അനുദിനം കുതിക്കുന്ന ഇന്ധന വിലയില്‍ കിതയ്ക്കുകയാണ് രാജ്യത്തെ സാധാരണക്കാര്‍. അതിരുകള്‍ ഭേദിച്ച് പെട്രോള്‍-ഡീസല്‍ വിലയെന്ന സത്വം സാധാരണ മനുഷ്യനെ ഓരോ ദിവസവും ശ്വാസം മുട്ടിക്കുകയാണ്. ഒരു ന്യായീകരണവും നീതീകരണവുമില്ലാത്ത സാമൂഹ്യ ദുരന്തമാവുകയാണ് നാള്‍ തോറുമുള്ള ഇന്ധന വില വര്‍ധന.
തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്തി കാര്യങ്ങള്‍ പഴയ നിലയിലാക്കുമെന്ന് ആണയിട്ട് പറഞ്ഞവര്‍ അധികാരത്തില്‍ വന്നപ്പോള്‍ കഥ മാറി. പക്ഷേ അവരാകട്ടെ ജനങ്ങളുടെ സര്‍വ പ്രതീക്ഷയും തകര്‍ത്തുകൊണ്ട് എണ്ണക്കമ്പനികളുടെ പകല്‍ക്കൊള്ളയ്ക്ക് കുടപിടിക്കുന്നവരായി മാറി. ഇന്ധന വില ഒട്ടും കുറച്ചില്ലെന്നു മാത്രമല്ല ഓരോ ദിവസവും വില കൂട്ടിക്കൂട്ടി സര്‍വകാല റെക്കോഡില്‍ എത്തിക്കാന്‍ കമ്പനികള്‍ കാട്ടുന്ന ക്രൂര വിനോദത്തിന് കൂട്ടു നില്‍ക്കുന്നവരുമായി.
ജനങ്ങള്‍ക്ക് എല്ലാ അര്‍ഥത്തിലും സംരക്ഷണം നല്‍കുകയും അവരുടെ സ്വസ്ഥതയും സമാധാനവും തകര്‍ക്കുന്ന ശക്തികളെ അടിച്ചമര്‍ത്തി രാജ്യത്തെ ജനങ്ങള്‍ക്ക് സന്തുഷ്ടവും സംതൃപ്തവും സാമ്പത്തിക സുരക്ഷിതത്വവുമുള്ള ജീവിത സാഹചര്യം സൃഷ്ടിക്കുകയെന്ന ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ നിര്‍വഹിക്കേണ്ടത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങളെ ചേര്‍ത്തു നിര്‍ത്തുകയാണ് സര്‍ക്കാരിന്റെ കടമ.
പെട്രോള്‍-ഡീസല്‍ വില അനുദിനം കുതിക്കുമ്പോള്‍ അതിനു മുന്നില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന ജനതയുടെ ദൈന്യം ഭരണാധികാരികള്‍ക്ക് ഊര്‍ജദായകമാകുന്നു വെന്ന സത്യം നമ്മെ അമ്പരപ്പിക്കുന്നു. കോവിഡ് മഹാമാരിയും വാക്‌സിനും ഓക്‌സിജനുമെല്ലാം ചേര്‍ന്ന് സൃഷ്ടിച്ച അസാധാരണമായ അനിശ്ചിതത്വത്തിനു മധ്യേയാണ് ഇപ്പോള്‍ പെട്രോള്‍ വിലയിലെ കൊള്ളയും അരങ്ങേറുന്നത്.
