അമേരിക്കയില്‍ നിന്ന് ആയുധങ്ങളും വിമാനങ്ങളും വാങ്ങാനുള്ള പദ്ധതി മരവിപ്പിച്ചു; രാജ്‌നാഥ് സിങിന്റെ യു.എസ് സന്ദര്‍ശനം റദ്ദാക്കി ഇന്ത്യ

അമേരിക്കയില്‍ നിന്ന് ആയുധങ്ങളും വിമാനങ്ങളും വാങ്ങാനുള്ള പദ്ധതി മരവിപ്പിച്ചു; രാജ്‌നാഥ് സിങിന്റെ യു.എസ് സന്ദര്‍ശനം റദ്ദാക്കി ഇന്ത്യ

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നത് നിര്‍ത്തി വയ്ക്കാന്‍ ഇന്ത്യ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്കെതിരെ 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയ നടപടിയോടുള്ള പ്രതികരണമെന്ന നിലയിലാണിത്. ഇതിന്റെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട് ചെയ്തു.

ആയുധങ്ങളും വിമാനങ്ങളും വാങ്ങാനുള്ള നീക്കമാണ് താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുന്നത്. ഇന്ത്യക്ക് ഈ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങാന്‍ പ്രയാസമൊന്നുമില്ല. എന്നാല്‍ ആ നിലപാടിലേക്ക് ഇപ്പോള്‍ രാജ്യം പോകുന്നില്ല. പകരം അത്തരം നടപടികളുമായി ഇപ്പോള്‍ മുമ്പോട്ടു പോകേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്ന കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ജനറല്‍ ഡൈനാമിക്‌സ് ലാന്‍ഡ് സിസ്റ്റംസ് നിര്‍മിച്ച സ്‌ട്രൈക്കര്‍ യുദ്ധ വാഹനങ്ങളും റേതിയോണ്‍, ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എന്നിവ വികസിപ്പിച്ചെടുത്ത ജാവലിന്‍ ആന്റി ടാങ്ക് മിസൈലുകളും ഇന്ത്യ വാങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ട്രംപും നരേന്ദ്ര മോഡിയും കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതു സംബന്ധിച്ച് ചില നീക്കുപോക്കുകള്‍ നടത്തിയിരുന്നു. ഈ ആയുധങ്ങളുടെ സംയുക്ത ഉല്‍പാദനത്തിനുള്ള പദ്ധതികളും പ്രഖ്യാപിച്ചിരുന്നു.

അടുത്തയാഴ്ചയാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അമേരിക്ക സന്ദര്‍ശിക്കാനിരുന്നത്. ഈ കൂടിക്കാഴ്ചയില്‍ ആയുധങ്ങള്‍ വാങ്ങുന്നതടക്കം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. ഇന്ത്യന്‍ നാവിക സേനയ്ക്കായി ആറ് ബോയിങ് പി 8 ഐ രഹസ്യാന്വേഷണ വിമാനങ്ങളും അവയുടെ അനുബന്ധ സംവിധാനങ്ങളും വാങ്ങാനും പദ്ധതിയുണ്ടായിരുന്നു. 3.6 ബില്യണ്‍ ഡോളറിന്റെ കരാറാണ് പദ്ധതിയിട്ടിരുന്നത്. ഇതില്‍ വിമാനം വാങ്ങുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയായിരുന്നു.

അമേരിക്കയില്‍ നിന്ന് എഫ് 35 യുദ്ധ വിമാനം വാങ്ങാനുള്ള ട്രംപിന്റെ ക്ഷണവും താരിഫ് പ്രശ്‌നങ്ങള്‍ക്കിടയില്‍ ഇന്ത്യ നിരാകരിച്ചു. പകരം റഷ്യയില്‍ നിന്ന് സുഖോയ് 57 ഇ യുദ്ധ വിമാനം വാങ്ങാനാണ് ഇന്ത്യ ആലോചിക്കുന്നത്.

താരിഫിന് പകരം താരിഫ് ഏര്‍പ്പെടുത്തണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ പല കോണുകളില്‍ നിന്ന് വരുന്നുണ്ടെങ്കിലും ആ വഴിക്ക് ഇന്ത്യ ഇതുവരെ നീങ്ങിയിട്ടില്ല. പകരം യു.എസിനെ ഇന്ത്യ തങ്ങളുടെ വിയോജിപ്പ് അറിയിക്കുന്നതിന് മറ്റു വഴികളാണ് തേടുന്നത്. റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ഇന്ത്യ ശ്രമം നടത്തുന്നുണ്ട്.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.