അനുദിന വിശുദ്ധര്‍ - സെപ്റ്റംബര്‍ 27
ഫ്രാന്‍സിന്റെ തെക്ക്-പടിഞ്ഞാറന്‍ ഭാഗത്തുള്ള പിറനീസു പര്‍വ്വതത്തിനു സമീപം പൂയി എന്ന ഗ്രാമത്തില്‍ വില്യം ഓഫ് പോളിന്റെയും ബെര്‍ട്രാന്റായുടെയും മകനായി 1576 ഏപ്രില്‍ 24 ന് വിന്‍സെന്റ് ഡി പോള്‍ ജനിച്ചു. ദമ്പതികള്‍ക്ക് വിന്‍സെന്റിനെ കൂടാതെ അഞ്ച് മക്കള്‍ക്കൂടി ഉണ്ടായിരുന്നു.
വളരെ പാവപ്പെട്ട ഒരു കുടുംബത്തില്‍ ജനിച്ച വിന്‍സെന്റ് ഡി പോളിന് എപ്പോഴും പാവപ്പെട്ടവരോട് എന്തെന്നില്ലാത്ത ഒരു സ്നേഹം തോന്നിയിരുന്നു. ചെറുപ്രായത്തില്‍ തന്നെ സ്നേഹത്തിന്റെ പൂര്‍ണത അവനില്‍ കണ്ടുതുടങ്ങി.
ആടുമേയിക്കുമ്പോള്‍ സങ്കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും ഗാനരൂപത്തില്‍ ആലപിക്കുകയായിരുന്നു അവന്റെ ഇഷ്ട വിനോദങ്ങള്‍. മകന്റെ വിദ്യാഭ്യാസത്തിലുള്ള അഭിരുചി കണ്ട് പിതാവ് തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും അതിനായി മാറ്റിവച്ചു. പിന്നീട് ഫ്രാന്‍സിസ്‌കന്‍ സന്യാസികളുടെ സഹായത്തോടെയും അവന്റെ വിദ്യാഭ്യാസ ജീവിതം കരുപ്പിടിപ്പിച്ചു.
കോമറ്റ് എന്നുപേരുള്ള ഒരു ധനികന്റെ കുട്ടികളെ പഠിപ്പിക്കുവാനായി ആ നാളുകളില്‍ വിന്‍സെന്റിന് അവസരം ലഭിക്കുകയുണ്ടായി. അതില്‍ നിന്നുള്ള ചെറിയ സമ്പാദ്യം കുടുംബത്തിന്റെ നടത്തിപ്പിനും സ്വന്തം വിദ്യാഭ്യാസത്തിനും അവനെ സഹായിച്ചു. 1596 ല്‍ ഇരുപത് വയസുള്ളപ്പോള്‍ സര്‍വ്വകലാശാലാ പഠനം പൂര്‍ത്തിയാക്കി വിന്‍സെന്റ് പൗരോഹിത്യ പഠനം ആരംഭിച്ചു.
തന്റെ സ്വപ്നം സാക്ഷാത്കരിച്ച് 1600 ല്‍ ഫ്രാന്‍സിസ്‌കന്‍ സഭയില്‍ അവന്‍ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. ഫ്രാന്‍സിസിന്റെ ജീവിതത്തില്‍ അദ്ദേഹം ആഗ്രഹിച്ചതു പോലെ മറ്റൊരു ക്രിസ്തുവായിത്തീരുക എന്നതു തന്നെയായിരുന്നു വിന്‍സെന്റിന്റെയും ജീവിത ലക്ഷ്യം. സുവിശേഷം അനുസരിക്കുന്നതില്‍ അണുവിട വ്യതിചലിക്കുവാന്‍ അദ്ദേഹം തയ്യാറായില്ല. പാവങ്ങളോടുള്ള അദ്ദേഹത്തിന്റെ കാരുണ്യം മനസിലാക്കിയ ധനികയായ ഒരു സ്ത്രീ തന്റെ മരണ സമയത്ത് ധാരാളം വരുന്ന സ്വത്തുക്കള്‍ വിന്‍സെന്റിന്റെ പേരിലെഴുതി.