ആ മഹാവ്യാധിയില്‍ ശ്വാസം കിട്ടാതെ നിസഹായരായ മനുഷ്യര്‍ പിടഞ്ഞു മരിക്കുമ്പോള്‍ ബാക്കിയാകുന്ന മനുഷ്യരെ വരിഞ്ഞു മുറുക്കി ഇന്ധന വില വര്‍ധന പിന്നെയും കൊല്ലാക്കൊല ചെയ്യുകയാണ്. തെരഞ്ഞെടുപ്പു കാലത്ത് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പോലെ അല്‍പ്പ ദിവസം വില വര്‍ധന നിര്‍ത്തുകയും ചില്ലറ പൈസ കുറയ്ക്കുകയും വോട്ട് പെട്ടിയിലായി കഴിഞ്ഞ് പിറ്റേന്നു മുതല്‍ കുറച്ചതിന്റെ ഇരട്ടി കൂട്ടുകയും ചെയ്യുന്ന ഇന്ധനത്തിന്റെ രാഷ്ട്രീയം തിരിച്ചറിയാന്‍ കഴിയാത്ത പമ്പര വിഡ്ഢികളാണ് പൊതു സമൂഹം എന്നാണ് അവരുടെ ധാരണ.
ആരും കണ്ടിട്ടില്ലാത്ത ആര്‍ക്കും കാണാനാകാത്ത അദൃശ്യമായ അന്താരാഷ്ട്രവിപണിയെന്ന ആഗോളവല്‍ക്കരണത്തിന്റെ അടയാളമായ പുത്തന്‍സങ്കല്‍പ്പത്തില്‍ ചാരിയാണ് എണ്ണവില നിശ്ചയിക്കപ്പെടുന്നത് എന്നാണ് പറയപ്പെടുന്നത്. അത് അങ്ങനെയാണെങ്കില്‍ ആ അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയില്‍ വില കുറയുമ്പോള്‍ അതിന് ആനുപാതികമായി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഈ രാജ്യത്തും കുറയേണ്ടതല്ലേ. മറ്റു വിദേശരാജ്യങ്ങളിലൊക്കെ അങ്ങനെ സംഭവിക്കാറുമുണ്ട്.
പക്ഷേ, നമ്മുടെ രാജ്യത്ത് അത് കുറയുന്നില്ലെന്നു മാത്രമല്ല നേരെ വിപരീതമായി ഓരോ ദിവസവും കുത്തനെ വര്‍ധിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ വില കുറയുമ്പോള്‍ ഇവിടെ കൂടുകയും അന്താരാഷ്ട്രവിപണിയില്‍ വില കൂടുമ്പോള്‍ ഇവിടെ പിന്നെയും കൂട്ടുകയും ചെയ്യുന്ന വിരോധാഭാസമാണ് നാളുകളായി നടമാടുന്നത്.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിക്കുന്നത് വാഹനം ഓടിക്കുന്നവരുടെയും പാചകവാതകവും മണ്ണെണ്ണയുമൊക്കെ ഉപയോഗിക്കുന്നവരുടെയും മാത്രം പ്രശ്‌നമായി വളരെ നിസ്സാരമായാണ് പലരും കാണുന്നത്. പക്ഷേ, ഇന്ധനവില വര്‍ധന രാജ്യത്തെ ചരക്കുഗതാഗതത്തെയും പൊതുഗതാഗത സംവിധാനങ്ങളെയും മറ്റു നിര്‍മാണ മേഖലകളെയും കാര്‍ഷിക മേഖലയേയും ചുരുക്കത്തില്‍ സമസ്ത മേഖലകളേയും പ്രതികൂലമായി ബാധിക്കുന്ന വന്‍ പ്രതിസന്ധിയിലാക്കുന്ന അതിരൂക്ഷമായ പ്രശ്‌നമാണെന്ന് പലരും തിരിച്ചറിയുന്നില്ല.
എന്തു തന്നെയായാലും ഇന്ധനവില കുത്തനെ കൂട്ടുന്ന കുത്തകകളുടെ ക്രൂരമായ നീരാളിപ്പിടിത്തത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്ന ശാശ്വതമായ പരിഹാരം കണ്ടെത്തിയേ മതിയാകൂ. തികച്ചും സമാധാനപരമായ പുതിയൊരു സമരമാര്‍ഗം തന്നെ ഉരുത്തിരിഞ്ഞു വരേണ്ടതുണ്ട്. എപ്പോള്‍ വേണമെങ്കിലും തീര്‍ന്നു പോകാവുന്ന പെട്രോളിയം ഇന്ധനങ്ങള്‍ക്കു പകരം മറ്റു പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകള്‍ പ്രയോജനപ്പെടുത്തിയുള്ള സാങ്കേതിക വിദ്യകളുണ്ടാകണം. സൂര്യപ്രകാശം, വായു, തിരമാലകള്‍ തുടങ്ങിയവയില്‍ നിന്നൊക്കെ ഊര്‍ജം സംഭരിക്കുകയും വൈദ്യുതി വാഹനങ്ങള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.
