പാന്‍ഡൊറ രേഖകളില്‍ ഇന്ത്യന്‍ മിലിട്ടറി ഇന്റലിജന്‍സ് വിഭാഗം മുന്‍ മേധാവിയും

പാന്‍ഡൊറ രേഖകളില്‍ ഇന്ത്യന്‍ മിലിട്ടറി ഇന്റലിജന്‍സ് വിഭാഗം മുന്‍ മേധാവിയും

ന്യൂഡല്‍ഹി: പ്രമുഖരുടെ രഹസ്യ വിദേശ നിക്ഷേപങ്ങളെക്കുറിച്ചു വെളിപ്പെടുത്തിയ പാന്‍ഡൊറ രേഖകളിലെ കൂടുതല്‍ ഇന്ത്യക്കാരുടെ പേരുകള്‍ പുറത്ത്. മിലിട്ടറി ഇന്റലിജന്‍സ് വിഭാഗം മുന്‍ മേധാവി ലഫ്. ജനറല്‍ രാകേഷ് കുമാര്‍ ലൂംബ ഉള്‍പ്പടെ റാഡികോ ഖെയ്താന്‍ കമ്പനിയുടമകളായ ലളിത് ഖെയ്താന്‍, അഭിഷേക് ഖെയ്താന്‍, ഡല്‍ഹിയിലെ സീതാറാം ഭാര്‍ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് റിസര്‍ച്ചിന്റെ (എസ്.ബി.ഐ.എസ്.ആര്‍.) ഉടമകളായ ഭാര്‍ത്യ കുടുംബം തുടങ്ങിയവരുടെ പേരുകളാണ് ചൊവ്വാഴ്ച പുറത്തുവിട്ടത്.

രാകേഷ് കുമാര്‍ ലൂംബ മകന്‍ രാഹുല്‍ ലൂംബയുമായി ചേര്‍ന്ന് 2016 ഡിസംബറിലാണ് സെയ്ഷെല്‍സില്‍ റാറിന്റ് പാര്‍ട്ണേഴ്സ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തത്. ന്യൂഡല്‍ഹി വസന്ത് വിഹാറിലെ അനന്ത് ഗ്യാന്‍ശ്യാമായിരുന്നു കമ്പനിയുടെ മൂന്നാമത്തെ പങ്കാളി. കമ്പനിയുടെ ഫസ്റ്റ് ഡയറക്ടര്‍മാരും ബെനഫിഷ്യറി ഓണേഴ്സുമെന്നാണ് മൂന്നുപേരെയും വിശേഷിപ്പിച്ചിരിക്കുന്നത്. 34 ശതമാനം ഓഹരികള്‍ ഗ്യാന്‍ശ്യാമിന്റെയും 33 ശതമാനം വീതം ഓഹരികള്‍ രാകേഷ് കുമാറിന്റെയും രാഹുലിന്റെയും പേരിലാണ്.

സെയ്ഷെല്‍സിലെ മാഹി ആസ്ഥാനമായിപ്രവര്‍ത്തിക്കുന്ന ആബോല്‍ എന്ന സേവനദാതാവു വഴി മൗറീഷ്യസിലെ എ.ബി.സി ബാങ്കിങ് കോര്‍പ്പറേഷനുമായാണ് കമ്പനിയുടെ അക്കൗണ്ട് ബന്ധിപ്പിച്ചിരിക്കുന്നത്. കമ്പനിക്ക് ഭാവിയില്‍ ലഭിക്കാവുന്ന വാര്‍ഷിക വിറ്റുവരവായ 10 ലക്ഷം ഡോളര്‍ നിക്ഷേപിക്കാനായിരുന്നു ഈ അക്കൗണ്ട് എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അതേസമയം ബിസിനസ് പദ്ധതി ഉപേക്ഷിച്ചതിനാല്‍ എ.ബി.സി ബാങ്കിലെ അക്കൗണ്ട് ഓപ്പണ്‍ ചെയ്തിട്ടേയില്ലെന്ന് രാഹുല്‍ ലൂംബ പറയുന്നു. 2017-ല്‍ കമ്പനി പിരിച്ചുവിട്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

റാഡികോ ഖെയ്താന്‍ കമ്പനിയുടെ ഉടമകളും ഇന്ത്യന്‍ മെയ്ഡ് ഫോറിന്‍ ലിക്കറിന്റെ ഉത്പാദകരുമായ ലളിത് ഖെയ്താനും കുടുംബത്തിനും ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്സില്‍ ടിംബര്‍ലെയ്ന്‍ ട്രസ്റ്റ് എന്ന കമ്പനിയാണുള്ളത്. ഈ കമ്പനിയുടെ ഗുണഭോക്താക്കള്‍ ലളിതും സഹോദരന്‍ അഭിഷേക് ഖെയ്താനുമാണ്. വിവിധ കമ്പനികളിലെ ഓഹരികളായാണ് നിക്ഷേപം. ടിംബര്‍ലെയ്ന്‍ ട്രസ്റ്റിനുവേണ്ട സേവനങ്ങള്‍ നല്‍കിയത് ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്സിലുള്ള ട്രൈഡന്റ് ട്രസ്റ്റാണ്. എന്നാല്‍ റാഡികോ കമ്പനിക്കോ ഖെയ്താന്‍ കുടുംബത്തിനോ അനധികൃത ബാങ്ക് അക്കൗണ്ടുകളോ ട്രസ്റ്റുകളോ ലോകത്തെവിടെയും ഇല്ലെന്ന് കമ്പനി വൈസ് പ്രസിഡന്റ് ദിനേശ് കുമാര്‍ ഗുപ്ത വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.