ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി കര്‍ഷക പ്രതിഷേധത്തിലേക്ക് കേന്ദ്ര മന്ത്രിയുടെ മകന്‍ വാഹനം ഓടിച്ചു കയറ്റി കര്‍ഷകരുള്‍പ്പെടെ മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് അടിന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. കോടതി സ്വമേധയാ എടുത്ത കേസില്‍ നാളെ വീണ്ടും വാദം കേള്‍ക്കും.
സംഭവവുമായി ബന്ധപ്പെട്ട തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ആരൊക്കെ മരിച്ചു, എഫ്ഐആറില്‍ ആരുടെയൊക്കെ പേരുണ്ട്, എത്ര പേരെ അറസ്റ്റ് ചെയ്തു എന്നിവയടക്കമുള്ള വിശദമായ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ചിഫ് ജസ്റ്റിസ് എന്‍.വി.രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ് ലി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ലഖിംപൂര്‍ സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലുള്ള കേസ് സംബന്ധിച്ച വിവരവും സുപ്രീം കോടതി തേടിയിട്ടുണ്ട്.
നിങ്ങള്‍ ശരിയായി അന്വേഷിക്കുന്നില്ല എന്നതാണ് തങ്ങള്‍ക്ക് ലഭിച്ച പരാതിയെന്ന് കോടതി യുപി സര്‍ക്കാര്‍ അഭിഭാഷകനോട് പറഞ്ഞു. അന്വേഷണത്തിനായി കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ടെന്നും തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നും യുപി സര്‍ക്കാര്‍ വ്യക്തമാക്കി.
സംഘര്‍ഷത്തിനിടെ മകന്‍ കൊല്ലപ്പെട്ടതറിഞ്ഞ മാനസികാഘാതത്തില്‍ ഗുരുതരാവസ്ഥയിലായ ലവ് പ്രീത് സിങിന്റെ അമ്മയ്ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്ന് ചീഫ് ജസ്റ്റിസ് യു.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിലേക്ക് കേന്ദ്രമന്ത്രിയുടെ മകനുള്‍പ്പെട്ട സംഘം വാഹനം ഓടിച്ചുകയറ്റി കര്‍ഷകര്‍ അടക്കം ഒമ്പതുപേര്‍ കൊല്ലപ്പെട്ടത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.