തനിക്ക് ലഭിക്കാനുണ്ടായിരുന്ന സ്വത്തിന്റെ അവകാശം സ്വന്തമാക്കുവാന്‍ 1605 ല്‍ വിന്‍സെന്റ് എത്തിയപ്പോള്‍ സ്വത്തുമായി ഒരാള്‍ കടന്നുകളഞ്ഞ വിവരമാണ് വിന്‍സെന്റിന് ലഭിച്ചത്. പിന്നീട് ലഭിച്ച പണവും സ്വത്തുക്കളുമായി കപ്പലില്‍ തിരികെ വരുമ്പോള്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രമണമുണ്ടായി. എട്ടു ദിവസങ്ങള്‍ കഴിഞ്ഞ് തീരത്തെത്തിയ കപ്പലില്‍ മറ്റുള്ളവരോടൊപ്പം വിന്‍സെന്റ് ഡി പോളും അടിമയാക്കപ്പെട്ടു.
അടിമകളോടുള്ള അവരുടെ സമീപനം അതിക്രൂരമായിരുന്നു. എല്ലാത്തരം പീഡനങ്ങള്‍ക്കും വിധേയനായ വിന്‍സെന്റിനെ അവസാനം ഒരു മുക്കുവന്‍ വിലകൊടുത്തു വാങ്ങി. എന്നാല്‍ കടലില്‍ ജോലി ചെയ്യുവാന്‍ വിന്‍സെന്റിന് വശമില്ലെന്നറിഞ്ഞ് പ്രായമായ ഒരു വൈദ്യന് വിന്‍സെന്റിനെ അദ്ദേഹം വിറ്റു. വര്‍ഷങ്ങളായി താന്‍ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു സിദ്ധാന്തം പൂര്‍ത്തിയാക്കുവാന്‍ സഹായിക്കുകയായിരുന്നു ജോലി. മന്ത്രവാദങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അമ്പതു വര്‍ഷത്തെ പ്രായോഗിക പഠനങ്ങളായിരുന്നു അത്.
അവിടെ കഴിഞ്ഞു കൂടുവാന്‍ വിന്‍സെന്റിന് നന്നേ കഷ്ടപ്പെടേണ്ടി വന്നു. അതിനിടയില്‍ മുസ്ലീം മതം സ്വീകരിച്ചാല്‍ പീഡനങ്ങളില്‍നിന്ന് രക്ഷപ്പെട്ട് സ്വതന്ത്രനാകാമെന്ന് വാഗ്ദാനമുണ്ടായി. എന്നാല്‍ വിന്‍സെന്റ് അതിന് തയ്യാറായതേയില്ല. പരിശുദ്ധ അമ്മയോടുള്ള പ്രാര്‍ത്ഥന ഒന്നു മാത്രമാണ് അതിക്രൂരമായ മര്‍ദനങ്ങള്‍ക്കിടയിലും ക്രിസ്തീയ വിശ്വാസം കാത്തു സൂക്ഷിക്കുവാന്‍ അദ്ദേഹത്തിന് ശക്തി നല്‍കിയത്.
എന്നാല്‍ പിന്നീട് അവര്‍ ക്രിസ്തുമതം ഉപേക്ഷിച്ച ഒരു മുസ്ലീമിന് വിന്‍സെന്റിനെ വിറ്റു. അദ്ദേഹത്തിന് മൂന്നു ഭാര്യമാരുണ്ടായിരുന്നു. അവരിലൊരാള്‍ ജോലിക്കിടയില്‍ വിന്‍സെന്റ് ആലപിക്കുന്ന സങ്കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും കേള്‍ക്കുവാനിടയായി. ഇത്രമേല്‍ ശ്രേഷ്ഠമായ ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ചതിന് അവള്‍ തന്റെ ഭര്‍ത്താവിനെ കുറ്റപ്പെടുത്തുവാന്‍ തുടങ്ങി. അങ്ങനെ ഭര്‍ത്താവിന് മാനസാന്തരമുണ്ടായപ്പോള്‍ അദ്ദേഹവും വിന്‍സെന്റും കൂടി മറ്റുള്ളവരുടെ സഹായത്തോടെ ഫ്രാന്‍സില്‍ അവിഞ്ഞാണിലേക്ക് രക്ഷപ്പെട്ടു.
