ക്രമക്കേടുള്ള വോട്ടര്‍ പട്ടിക തയ്യാറാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തെന്ന് കര്‍ണാടക മന്ത്രി: പുറത്താക്കാന്‍ ഹൈക്കമാന്‍ഡ്; ഉടന്‍ രാജണ്ണയുടെ രാജി

ക്രമക്കേടുള്ള വോട്ടര്‍ പട്ടിക തയ്യാറാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തെന്ന്  കര്‍ണാടക മന്ത്രി:  പുറത്താക്കാന്‍  ഹൈക്കമാന്‍ഡ്; ഉടന്‍ രാജണ്ണയുടെ രാജി

ബംഗളൂരൂ: വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുകള്‍ നടന്നത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണെന്ന് പറഞ്ഞ കര്‍ണാടക സഹകരണ മന്ത്രി കെ.എന്‍. രാജണ്ണ മണിക്കൂറുകള്‍ക്കുള്ളില്‍ രാജി വച്ചു. കോണ്‍ഗ്രസ് നിലപാട് തള്ളിയ മന്ത്രിയെ ഉടന്‍ പുറത്താക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതിന് തൊട്ടു പിന്നാലെയാണ് രാജി.

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് മോഷണം നടത്തിയെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്കിടെയാണ് രാജണ്ണയുടെ ഈ വിവാദ പരാമര്‍ശമുണ്ടായത്.

കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സമയത്താണ് വോട്ടര്‍ പട്ടിക തയ്യാറാക്കിയതെന്നും എന്നാല്‍ കരട് ഘട്ടത്തില്‍ എതിര്‍പ്പ് ഉന്നയിക്കുന്നതിന് പകരം പാര്‍ട്ടി നേതാക്കള്‍ കണ്ണടച്ച് നിശബ്ദരായി ഇരുന്നു എന്നുമായിരുന്നു രാജണ്ണയുടെ പ്രസ്താവന.

പ്രതിപക്ഷം മന്ത്രിയുടെ പരാമര്‍ശം ഏറ്റെടുക്കുകയും നിയമസഭയിലടക്കം വിഷയം അവതരിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസിനുള്ളിലും മന്ത്രിയുടെ പ്രസ്താവന ഭിന്നതയ്ക്ക് വഴി തുറന്നു.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയായ രാജണ്ണയുടെ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്യാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുകയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

രാജണ്ണയുടെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെ അപമാനിക്കുകയും പ്രതിപക്ഷത്തിന് ആയുധം നല്‍കുകയും ചെയ്തുവെന്ന് ആരോപിച്ച് രാജണ്ണയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ ചുമതലയുള്ള രണ്‍ദീപ് സിങ് സുര്‍ജേവാലയ്ക്ക് പരാതിയും നല്‍കിയിരുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.