നിക്കൊളാസ് ഒറേസ്മ്: ഫ്രാന്‍സില്‍ വിരിഞ്ഞ ബഹുമുഖ പ്രതിഭ

നിക്കൊളാസ് ഒറേസ്മ്: ഫ്രാന്‍സില്‍ വിരിഞ്ഞ ബഹുമുഖ പ്രതിഭ

ശാസ്ത്ര വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ. ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ പതിനൊന്നാം ഭാഗം.

ഫ്രാന്‍സിലെ നോര്‍മാന്‍ഡി എന്ന സ്ഥലത്ത് 1323 ലാണ് നിക്കൊളാസ് ഒറേസ്മ് ജനിക്കുന്നത്. 1340 കളുടെ ആരംഭത്തില്‍ അദ്ദേഹം പാരീസ് സര്‍വകലാശാലയില്‍ നിന്നും മാനവിക വിഷയങ്ങളില്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കി. അതിനുശേഷം കുറച്ചുകാലം അവിടെ തത്വശാസ്ത്രം പഠിപ്പിച്ചു. 1348 ല്‍ പാരിസ് യൂണിവേഴ്‌സിറ്റിയിലെ നവാര കോളേജില്‍ സ്‌കോളര്‍ഷിപ് കിട്ടിയവരുടെ കൂട്ടത്തില്‍ നിക്കൊളാസ് ഒറേസ്മ്യുടെ പേരുമുണ്ട്. 1355 ല്‍ തന്നെ അദ്ദേഹത്തിന്റെ ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയായി. 1356 ല്‍ അദ്ദേഹം ആ സര്‍വകലാശാലയില്‍ ഏറ്റവും ഉന്നതമായ സ്ഥാനത്തെത്തി.

സാമ്പത്തികശാസ്ത്രം, ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം, തത്വശാസ്ത്രം, ദൈവശാസ്ത്രം എന്നീ വിഷയങ്ങള്‍ നന്നായി പഠിക്കുകയും പ്രാഗത്ഭ്യം നേടുകയും ചെയ്തു. 1362 വരെ ഈ തസ്തികയില്‍ തുടര്‍ന്നു. 1362 മുതല്‍ പിന്നീട് ചാള്‍സ് അഞ്ചാമന്‍ എന്ന പേരില്‍ രാജാവായിത്തീര്‍ന്ന ചാള്‍സിന്റെ കൂടെയായിരുന്നു അദ്ദേഹം. പല പ്രശസ്തമായ ദൈവാലയങ്ങളിലും ശുശ്രൂഷ ചെയ്തതിനുശേഷം 1377 ല്‍ നിക്കൊളാസ് ഒറേസ്മ് ലിസ്യു രൂപതയുടെ മെത്രാനായി. 1382 ജൂലൈ 11 ന് ഫ്രാന്‍സിലെ ലിസ്യുവില്‍ വെച്ചു മരണമടഞ്ഞു.

ഗണിത ശാസ്ത്രത്തിലുള്ള അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന സംഭാവനകള്‍ അടങ്ങിയിരിക്കുന്നത് Questiones super geometriam Euclidis, Tractatus de configurationibus qualitatum et motuum എന്നീ പുസ്തകങ്ങളിലാണ്. ഈ രണ്ടു പുസ്തകങ്ങളിലും ദീര്‍ഘചതുര coordinate ഉപയോഗിച്ചുള്ള ജ്യാമിതീയ രൂപങ്ങള്‍ ഉപയോഗിച്ചു സാധാരണങ്ങളും അസാധാരണങ്ങളുമായ ഗുണവിതരണങ്ങളെ തിരിച്ചറിയുക എന്ന കാര്യത്തിനാണ് അദ്ദേഹം ഊന്നല്‍ നല്‍കുന്നത്. ഉദാഹരണമായി ഒരു വസ്തുവിന്റെ വേഗത്തിനു സമയത്തില്‍ സംഭവിക്കുന്ന മാറ്റം മനസിലാക്കാന്‍ അത് ഇത്തരത്തില്‍ ദീര്‍ഘചതുരത്തില്‍ അടയാളപ്പെടുത്തി വിശകലനം ചെയ്താല്‍ മതി. ഇതില്‍ താഴത്തെ വര എപ്പോഴും സമയത്തെയും അതിനു ലംബമായുള്ള വര വേഗതയേയും കുറിക്കുന്നു.

ഇരുമാനങ്ങളുള്ള ഈ ദീര്‍ഘചതുര മാതൃക ആ ചലിക്കുന്ന വസ്തുവിന്റെ വേഗതയെ പഠിക്കാനും വിശകലനം ചെയ്യാനുമുള്ള ഏറ്റവും ഉത്തമമായ മാര്‍ഗമാണ്. ഇന്നും നാം ശാസ്ത്രവിഷയങ്ങളുടെ പഠനത്തില്‍ ഈ മാര്‍ഗം അവലംബിക്കുന്നുണ്ട്. നമ്മള്‍ തയ്യാറാക്കുന്ന ഗ്രാഫുകള്‍ ഇതാണ് അര്‍ത്ഥമാക്കുന്നത്. നിക്കൊളാസ് ഒറേസ്മ്യുടെ ഈ കണ്ടുപിടുത്തങ്ങള്‍ പിന്നീട് റെനെ ഡെക്കാര്‍ട്ടിനെ Analytic Geometry രൂപീകരിക്കാന്‍ സഹായിച്ചു.