പിന്നീട് പാരീസിലെത്തിയെങ്കിലും സന്തോഷത്തിന്റെ നാളുകള്‍ അധികം നീണ്ടില്ല. വിന്‍സെന്റ് താമസിച്ചിരുന്ന ഭവനത്തില്‍ത്തന്നെയുണ്ടായിരുന്ന ഒരു ജഡ്ജിയുടെ വലിയ സ്വത്തുക്കള്‍ ആരോ മോഷ്ടിച്ചു. ആ കേസില്‍ വിന്‍സെന്റിനെ കള്ളക്കേസില്‍ കുടുക്കി ആറ് വര്‍ഷം ജയിലിലടച്ചു. താന്‍ നിരപരാധിയാണെന്നറിഞ്ഞിട്ടും തന്നെ സംശയിക്കുകയും തടവിലാക്കുകയും ചെയ്ത ആരോടും അദ്ദേഹം പരിഭവം വച്ചുപുലര്‍ത്തിയില്ല.
ആ നാളുകളില്‍ സ്നേഹമുള്ള ഒരു വൈദികനെ കണ്ടെത്താന്‍ വിന്‍സെന്റിന് സാധിച്ചു. പിന്നീട് ഈ വൈദികന്‍ കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. അദ്ദേഹവുമായുള്ള പരിചയം ശിക്ഷ കഴിഞ്ഞപ്പോള്‍ പാരീസിന് പുറത്തുള്ള ചെറിയൊരു ഇടവകയില്‍ സേവനം ചെയ്യുവാന്‍ വിന്‍സെന്റിന് അവസരമൊരുക്കി. പിന്നീട് പലരുടേയും ആത്മീയ പിതാവായും വിന്‍സെന്റ് സേവനം ചെയ്തു.
കര്‍ദിനാളിന്റെ അനുവാദത്തോടുകൂടി അഞ്ച് സഹോദരന്‍മാരോടൊപ്പം പാവപ്പെട്ട മനുഷ്യര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ വിന്‍സെന്റ് ആരംഭിച്ചു. വിശ്വാസത്തില്‍ നിന്ന് ദാരിദ്ര്യം മൂലം വ്യതിചലിച്ചവരും ജീവിക്കാന്‍ വേണ്ടി ധാര്‍മ്മിക മൂല്യങ്ങള്‍ കാറ്റില്‍ പറത്തുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു.
ദൈവത്തിന് വേദനാജനകമായ ജീവിതം നയിക്കുന്ന സകലരോടും സത്യത്തിന്റെ പാതയെക്കുറിച്ച് അദ്ദേഹം പ്രസംഗിക്കുകയും നന്മയുടെ പാത അവര്‍ക്ക് സ്വന്തം പ്രവൃത്തികളിലൂടെ കാണിച്ച് കൊടുക്കുകയും ചെയ്തു. പിന്നീടാണ് വിശുദ്ധ ഫ്രാന്‍സിസ് സാലസിന്റെ ജീവിതവുമായി വിന്‍സെന്റ് ബന്ധപ്പെടുന്നത്.
ഫ്രാന്‍സിസ് സാലസാണ് പാവപ്പെട്ടവരോട് സഹാനുഭൂതിയും അനുകമ്പയും പ്രകടിപ്പിച്ച് വിസിറ്റേഷന്‍ സന്യാസ സഭയ്ക്ക് ആരംഭം കുറിച്ചത്. അതിന്റെ സുപ്പീരിയറായിരുന്ന ജെയ്ന്‍ ഫ്രാന്‍സിസ് ഡെ ഷന്താളും സഹോദരിമാരും വിന്‍സെന്റിന്റെ നിര്‍ദേശ പ്രകാരം പാവപ്പെട്ടവരെയും അശരണരെയും സഹായിച്ചുകൊണ്ടിരുന്നു.
