പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നവജ്യോത് സിങ് സിദ്ദു രാജിവച്ചു; പദവിയിലിരുന്നത് 72 ദിവസം

പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നവജ്യോത് സിങ് സിദ്ദു രാജിവച്ചു; പദവിയിലിരുന്നത് 72 ദിവസം

ചണ്ഡീഗഡ്: പഞ്ചാബ് പി.സി.സി അധ്യക്ഷ സ്ഥാനം നവജ്യോത് സിങ് സിദ്ദു രാജിവച്ചു. ഏറെ നാടകീയമായിരുന്നു സിദ്ദുവിന്റെ നീക്കം. പ്രസിഡന്റ് പദവിയിലെത്തി എഴുപത്തിരണ്ടാം ദിവസമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. കോണ്‍ഗ്രസുകാരനായി തുടരുമെന്നും പഞ്ചാബിന്റെ ഭാവിയില്‍ വിട്ടുവിഴ്ചയില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച രാജിക്കത്തില്‍ സിദ്ദു വ്യക്തമാക്കി.

മുന്‍ ബി.ജെ.പി നേതാവായ നവജ്യോത് സിങ് സിദ്ദു സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റതു മുതല്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായി നിരന്തര ഏറ്റുമുട്ടലിലായിരുന്നു അദ്ദേഹം. ഇരുവരും തമ്മിലുള്ള പോര് പഞ്ചാബില്‍ ശക്തനായിരുന്ന അമരീന്ദറിന്റെ മുഖ്യമന്ത്രിക്കസേര തെറിപ്പിക്കുകയും ചെയ്തു.

അതിനിടെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറേണ്ടി വന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് വിടുകയാണെന്ന അഭ്യൂഹം ശക്തമായി. ഇന്ന് വൈകുന്നേരം ഡല്‍ഹിയിലെത്തുന്ന അമരീന്ദര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ എന്നിവരുമായി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ബി.ജെ.പി നേതൃത്വമോ അമരീന്ദറോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബി.ജെ.പിയില്‍ ചേരുന്ന അമരീന്ദറിനെ കേന്ദ്ര മന്ത്രിയാക്കുമെന്നും കൃഷിവകുപ്പ് നല്‍കിയേക്കുമെന്നുമെല്ലാം കഥകള്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം, ബി.ജെ.പിയില്‍ ചേരാതെ കോണ്‍ഗ്രസിന് ബദലായി പഞ്ചാബില്‍ പുതിയ പാര്‍ട്ടി രൂപവത്കരിക്കാനാണ് അമരീന്ദറിന്റെ ശ്രമമെന്നും സൂചനയുണ്ട്. ഇതിന് ബി.ജെ.പി എല്ലാ സഹായവും പിന്തുണയും നല്‍കുമെന്ന് അറിയുന്നു. ഇതാണ് ഡല്‍ഹി സന്ദര്‍ശനത്തിന്റെ മുഖ്യ ലക്ഷ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

ഇതിനുശേഷം കേന്ദ്രമന്ത്രി രാംദാസ് അതാവ്ലെ അമരീന്ദറിനെ എന്‍.ഡി.എയിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.അകാലിദള്‍ സഖ്യം പിരിഞ്ഞശേഷം സംസ്ഥാനത്ത് ദുര്‍ബലമായിപ്പോയ പാര്‍ട്ടിക്ക് അമരീന്ദറിന്റെ വരവ് പുതിയ ഊര്‍ജം നല്‍കുമെന്നാണ് ബി.ജെ.പി.യുടെ കണക്കുകൂട്ടല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.