ചെക്ക് റിപ്പബ്ലിക്കിന്റെ ദേശീയ നായകനും മാധ്യസ്ഥനുമായ വിശുദ്ധ വെന്‍സെസ്ലാവൂസ്

ചെക്ക് റിപ്പബ്ലിക്കിന്റെ ദേശീയ നായകനും മാധ്യസ്ഥനുമായ വിശുദ്ധ വെന്‍സെസ്ലാവൂസ്

അനുദിന വിശുദ്ധര്‍ - സെപ്റ്റംബര്‍ 28

ബൊഹിമീയായിലെ നാടുവാഴിയും കറതീര്‍ന്ന ക്രൈസ്തവ വിശ്വാസിയുമായിരുന്ന യുറാടിസ്ലാസിന്റെ മകനായിരുന്നു വെന്‍സെസ്ലാവൂസ്. 907 ല്‍ പ്രേഗ് എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. ബൊലെസ്ലാവൂസ് എന്നൊരു സഹോദരനുമുണ്ടായിരുന്നു. വെന്‍സെസ്ലാവൂസിന്റെ ചെറുപ്പകാലത്ത് തന്നെ അദ്ദേഹത്തിന്റെ പിതാവ് ഒരു യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അതോടെ രാജ്യത്തിന്റെ ഭരണം അമ്മ ഡ്രഹോമീറായുടെ കൈകളില്‍ എത്തിച്ചേര്‍ന്നു. അവര്‍ ഒരു വിജാതീയ സ്ത്രീയായിരുന്നു.

രാജ്യഭരണം ഏറ്റെടുത്ത ഉടന്‍ ക്രൈസ്തവ ദേവാലയങ്ങള്‍ അടച്ചിടണമെന്നും പുരോഹിതരോ അല്‍മേനികളോ കുട്ടികളെ പഠിപ്പിച്ചു കൂടെന്നും അവര്‍ കല്‍പ്പന പുറപ്പെടുവിച്ചു. ഇതുമൂലം തന്റെ അമ്മൂമ്മയും വിശുദ്ധയുമായ ലുട്വില്ല വഴിയാണ് അദ്ദേഹത്തിന് വിദ്യാഭ്യാസം ലഭിച്ചത്. നല്ല ഒരു ക്രിസ്ത്യാനി മാത്രമല്ല നല്ല ഒരു ഭരണകര്‍ത്താവായിരിക്കുവാനും ലുട്വില്ല അവനെ പഠിപ്പിച്ചു.

അമ്മയുടെ കൈയ്യില്‍ നിന്ന് വെന്‍സെസ്ലാവൂസ് രാജ്യഭരണം ഏറ്റെടുക്കുന്നതിനു മുന്‍പ് തന്നെ വിഗ്രഹാരാധകരായ മറ്റ് പ്രഭുക്കള്‍ അമ്മൂമ്മയെ വധിച്ചെങ്കിലും അഗാധവും ശക്തവുമായ ഒരു ക്രിസ്തീയ വിശ്വാസം അവനില്‍ ഉളവാക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.

പിതാവിന്റെ സിംഹാസനത്തില്‍ അവരോധിതനാകുമ്പോള്‍ വെന്‍സെസ്ലാവൂസിന് 18 വയസായിരുന്നു. മറ്റുള്ളവരുടെ ശക്തമായ എതിര്‍പ്പിനെ വകവെക്കാതെ അദ്ദേഹം സഭയുമായി ഒത്തുചേര്‍ന്ന് ധാരാളം വിഗ്രഹാരാധകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് കൂട്ടികൊണ്ട് വന്നു. അനുകമ്പയിലൂന്നിയ ക്രിസ്തീയ ജീവിതത്തിന്റെ ഒരു നല്ല മാതൃക നല്‍കിയത് വഴി ജനങ്ങള്‍ക്കിടയില്‍ 'ബൊഹിമീയായിലെ നല്ല രാജാവ്' എന്ന പേരില്‍ അദ്ദേഹം അറിയപ്പെട്ടു.