1625 ഉന്നത വിദ്യാഭ്യാസവും അറിവും അനുഭവവുമുള്ള ലൂയിസ് മരിയ എന്നൊരു സ്ത്രീയും അവരോടൊപ്പം കൂടി. ഭര്‍ത്താവ് മരിച്ചപ്പോള്‍ വിന്‍സെന്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കേട്ട് അവള്‍ പാരീസിലെത്തിയതായിരുന്നു. പാവപ്പെട്ടവരെ സഹായിക്കുകയായിരുന്നു അവളുടേയും ലക്ഷ്യം.
ലൂയിസ് മരിയയുടെ ഭവനത്തിലായിരുന്നു വിന്‍സെന്റ് ഡി പോള്‍ സന്യാസിനി സഭയുടെ ആരംഭം. പ്രശസ്തയായ കാതറിന്‍ ലബോറെ ഈ സമൂഹത്തിലെ അംഗമായിരുന്നു. അവള്‍ക്ക് ലഭിച്ച ദര്‍ശനങ്ങളിലൂടെ പരിശുദ്ധ ദൈവമാതാവ് ധാരാളം സന്ദേശങ്ങള്‍ ലോകത്തിന് നല്‍കിയിട്ടുണ്ട്. അത്ഭുത മെഡലിന്റെ ഉത്ഭവം പരിശുദ്ധ അമ്മ അവള്‍ക്ക് നല്‍കിയ ദര്‍ശനത്തില്‍ നിന്നായിരുന്നു.
വിന്‍സെന്റ് ഡി പോള്‍ സന്യാസിനി സഭയുടെ മഹത്തായ പ്രവര്‍ത്തനങ്ങള്‍ കണ്ട് ഒരു കോളേജ് തുടങ്ങുന്നതിനുള്ള അനുവാദവും സഹായവും സഭാ നേതൃത്വം അവര്‍ക്ക് നല്‍കി. നല്‍കുകയുണ്ടായി. പുതിയതായി ഉയര്‍ന്നുവന്ന ഈ സമൂഹത്തിന് രാജാക്കന്‍മാരും പ്രഭുക്കന്‍മാരും ധാരാളം സഹായങ്ങള്‍ ചെയ്തു. താമസിക്കുവാനും രോഗികളെ പരിചരിക്കുവാനും ഉതകുന്ന തരത്തിലുള്ള ധാരാളം ഭവനങ്ങള്‍ അവിടെയുണ്ടായിരുന്നു. സന്യാസ സഭയുടെ ആവശ്യങ്ങള്‍ക്കും ശുശ്രൂഷകള്‍ക്കുമായിട്ടാണ് അവയെല്ലാം ഉപയോഗിച്ചിരുന്നത്.
വിന്‍സെന്റ് ഡി പോളിന്റെ മഹത്തായ പ്രവര്‍ത്തനങ്ങള്‍ കണ്ട് അലക്സാണ്ടര്‍ ഏഴാമന്‍ മാര്‍പ്പാപ്പ പൗരോഹിത്യ സ്വീകരണത്തിനൊരുങ്ങുന്ന എല്ലാവരും വിന്‍സന്റ് ഡി പോളിന്റെ സഭയിലെ പത്തു ദിവസത്തെ ധ്യാനം കൂടിയിരിക്കണമെന്ന് നിര്‍ദേശിക്കുക പോലും ചെയ്തു. ലോകത്തെ വിന്‍സെന്റ് ഡി പോള്‍ സ്വാധീനിച്ചത് വളരെ വ്യത്യസ്തമായിട്ടായിരുന്നു. ദാരിദ്ര്യത്തിന്റെയും പീഡനങ്ങളുടേയും തടവറ ജീവിതത്തിന്റെയും ഒടുവില്‍ മഹത്തായ ഒരു നക്ഷത്രമായി അദ്ദേഹം ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു.
