കുന്നതിന് മുൻപ് മറുപടി നൽകാൻ എനിക്ക് സാധിക്കുന്നത് ദൈവം എനിക്ക് ഓരോ ദിവസവും നൽകിയ ആവശ്യമായ സമയത്തെക്കിറിച്ചുള്ള വലിയ ബോധ്യമാണ് . ഓരോ ദിവസവും ഏകദേശം 150 ഇമെയിൽ സന്ദേശങ്ങൾ,ആയിരക്കണക്കിന് വാട്സാപ്പ് സന്ദേശങ്ങൾ, ഇത് കൂടാതെ ഫേസ്ബുക്ക്, ട്വിറ്റെർ, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം ഇതൊക്കെ സന്ദർശിക്കുക, ആവശ്യമുള്ളവർക്ക് മറുപടി കൊടുക്കുക - നമുക്ക് തോന്നും ഇതിനൊക്കെ ധാരാളം സമയം അവശ്യമില്ലേ എന്ന്. വേണ്ട എല്ലാകാര്യങ്ങൾക്കും ആവശ്യമായ സമയം അതായത് 86,400 സെക്കൻഡുകൾ ദൈവം ഓരോ ദിവസവും നമുക്ക് തരുന്നുണ്ട്,

നമുക്ക് തന്നിരിക്കുന്ന ഈ കൊച്ച് ജീവിതം ഉപയോഗശൂന്യമാക്കരുത്, ഓരോ ദിവസത്തിനും അതിന്റെതായ പ്രാധാന്യവും, പ്രശ്നങ്ങളുമുണ്ടാകും. അതൊരിക്കലും പിറ്റേ ദിവസത്തിന്റേതായി നമ്മൾ കൂട്ടേണ്ട കാര്യമില്ല. നമ്മുടെ മനസ്സും, തലച്ചോറും, ചിന്തകളും, ശരീരവുമെല്ലാം എപ്പോഴും പ്രവർത്തന നിരതമായിരിക്കട്ടെ. അല്ലെങ്കിൽ "അലസന്റെ മനസ്സ് പിശാചിന്റെ പണിപ്പുര"യായി മാറുന്നത് പോലെ, നമ്മുക്ക് ദൈവം തന്ന ജീവിതവും സമയവും ആരോഗ്യവുമൊക്കെ സാത്താൻ തട്ടിയെടുക്കും. ഓർക്കുക ഇന്ന് നമുക്ക് ലഭിക്കുന്ന സമയം ഉചിതമായ രീതിയിൽ ഇന്ന് തന്നെ
ഉപയോഗിക്കുക, ഇല്ലെങ്കിൽ അത് അടുത്ത ദിവസം ഉപയോഗശൂന്യമായിമാറും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.