ക്യാബിന്‍ ഹൗസ് എന്ന ഇടുക്കിയിലെ നന്മവീടുകള്‍ !

ക്യാബിന്‍ ഹൗസ് എന്ന ഇടുക്കിയിലെ നന്മവീടുകള്‍ !

കേരളത്തിന്റെ ചരിത്ര താളുകളില്‍ ഇടം പിടിച്ച വര്‍ഷമാണ് 2018. ഭീകരപ്പെടുത്തുന്ന പ്രളയവും അതിന്റെ നടുക്കുന്ന ഓര്‍മ്മകളും ഒരു കാലത്തും മറക്കാനാവില്ല. അതുകൊണ്ടു തന്നെ 2018നെ കേരളത്തിന്റെ അതിജീവനകാലം എന്നു വിശേഷിപ്പിക്കാം.

ഇപ്പോഴും സ്വന്തമെന്നു പറയാനുള്ളതെല്ലാം മലവെള്ളത്തില്‍ ഒലിച്ചു പോയവര്‍ നിരവധിയാണ്. ആ വലിയ ദുരന്തം ഒരു വിങ്ങലായി ഓരോ മലയാളിയുടേയും ഹൃദയത്തില്‍ എന്നും ഉണ്ടാകും. പക്ഷെ ഇവിടെ പറഞ്ഞു വരുന്നത് ഒരു ദുരന്ത കഥയൊന്നുമല്ല. സുവര്‍ണ ലിപികളില്‍ എഴുതി ചേര്‍ത്ത അതിജീവനത്തിന്റെ ഒരു മികച്ച മാതൃകയെപ്പറ്റിയാണ്.

ഒരുപാട് പേര്‍ക്ക് അനുഗ്രഹമായ ഇടുക്കിയിലെ ക്യാബിന്‍ ഹൗസ് എന്ന പദ്ധതിയും അതുവഴി നിര്‍മിക്കുന്ന മനോഹരമായ ഭവനങ്ങളും അവയുടെ നിര്‍മാണവും എങ്ങനെയെന്നു നോക്കാം.

പുരോഹിതനായ ജിജോ കുര്യനും നാട്ടില്‍ നിന്നുള്ള വൊളന്റിയര്‍മാരും ചേര്‍ന്ന് അശരണരായവര്‍ക്ക് ഒരു കൂര എന്ന സ്വപ്നത്തിനായി തുനിഞ്ഞിറങ്ങുകയായിരുന്നു. പലവിധ പ്രശ്നങ്ങളാല്‍ മറ്റു സഹായങ്ങള്‍ ലഭ്യമാകാത്തവര്‍ക്കു വേണ്ടിയാണ് ഇവര്‍ ക്യാബിന്‍ ഹൗസ് നിര്‍മിക്കുന്നത്.
പ്രളയകാലം തൊട്ട് ഇടുക്കിയുടെ പുനരധിവാസത്തിനായി പരിശ്രമിക്കുന്നവരാണ് തങ്ങള്‍ ഓരോരുത്തരുമെന്ന് ഫാദര്‍ ജിജോ കുര്യന്‍ പറയുന്നു. ക്യാബിന്‍ ഹൗസുകള്‍ താല്‍ക്കാലിക പുനരധിവാസത്തിലെ ഒരു ചെലവു കുറഞ്ഞ സാധ്യതയാണ്. കൃത്യമായ രേഖകളില്ലാതെ ഭൂമിയില്‍ കഴിയുന്നവര്‍ ഇവിടെ ധാരാളമുണ്ട്. ഭൂമി സംബന്ധമായ രേഖകള്‍ ഇല്ലാത്തതുകൊണ്ടു തന്നെ സര്‍ക്കാര്‍ സഹായങ്ങളും മറ്റും വൈകാറുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ക്യാബിന്‍ ഹൗസ് എന്ന സങ്കല്‍പത്തിലേക്ക് ഈ സംഘം എത്തിച്ചേര്‍ന്നത്.

പരിചരിക്കാന്‍ ആരോരുമില്ലാത്ത മുതിര്‍ന്നവര്‍, ഭര്‍ത്താവ് നഷ്ടപ്പെട്ട അമ്മയും കുഞ്ഞുങ്ങളും തുടങ്ങി തീര്‍ത്തും അശരണരായവര്‍ക്കാണ് ക്യാബിന്‍ ഹൗസ് നിര്‍മിച്ച് നല്‍കുന്നത്. അത്തരത്തിലുള്ളവരെ തിരഞ്ഞെടുത്ത് അവര്‍ക്കായി സ്പോണ്‍സര്‍മാരെ കണ്ടെത്തും. ആശയം പറഞ്ഞപ്പോഴേക്കും ആര്‍ജിബി ആര്‍ക്കിടെക്ട്സ് സൗജന്യമായി ഡിസൈന്‍ ചെയ്തു തരാമെന്ന് ഏല്‍ക്കുകയായിരുന്നു. ഒപ്പം അവരുടെ ആര്‍ക്കിടെക്ട് വിദ്യാര്‍ഥികളുടെ സഹായവും നിര്‍മാണ പ്രവര്‍ത്തനങ്ങളിലുടനീളം ഉണ്ടായിരുന്നു. കൂടാതെ നാട്ടിലുള്ളവരില്‍ നിന്നും വൊളന്റിയര്‍മാരെ കണ്ടെത്തുകയും ചെയ്തു.

