'ആക്രി'ക്കച്ചവടക്കാരനായ മോന്‍സണ്‍ തട്ടിപ്പിലെ വന്‍ 'മോണ്‍സ്റ്റര്‍'

'ആക്രി'ക്കച്ചവടക്കാരനായ മോന്‍സണ്‍ തട്ടിപ്പിലെ വന്‍ 'മോണ്‍സ്റ്റര്‍'

കൊച്ചി: പുരാവസ്തു ശേഖരത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ 'ആക്രി'ക്കച്ചവടക്കാരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പിനെക്കുറിച്ച് ആദ്യ സൂചന നല്‍കിയത് ഒപ്പമുണ്ടായിരുന്ന ആള്‍ തന്നെ. മോന്‍സണോടൊപ്പം പത്തു വര്‍ഷം ജോലി ചെയ്തിരുന്ന വ്യക്തിയാണ് ഇയാള്‍ പറയുന്നതെല്ലാം വെറും കള്ളക്കഥകളാണെന്ന് പരാതിക്കാര്‍ക്ക് വിവരം നല്‍കിയത്.

ഇതോടെയാണ് തങ്ങള്‍ വലിയ തട്ടിപ്പിനാണ് ഇരയായതെന്ന് ഇടപാടുകാര്‍ക്ക് ബോധ്യം വന്നത്. തുടര്‍ന്നാണ് മോന്‍സണെതിരെ പരാതി നല്‍കുന്നത്. അപ്പോഴേക്കും കോഴിക്കോട് സ്വദേശികളായ യാക്കൂബ്, അനൂപ്, ഷമീര്‍ എന്നിവരില്‍ നിന്നായി മോന്‍സണ്‍ എന്ന തട്ടിപ്പിലെ 'മോണ്‍സ്റ്റര്‍' ഏതാണ്ട് പത്തു കോടി രൂപ സ്വന്തമാക്കിയിരുന്നു.

ജാഡയും ധാരാളിത്തവും കാണിച്ച് ഇരകളെ വലയിലാക്കിയതിനൊപ്പം സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരേയും സിനിമാ താരങ്ങളേയും രാഷ്ട്രീയ നേതാക്കളേയും എല്ലാം സുന്ദരമായി പറഞ്ഞു കബളിപ്പിച്ചു എന്നതാണ് മോന്‍സണെ തട്ടിപ്പിന്റെ
മോണ്‍സ്റ്റര്‍ ആക്കുന്നത്. ഈ ഉന്നതരുടെ തണലാണ് ഇയാള്‍ ഇതുവരെ ഫലപ്രദമായി ഉപയോഗിച്ചിരുന്ന സംരക്ഷണ കവചം.


ഡിഗ്രി പോലും പാസാകാത്ത ഇയാള്‍ ഡോ. മോന്‍സണ്‍ മാവുങ്കല്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. അരലക്ഷം രൂപ മാസ വാടകയിലാണ് കലൂരില്‍ വീട് എടുത്ത് താമസം തുടങ്ങിയത്. മാസങ്ങളായി വാടക കൊടുത്തിട്ടില്ല. പ്രവാസി മലയാളി ഫൗണ്ടേഷന്‍ രക്ഷാധികാരി, വേള്‍ഡ് പീസ് കൗണ്‍സില്‍ മെംബര്‍, ഹ്യൂമണ്‍ റ്റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി എന്നിങ്ങനെയുള്ള ബോര്‍ഡുകള്‍ മോന്‍സന്റെ വീടിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ജാഡയുടെ നേര്‍ സൂചികയായി വീട്ടുമുറ്റത്തുണ്ടായിരുന്ന ആഢംബര കാറുകളെല്ലാം കട്ടപ്പുറത്തിരുന്നവയായിരുന്നു. 2018 ലെ പ്രളയത്തില്‍ വെള്ളം കയറി നശിച്ചതും മുംബൈയില്‍ നിന്നടക്കം ആക്രി വിലയ്ക്ക് വാങ്ങിയതുമായ കാറുകള്‍ പൊടി തട്ടി പെയ്ന്റടിച്ച് വെറുതെ വീട്ടുമുറ്റത്ത് പ്രദര്‍ശിപ്പിച്ചിരിക്കുകയായിരുന്നു. ഒന്നും ഓടുന്നതായിരുന്നില്ല.

യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത മുപ്പത് വെള്ളിക്കാശില്‍ രണ്ടെണ്ണം, മോശയുടെ അംശവടി, യേശുവിന്റെ തിരുവസ്ത്രത്തിന്റെ അംശം, ടിപ്പു സുല്‍ത്താന്റെ സിംഹാസനം, മൈസൂര്‍ കൊട്ടാരത്തിന്റെ ആധാരം, രാജാ രവിവര്‍മയുടെയും ഡാവിഞ്ചിയുടെയും ഒപ്പോടുകൂടിയ അവര്‍ വരച്ച യഥാര്‍ഥ ചിത്രങ്ങള്‍... മോണ്‍സണ്‍ മാവുങ്കല്‍ തന്റെ കൈവശമുണ്ടെന്ന് അവകാശപ്പെട്ട വസ്തുക്കളുടെ പട്ടിക വളരെ വലുതാണ്.

സ്വര്‍ണത്തിലും പഞ്ചലോഹത്തിലും ആലേഖനം ചെയ്ത പുണ്യഗ്രന്ഥങ്ങള്‍, ശ്രീനാരായണ ഗുരുവിന്റെ ഊന്നുവടി, തിരുവിതാംകൂര്‍ രാജാവിന്റെ സിംഹാസനം, രാജ്യത്തെ ആദ്യ ടെലിഫോണ്‍, മൈസൂര്‍ രാജാവ് ഉപയോഗിച്ച പുരാതന ക്ലോക്ക്, ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇരുമ്പ് സീല്‍, 4500 വര്‍ഷം പഴക്കമുള്ള കല്ലില്‍ തീര്‍ത്ത ദാരുശില്‍പം, 650 കിലോ പഞ്ചലോഹം കൊണ്ടുണ്ടാക്കിയ ലോകത്തിലെ ഏറ്റവും വലിയ നന്ദി ശില്പം, 30 കോടി രൂപ വിലവരുന്ന വാച്ച് എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത പുരാവസ്തുക്കള്‍ തന്റെ ശേഖരത്തിലുണ്ടെന്നാണ് മോണ്‍സണ്‍ അവകാശപ്പെട്ടിരുന്നത്.


മ്യൂസിയമാക്കി മാറ്റിയ കൊച്ചി കലൂരിലെ വാടക വീട്ടിലാണ് ഇവയെല്ലാം പ്രദര്‍ശിപ്പിച്ചിരുന്നത്. മ്യൂസിയത്തിന്റെ കാവലിന് ബ്ലാക്ക് ക്യാറ്റ്‌സിനെ പോലെ കറുത്ത വസ്ത്രം ധരിച്ച അംഗരക്ഷകരാണ് നിലകൊണ്ടിരുന്നത്. കൂടാതെ വിദേശ നായ്ക്കളേയും വളര്‍ത്തിയിരുന്നു. വീടിനകത്ത് കയറിയാല്‍ അംഗരക്ഷകരെയും നായ്ക്കളെയും മറികടന്ന് പുറത്തിറങ്ങുക അത്ര എളുപ്പമല്ല.

പുറത്തേക്ക് പോകുമ്പോള്‍ തോക്കുപിടിച്ച് അംഗരക്ഷകരെന്നപോലെ ഒരു സംഘം കൂടെ ഉണ്ടാകും. പക്ഷേ, കൈയ്യിലുണ്ടായിരുന്നത് കളിത്തോക്കുകളായിരുന്നു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. യൂട്യൂബ് ചാനലിലൂടെയും ചില മാധ്യമങ്ങളിലൂടെയുമായിരുന്നു മോണ്‍സന്‍ പുരാവസ്തു ശേഖരത്തെപ്പറ്റി പബ്ലിസിറ്റി നല്‍കിയിരുന്നത്.

കോസ്‌മോസ് ഗ്രൂപ്പ്, കലിംഗ ഫൗണ്ടേഷന്‍ എന്നീ പേരുകളിലുള്ള വെബ്‌സൈറ്റുകളുമുണ്ട്. പുരാവസ്തുക്കളുടേതുള്‍പ്പെടെയുള്ള നിരവധി ചിത്രങ്ങളും ഇതിലുണ്ട്. നൂറോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ലേലം ചെയ്‌തെടുത്ത പുരാതന വസ്തുക്കളാണിവയെന്നാണ് മോന്‍സണ്‍ അവകാശപ്പെട്ടിരുന്നത്. അപൂര്‍വമായ പുരാവസ്തുക്കള്‍ തേടിയിറങ്ങുന്ന പലരും അങ്ങനെ മോണ്‍സന്റെ കലൂരിലെ വീട്ടിലെത്തിയിട്ടുണ്ട്. ഇവരില്‍ ആരൊക്കെ കബളിപ്പിക്കപ്പെട്ടു എന്നതിന് വ്യക്തതയില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.