ഫ്രാന്‍സ് മുതല്‍ ഇറ്റലിയിലെ പിയദ്മോന്റ് വരെയും യൂറോപ്പ് മുഴുവനായും ഇരുപത്തഞ്ചോളം ഭവനങ്ങള്‍ അദ്ദേഹം സ്ഥാപിച്ചു. അതുപോലെ സന്യാസ സഭയ്ക്ക് പുറമെ കോണ്‍ഫ്രറ്റേര്‍ണിറ്റികളും സ്ഥാപിച്ചു. രോഗികള്‍ക്കായും യുവതികളുടെ വിദ്യാഭ്യാസത്തിനായും അനാഥ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായും നിരവധി സഹായ സംഘങ്ങള്‍ അദ്ദേഹം രൂപീകരിക്കുകയുണ്ടായി.
ദിവസത്തില്‍ പല പ്രാവശ്യം അദ്ദേഹം ശരീരത്തില്‍ കുരിശടയാളം വരയ്ക്കുമായിരുന്നു. അപ്രകാരം കുരിശിനോട് എല്ലായ്പ്പോഴും ജീവിതത്തെ ചേര്‍ത്തുവയ്ക്കുന്നതില്‍ അദ്ദേഹം ആനന്ദിച്ചു. കൂദാശകളുടെ ഒരു മനുഷ്യനായിരുന്നു വിന്‍സെന്റ് ഡി പോള്‍. കുമ്പസാരത്തിനായി വിശ്വാസികളെ ഒരുക്കുന്നതിന് അഭൗമികമായ കൃപയാണ് ദൈവം അദ്ദേഹത്തിന് നല്‍കിയിരുന്നത്. കുറ്റബോധമല്ല നമ്മെ കുമ്പസാരത്തിലേക്ക് നയിക്കേണ്ടത് മറിച്ച് ദൈവത്തെ വേദനിപ്പിച്ചല്ലോ എന്നുള്ള പാപ ബോധമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം.
1660 സെപ്തംബര്‍ 27 ന് വിന്‍സെന്റ് ഡി പോള്‍ പിതാവിന്റെ ഭവനത്തിലേക്ക് യാത്രയായി. പാരീസിലെ ലാസറസ് ദേവാലയത്തില്‍ ഭൗതീക ശരീരം സംസ്‌കരിച്ചു. മരണശേഷം അത്ഭുതങ്ങള്‍ ധാരാളമായി സംഭവിച്ചുകൊണ്ടിരുന്നു. 1712 ല്‍ കൂടുതല്‍ പരിശോധനയ്ക്കായി കല്ലറ തുറന്നപ്പോള്‍ ശരീരം കേടുകൂടാതെയിരിക്കുന്നതാണ് കണ്ടത്.
ജനങ്ങളെല്ലാം അദ്ദേഹത്തെ ജീവിച്ചിരിക്കുമ്പോള്‍ മുതല്‍ ഒരു വിശുദ്ധനായിട്ടാണ് കണ്ടത്. 1729 ജൂലൈ 14 ന് അദ്ദേഹം വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തപ്പെട്ടു. 1742 ജൂണ്‍ 16 ന് ക്ലെമന്റ് പന്ത്രണ്ടാമന്‍ പാപ്പ വിന്‍സെന്റ് ഡി പോളിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.
ഫ്രഞ്ച് പണ്ഡിതനും വാഴ്ത്തപ്പെട്ടവനുമായ ഫ്രെഡറിക്ക് ഓസാനം, വിശുദ്ധനെ പ്രചോദനമായി കണ്ട് അദ്ദേഹത്തിന്റെ നാമത്തില്‍ പാവങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ 1835 ല്‍ സ്ഥാപിച്ച സംഘടനയാണ് ഇപ്പോഴും നമ്മുടെ ഇടവകകളില്‍ പ്രവര്‍ത്തിക്കുന്ന വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. അന്തിമൂസ്, എവുപ്രേപ്പിയൂസ്
2. ബാരി ദ്വീപിലെ ബാരണോക്ക്
3. പാരീസ് ബിഷപ്പായിരുന്ന ചെറാനൂസ്
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.