ഒറേസ്മ്യുടെ പഠനങ്ങള്‍ 1330 കളില്‍ ഓക്സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ രൂപം കൊണ്ട മെര്‍ട്ടന്‍ തിയറം തെളിയിക്കാന്‍ സഹായിച്ചു. ഈ തിയറി അനുസരിച്ചു കൃത്യമായ ഒരു ത്വരണത്തോടെ സഞ്ചരിക്കുന്ന ഒരു വസ്തു ചലിക്കുന്ന ദൂരവും ആ യാത്രയുടെ മധ്യഭാഗത്തെ വേഗത്തില്‍ മുഴുവന്‍ ദൂരവും യാത്ര ചെയ്യുന്ന വസ്തുവും സഞ്ചരിക്കുന്ന ആകെ ദൂരം ഒന്ന് തന്നെയായിരിക്കും. വേഗതകളെ ഗ്രാഫുകളായി ചിത്രീകരിക്കുന്ന ഈ മാതൃകയാണ് പിന്നീട് കിനെമാറ്റിക്‌സ് വളര്‍ത്താന്‍ ഗലീലിയോയ്ക്കും മറ്റുള്ളവക്കും സഹായകരമായതെന്ന് ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നു.

അനന്തതകളെക്കുറിച്ചുള്ള(Infinite) അദ്ദേഹത്തിന്റെ ചിന്തകളും വളരെ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. രണ്ടു അനന്തസംഖ്യകള്‍ തമ്മില്‍ ഒന്ന് മറ്റൊന്നിനേക്കാള്‍ കൂടുതലോ കുറവോ അല്ല എന്ന് ചിന്തയെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം പറയുന്നു. അവക്കിടയില്‍ വലുത് ചെറുത് എന്ന വ്യത്യാസം മനസ്സിലാക്കാന്‍ പറ്റില്ലെങ്കിലും അവ പരസ്പരം തുല്യമല്ല എന്നും വ്യത്യസ്തങ്ങളാണ് എന്നതും ഒറേസ്മ് അംഗീകരിക്കുന്നുണ്ട്. ഗണിതശാസ്ത്രത്തിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം ഇതില്‍നിന്നു മനസിലാക്കാം. ഭിന്നസംഖ്യകളുടെ ഘനങ്ങളെക്കുറിച്ചുള്ള (Fractional Exponents) ആദ്യ പഠനങ്ങള്‍ കാണാന്‍ സാധിക്കുന്ന പുസ്തകമാണ് അദ്ദേഹത്തിന്റെ De proportionibus proportionum എന്ന പുസ്തകം.

ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന മാതൃകയിലല്ല അദ്ദേഹം ഭിന്നസംഖ്യകളെ എഴുതിയിരുന്നത് എന്ന് മാത്രം. അരിസ്റ്റോട്ടില്‍ മുന്നോട്ടു വെച്ച നിശ്ചലഭൂമി എന്ന സങ്കല്‍പം കോപ്പര്‍നിക്കസിനും 200 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒറേസ്മ് നിഷേധിച്ചിരുന്നു. Livre du ciel et du monde എന്ന 1377 ല്‍ പുറത്തിറക്കിയ പുസ്തകത്തിലാണ് അദ്ദേഹം ഇത് പറയുന്നത്. എന്നാല്‍ പുസ്തകത്തിന്റെ അവസാന ഭാഗത്ത് അദ്ദേഹം തന്റെതന്നെ ആശയത്തെ എതിര്‍ക്കുന്നുണ്ട്. അതിനാല്‍ അദ്ദേഹത്തെ കോപ്പര്‍നിക്കസിന്റെ മുന്‍ഗാമിയായി കാണാനാവില്ല. മധ്യകാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ശാസ്ത്രജ്ഞന്‍ എന്നാണ് നിക്കൊളാസ് ഒറേസ്മ് അറിയപ്പെടുന്നത്.

സാമ്പത്തിക ശാസ്ത്രത്തില്‍ അദ്ദേഹം രചിച്ച ഏറ്റവും മികച്ച പുസ്തകങ്ങളിലൊന്നാണ് De origine, natura, jure et mutationibus monetarum. ഇതില്‍ പണം എന്നത് രാജാവിന്റെ സ്വത്തല്ല മറിച്ചു ജനങ്ങളുടെ സ്വത്താണെന്നും സ്വന്തം താത്പര്യം അനുസരിച്ചു രാജാവിന് പണത്തിന്റെ മൂല്യത്തിലോ തൂക്കത്തിലോ മാറ്റം വരുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. ഏതെങ്കിലും സമൂഹത്തില്‍ ഒരേ നാമവും രണ്ടു മൂല്യവുമുള്ള നാണയങ്ങള്‍ പ്രചരിച്ചാല്‍ കാലക്രമേണ താഴന്ന മൂല്യമുള്ള നാണയം ഉയര്‍ന്ന മൂല്യമുള്ള നാണയത്തെ കീഴടക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഈ പുസ്തകം ധനത്തെക്കുറിച്ചു സംസാരിക്കുന്ന മധ്യകാലഘട്ടത്തിലെ പ്രധാന പുസ്തകങ്ങളിലൊന്നാണ്.

പല മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച നിക്കൊളാസ് ഒറേസ്മ് എല്ലാവര്‍ക്കും മാതൃകയാണ്. വായനയും പഠനവും കേവലം ചില ഇഷ്ടപ്പെട്ട മേഖലകളില്‍ ഒതുക്കി നിര്‍ത്തേണ്ടതല്ലെന്നും മറിച്ചു പരന്ന വായനയും ആഴമായ അറിവുമാണ് നമ്മെ ഉയര്‍ച്ചയിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം അനുസ്മരിപ്പിക്കുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.