തന്റെ ജീവിതകാലം മുഴുവനും കറപുരളാത്ത ഒരു ജീവിതം നയിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. നാടുവാഴിയായിരുന്നതിനാല്‍ അദ്ദേഹം തന്റെ പ്രജകള്‍ക്ക് പിതാവിനെ പോലെയായിരുന്നു. അനാഥരോടും വിധവകളോടും പാവപ്പെട്ടവരോടും കാരുണ്യ പൂര്‍വ്വം പെരുമാറാന്‍ വെന്‍സെസ്ലാവൂസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

തന്റെ സ്വന്തം ചുമലില്‍ ചുമന്ന് പാവപ്പെട്ടവരുടെ വീടുകളില്‍ അദ്ദേഹം വിറക് എത്തിക്കുമായിരുന്നു. തടവു പുള്ളികളെ മോചിപ്പിക്കുക, തടവറകളില്‍ പീഡനം അനുഭവിക്കുന്നവരെ സന്ദര്‍ശിക്കുക എന്നിങ്ങനെ പല നല്ല പ്രവര്‍ത്തികളും അദ്ദേഹം ചെയ്തിരുന്നു. ക്രിസ്തീയ പുരോഹിതന്മാരോട് വളരെയേറെ ബഹുമാനവും അദ്ദേഹം പുലര്‍ത്തിയിരുന്നു.

എന്നാല്‍ വെന്‍സെസ്ലാവൂസിന്റെ സഹോദരനായ ബൊലെസ്ലാവൂസ് വിഗ്രഹരാധകനായി മാറി. 929 സെപ്റ്റംബര്‍ 28ന് വെന്‍സെസ്ലാവൂസ് വിശുദ്ധ കുര്‍ബാനയ്ക്കായി പോകുന്ന വഴി പള്ളിയുടെ പടിവതിക്കല്‍ വച്ച് ബൊലെസ്ലാവൂസ് അദ്ദേഹത്തെ പിറകില്‍നിന്നു കുത്തി വീഴ്ത്തി. തന്റെ സഹോദരന്റെ ആത്മാവിനോട് കരുണ കാണിക്കുവാന്‍ മരിക്കുന്നതിന് മുമ്പ് വെന്‍സെസ്ലാവൂസ് ദൈവത്തോട് പ്രാര്‍ത്ഥിച്ചു.

രാഷ്ട്രീയ കാരണങ്ങള്‍ മൂലമാണ് അദ്ദേഹം കൊല്ലപ്പെട്ടതെങ്കിലും വിശ്വാസത്തോട് ബന്ധപ്പെട്ട വഴക്കാണ് ഇതിനുള്ള മൂലകാരണമെന്നതിനാല്‍ സഭയുടെ രക്തസാക്ഷികള്‍ക്കിടയിലാണ് വിശുദ്ധന്റെ സ്ഥാനം. തന്റെ 22 മത്തെ വയസില്‍ വധിക്കപ്പെട്ട ഈ രാജാവ് ചെക്ക് റിപ്പബ്ലിക്കിന്റെ ദേശീയ നായകനും മാധ്യസ്ഥനുമാണ്. 'സ്ലാവ്' ജനതകള്‍ക്കിടയില്‍നിന്നും നാമകരണം ചെയ്യപ്പെട്ട ആദ്യ വിശുദ്ധന്‍ കൂടിയാണ് വെന്‍സെസ്ലാവൂസ്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ടുളൂസ് ബിഷപ്പായിരുന്ന എക്‌സുപ്പേരിയൂസ്

2. ലിയോണ്‍സിലെ ആര്‍ച്ചുബിഷപ്പായിരുന്ന അന്നേ മുന്തൂസ്

3. ഐറിഷ് പുരോഹിതനായിരുന്ന കോണ്‍വാള്‍

4. റോമാക്കാരനായ യുസ്റ്റൊക്കിയോ

5. മാര്‍ക്ക്, അലക്‌സാണ്ടര്‍, അല്‍ഫിയൂസ്, സോസിമൂസ്, നിക്കോണ്‍, നെയോണ്‍, ഹെലിയോഡോറൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26