ജനങ്ങളുടെ മുഴുവന്‍ പ്രതീക്ഷയും ഈ രാജ്യത്തെ ജുഡീഷ്യറിയിലാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ജുഡീഷ്യറിയും ഈ വിഷയത്തില്‍ കാര്യമായി ഇടപെടാതെ മൗനം പാലിക്കുകയാണ്. താങ്ങാനാകാത്ത ഇന്ധന വില വര്‍ധന ഒരു ജനതയുടെ പരമപ്രധാന പ്രശ്‌നമായി പരിഗണിച്ച് അടിയന്തരമായി തന്നെ പരമോന്നത നീതിപീഠവും നിയമ സംവിധാനങ്ങളും സ്വമേധയ ഈ വിഷയത്തില്‍ ഇടപെട്ട് എണ്ണ കമ്പനികളുടെ ദാര്‍ഷ്ട്യത്തിന് കടിഞ്ഞാണിടണം.
പൊതുഗതാഗത സംവിധാനം കാര്യമായി ഇല്ലാത്തതിനാല്‍ ഓഫിസുകള്‍, ജോലി സ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്കു സ്വന്തം വാഹനം ഉപയോഗിക്കാതെ തരമില്ല. ഇരുചക്ര വാഹനങ്ങള്‍ ഭൂരിഭാഗവും പെട്രോളാണ്. ഡീസല്‍ വില വര്‍ധിക്കുന്നതു ചരക്കു നീക്കത്തെയും പൊതു ഗതാഗതത്തെയും ബാധിക്കും. കോവിഡിനെത്തുടര്‍ന്നുള്ള പ്രതിസന്ധിയിലാണ് പൊതുഗതാഗത സംവിധാനം. ഓട്ടോ, ടാക്‌സി കൂലി വര്‍ധനയ്ക്കും പച്ചക്കറി, പലചരക്കു സാധനങ്ങളുടെ വിലക്കയറ്റത്തിനും ഇതു കാരണമാകും.
നേരിയ ആശ്വാസം അരിവില ഉയരുന്നില്ല എന്നതാണ്. ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത്, ഒഡീഷ, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് അരി എത്തുന്നത്. കൂടുതല്‍ സ്ഥലങ്ങളില്‍ നെല്‍ക്കൃഷി ആരംഭിച്ചു. ഇതോടെ അരിലഭ്യത കൂടി. അതിനാല്‍ ഒരു വര്‍ഷമായി വില ഉയര്‍ന്നിട്ടില്ലെന്നു മൊത്ത വ്യാപാരികള്‍ പറയുന്നു. ഡീസലിന്റെ വില വര്‍ധന ഇതുവരെ അരി വിലയെ ബാധിച്ചിട്ടില്ല.
ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ക്ക് ഇന്ന് 15 രൂപയാണ് കൂടിയിട്ടുള്ളത്. 906 രൂപ 50 പൈസയാണ് കൊച്ചിയിലെ ഇന്നത്തെ വില. നേരത്തെ 891 രൂപ 50 പൈസയായിരുന്നു. പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ ഏറെയായി. ഇക്കാര്യത്തില്‍ സ്വാഭാവിക ചെറുത്തു നില്‍പ്പ് രൂപപ്പെട്ടുവരുമെന്നത് തീര്‍ച്ചയാണ്. ചരിത്രം മുന്നോട്ടുവയ്ക്കുന്നതും അതു തന്നെയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.