വീട് ഒരു ആര്‍ഭാടമല്ല ആവശ്യമാണ് എന്ന ദര്‍ശനമാണ് ക്യാബിന്‍ ഹൗസിന്റെ അടിസ്ഥാന ലക്ഷ്യമെന്നും ഫാദര്‍ ജിജോ കുര്യന്‍ പറയുന്നു. സന്മനസുള്ള സുഹൃത്തുക്കള്‍ ഉള്ള കാലത്തോളം ക്യാബിന്‍ ഹൗസ് പദ്ധതി ആവശ്യപ്പെട്ടവരിലേക്ക് എത്തും. വീട് ഒരു വട്ടം പെയിന്റ് ചെയ്യാനുള്ള തുക കൊണ്ട് പ്ലാസ്റ്റിക് ഷെഡുകളില്‍ കഴിയുന്നവര്‍ക്ക് ഒരു കൂടൊരുക്കാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

തൊഴിലുറപ്പു പണിക്കാര്‍ ഉള്‍പ്പെടെ പങ്കു ചേര്‍ന്നാണ് വീട് നിര്‍മാണം ആരംഭിച്ചത്. പത്തു ദിവസം കൊണ്ടു പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന വീടിന്റെ നിര്‍മാണത്തിനായി ഒന്നരലക്ഷം രൂപയോളമാണ് ചെലവു വരുന്നത്. സിറ്റ്ഔട്ട്, ഒരു ബെഡ്റൂം, ഓപ്പണ്‍ കിച്ചണ്‍, ടോയ്ലറ്റ് എന്നിവയാണ് വീട്ടിലുള്ളത്. മൂന്നോ നാലോ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് രണ്ടു മുറികളുള്ള വീടാണ് നിര്‍മിക്കുന്നത്.

ക്യാബിന്‍ ഹൗസ് ഉണ്ടെന്നു കരുതി എന്നെങ്കിലും അവര്‍ക്ക് സ്വപ്നത്തിലുള്ളൊരു വീട് നഷ്ടമാകരുതെന്ന് ആഗ്രഹവും ഇവര്‍ക്കുണ്ട്. അതു മുന്നില്‍ക്കണ്ട് ഓടുകൊണ്ടാണ് മേല്‍ക്കൂര പാകിയത്. അടിത്തറ കെട്ടിയത് സമിന്റ് കട്ട കൊണ്ടും. സിമന്റ് ബോര്‍ഡുകള്‍ കൊണ്ടും സിമന്റ് ബ്രിക്കുകള്‍ കൊണ്ടും ചുവരു തീര്‍ത്തു. മേല്‍ക്കൂര സ്റ്റീല്‍ കമ്പികള്‍ കൊണ്ടുമാണ് ഒരുക്കിയിരിക്കുന്നത്.

അടിത്തറയ്ക്ക് അധികം ഭാരം ഏല്‍ക്കാത്ത വിധത്തിലാണ് വീടിന്റെ മൊത്തത്തിലുള്ള നിര്‍മാണം. ഇതിനകം തന്നെ രണ്ടു ക്യാബിന്‍ ഹൗസുകളുടെ നിര്‍മാണം ഇടുക്കിയില്‍ പൂര്‍ത്തിയായി. ആദ്യത്തേതിനു പതിനഞ്ചു ദിവസം എടുത്തെങ്കില്‍ രണ്ടാമത്തെ വീട് പത്തു ദിവസത്തിനുള്ളില്‍ പൂര്‍ത്തികരിച്ചു. പുതുവര്‍ഷത്തോട് അനുബന്ധിച്ച് മൂന്ന് ക്യാബിന്‍ ഹൗസുകള്‍ കൂടി കൈമാറും. താക്കോല്‍ദാനം വലിയ പരിപാടിയായി നടത്തുന്ന ചടങ്ങും ഇവിടെയില്ല. ദാനം നല്‍കുന്നുവെന്ന തോന്നല്‍ അവരില്‍ ഉണ്ടാകാതിരിക്കാനാണിത്. പാലുകാച്ചി തീര്‍ത്തും സ്വകാര്യമായ ചടങ്ങോടെയാണ് ഗൃഹപ്രവേശം.

ചെറുതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളിലെ മനോഹരമായ ഫാം ഹൗസുകളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ അതിശയിപ്പിക്കുന്ന ഡിസൈനിങ്ങാണ് വീടുകളെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.