വാഷിംഗ്ടണ്‍: ചൈനയുടെ സ്വപ്നപദ്ധതിയായ 'ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവ്' പ്രതിസന്ധി നേരിടുന്നതായി യു.എസിലെ ഗവേഷണ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട്. ചൈനീസ് സര്‍ക്കാര്‍ വിവിധ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ നടത്തുന്ന ശതകോടികളുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിക്കാണ് തിരിച്ചടി നേരിടുന്നത്.
2013-ല്‍ ആവിഷ്‌കരിച്ച ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി 70 രാജ്യങ്ങളെയും അന്താരാഷ്ട്ര സംഘടനകളെയും സഹകരിപ്പിച്ചുള്ള ചൈനയുടെ നേതൃത്വത്തിലുള്ള ആഗോള അടിസ്ഥാനസൗകര്യ വികസന പദ്ധതിയാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ആണ് പദ്ധതി പ്രഖ്യാപിച്ചത്. ഏഷ്യ, ദക്ഷിണ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങള്‍ക്ക് ഉപകാരപ്പെടുന്നത് എന്ന പേരിലാണ് പദ്ധതി അവതരിപ്പിച്ചത്. വമ്പന്‍ ഹൈവേകളും പാലങ്ങളും തുറമുഖങ്ങളും വ്യവസായ കേന്ദ്രങ്ങളും ഉള്‍പ്പെടുന്നതാണ് പദ്ധതി. പാകിസ്ഥാന്‍ പദ്ധതിയിലെ സുപ്രധാന പങ്കാളിയാണ്. നൂറ്റാണ്ടിന്റെ പദ്ധതി എന്നാണ് ചൈന ഇതിനെ വിശേഷിപ്പിച്ചത്.
എന്നാല്‍ കോടികളുടെ കടക്കെണി വരുത്തുമെന്ന ആശങ്കയെത്തുടര്‍ന്ന് പല രാജ്യങ്ങളും പദ്ധതിയില്‍നിന്ന് പിന്മാറുകയാണെന്നും ചൈനയുടെ സുപ്രധാന പദ്ധതി ഇതോടെ പാളുകയാണെന്നുമാണ് യു.എസിലെ ഒരു ഗവേഷണ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട്.
പദ്ധതിയുമായി പങ്കാളിത്തമുള്ള പല രാജ്യങ്ങളിലെയും പ്രതിപക്ഷ നേതാക്കള്‍ വലിയ എതിര്‍പ്പാണ് ഉയര്‍ത്തുന്നതെന്ന് യു.എസിലെ കോളജ് ഓഫ് വില്യം ആന്‍ഡ് മേരിയില്‍ പ്രവര്‍ത്തിക്കുന്ന എയ്ഡ് ഡേറ്റ എന്ന ഗവേഷണ സ്ഥാപനം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ വമ്പന്‍ വ്യാവസായിക, അനുബന്ധ നിക്ഷേപങ്ങള്‍ നടത്തി ഏറ്റവും വലിയ വ്യാവസായിക ശക്തിയാകാനുള്ള ശ്രമമാണ് ചൈന ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ പദ്ധതികള്‍ പലതും വന്‍ നിര്‍മാണച്ചെലവുള്ളവയാണെന്നും ഇതില്‍ അഴിമതിയുണ്ടെന്നും പരിസ്ഥിതിയെക്കുറിച്ച് ആലോചിക്കാതെയാണ് നടപ്പാക്കുന്നതെന്നുമാണ് പല വികസ്വര രാജ്യങ്ങളിലെയും നേതാക്കള്‍ ആശങ്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ പല ചൈനീസ് പദ്ധതികളും മുടങ്ങിപ്പോകുകയോ താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയോ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ മലേഷ്യയില്‍ മാത്രം 11.58 ബില്യണ്‍ ഡോളറിന്റെ പദ്ധതികള്‍ ഉപേക്ഷിച്ചു. കസാഖിസ്ഥാനില്‍ ഒന്നര ബില്യണിന്റെയും ബൊളീവിയയില്‍ ഒരു ബില്യണിന്റെയും പദ്ധതികളാണ് വേണ്ടെന്നു വെച്ചത്. പദ്ധതിയുമായി പങ്കാളിത്തമുള്ള രാജ്യങ്ങളുടെ നിരുത്സാഹം മൂലം ഇതിന്റെ വേഗത നഷ്ടപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഈ റിപ്പോര്‍ട്ടിനോടു പ്രതികരിക്കാന്‍ ചൈന തയ്യാറായിട്ടില്ല.
ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി 165 രാജ്യങ്ങളില്‍ കഴിഞ്ഞ 18 വര്‍ഷത്തിനിടെ നടപ്പാക്കിയ 13,427 പദ്ധതികളാണ് എയ്ഡ് ഡേറ്റ വിലയിരുത്തിയത്. പദ്ധതിക്ക് മൊത്തം 843 ബില്യണ്‍ ഡോറളാണ് ചെലവ്. പല പദ്ധതികളും ചൈനീസ് സര്‍ക്കാര്‍ ഏജന്‍സികള്‍ നേരിട്ടോ ചൈനീസ് കമ്പനികള്‍ വഴിയോ ആണ് നിര്‍വഹിച്ചിരുന്നത്.
ആഗോളതലത്തില്‍ സമാനമായ പദ്ധതികള്‍ക്കായി യുഎസ് ചെലവാക്കുന്നതിന്റെ ഇരട്ടിയോളം വരും ഇത്. അതേസമയം, ആഗോളരംഗത്തെ പുതിയ ചലനങ്ങള്‍ പല രാജ്യങ്ങളെയും ചൈനയുമായി ചേര്‍ന്നു നില്‍ക്കുന്നതില്‍ നിന്ന് വിലക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
പല ദരിദ്ര രാജ്യങ്ങളിലെയും ജി.ഡി.പിയുടെ പത്ത് ശതമാനത്തിലധികമാണ് ചൈനയില്‍ നിന്നുള്ള കടം. കടക്കെണിയെക്കുറിച്ചുള്ള ഈ പേടിയും പദ്ധതികളില്‍ നിന്ന് പിന്മാറാന്‍ രാജ്യങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. ചൈന നടപ്പാക്കുന്ന 35 ശതമാനം പദ്ധതികളിലും അഴിമതി, തൊഴില്‍ നിയമങ്ങളുടെ ലംഘനം, പരിസ്ഥിതി വിരുദ്ധ നിര്‍മാണങ്ങള്‍, പൊതുജന പ്രതിഷേധം തുടങ്ങിയവയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വര്‍ഷം ജൂണില്‍ യു.എസ് നേതൃത്വത്തില്‍ ബില്‍ഡ് ബാക്ക് ബെറ്റര്‍ വേള്‍ഡ് (ബി3ഡബ്ല്യൂ) എന്ന പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. ജി 7 രാജ്യങ്ങളുടെ നേതൃത്വത്തില്‍ ദരിദ്ര രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യമേഖലയില്‍ മുതല്‍ മുടക്കാനാണ് യുഎസ് വിഭാവനം ചെയ്യുന്ന പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ പദ്ധതിയുടെ വരവോടെ ദരിദ്രരാജ്യങ്ങള്‍ക്ക് കൂടുതല്‍ മികച്ച പദ്ധതികള്‍ തെരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുമെന്നും ഇത് ചൈനീസ് പദ്ധതിക്ക് തിരിച്ചടിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.