വാഷിംഗ്ടണ്‍: ചൊവ്വയിലെ ജലസാന്നിധ്യം തേടിയുള്ള യാത്രയില്‍ നിര്‍ണായക കണ്ടെത്തലുമായി നാസയുടെ പെര്‍സിവിയറന്‍സ് റോവര്‍. ചൊവ്വയിലെ ജെസെറോ ഗര്‍ത്തത്തില്‍നിന്ന് റോവര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ 3.7 ബില്യണ്‍ വര്‍ഷം മുന്‍പ് അവിടെ ഒരു നദിയുണ്ടായിരുന്നതിന്റെ തെളിവുകള്‍ വെളിപ്പെടുത്തുന്നു. ശതകോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയുടെ ഭൂപ്രകൃതിയെ രൂപപ്പെടുത്താന്‍ ജലം എങ്ങനെ സഹായിച്ചുവെന്നതിന്റെ തെളിവുകള്‍ നിരത്തുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ശാസ്ത്രലോകത്തിനു ലഭിച്ചിരിക്കുന്നത്.
ഫെബ്രുവരിയിലാണ് പെര്‍സിവിയറന്‍സ് റോവര്‍ ജെസെറോ ഗര്‍ത്തത്തില്‍ ഇറങ്ങിയത്. ഈ ഭീമന്‍ ഗര്‍ത്തത്തില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ ബഹിരാകാശത്ത് നിന്ന് ദൃശ്യമാകുന്ന ഫാന്‍ ആകൃതിയിലുള്ള ഡെല്‍റ്റയുടെ (നദികളുടെ ഒഴുക്കിന്റെ ഫലമായുണ്ടാവുന്ന മണ്‍കൂന) സാന്നിധ്യം കാണാന്‍ കഴിഞ്ഞു. ഇവിടെ ഒരു തടാകമുണ്ടായിരുന്നുവെന്ന് ഗവേഷകര്‍ സ്ഥിരീകരിക്കുന്നു. വെള്ളപ്പൊക്കം ഉണ്ടായതിന്റെ തെളിവുകളും സംഘം കണ്ടെത്തി. വറ്റിവരണ്ട ഒരു നദിയുടേതിനു സമാനമായ അന്തരീക്ഷമാണ് ഇപ്പോഴവിടം. കൂടുതല്‍ കൃത്യതയോടെ ചിത്രങ്ങള്‍ വിലയിരുത്തുകയാണ് ശാസ്ത്രജ്ഞര്‍.
ചൊവ്വയില്‍ 3.7 ബില്യണ്‍ വര്‍ഷം മുന്‍പ് തടാകം ഉണ്ടായിരുന്നതിന്റെ തെളിവുകള്‍ രേഖപ്പെടുത്തിയിരിക്കുന്നു. ജെസെറോ ഗര്‍ത്തത്തില്‍നിന്ന് റോവര്‍ പകര്‍ത്തിയ ദൃശ്യം.
ചൊവ്വയിലെ മലഞ്ചെരിവുകള്‍ക്ക് ഭൂമിയിലെ നദീമുഖങ്ങളുമായി സാമ്യമുണ്ടെന്ന് നാസയിലെ ബഹിരാകാശ ജീവശാസ്ത്രജ്ഞ ആമി വില്യംസും സംഘവും പറയുന്നു. മലഞ്ചെരുവുകളിലെ അവസാനത്തെ മൂന്നു പാളികളുടെ ആകൃതി തുടര്‍ച്ചയായി ജലമൊഴുക്കുണ്ടായതിനെ സൂചിപ്പിക്കുന്നു. ഏകദേശം 3.7 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വ ഒരു ജലപ്രവാഹം വഹിക്കാന്‍ പര്യാപ്തമായ വിധം ഊഷ്മളവും ഈര്‍പ്പമുള്ളതുമായിരുന്നു എന്ന് പഠനം പറയുന്നു.
മുകളിലെയും ഏറ്റവും താഴ്ഭാഗത്തെയും പാളികളില്‍ ഒരു മീറ്റര്‍ വ്യാസത്തില്‍ പാറക്കല്ലുകള്‍ ചിതറിക്കിടക്കുന്നത് ശക്തമായ വെള്ളപ്പൊക്കം ഗ്രഹത്തിലുണ്ടായതിന്റെ സാധ്യതകളിലേക്കും വിരല്‍ചൂണ്ടുന്നു. ചൊവ്വാഗ്രഹത്തില്‍ ജീവന്‍ നിലനിന്നിരുന്ന പ്രദേശങ്ങള്‍ ഏതൊക്കെയാണെന്ന് കണ്ടെത്താന്‍ പുതിയ തെളിവുകള്‍ സഹായിക്കും.
ചൊവ്വയിലെ ജീവന്റെ സാന്നിധ്യവും സാധ്യതകളും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് നാസ കോടികണക്കിന് ഡോളര്‍ ചെലവഴിച്ച് പെര്‍സിവിയറന്‍സ് റോവര്‍ എന്ന ചരിത്ര ദൗത്യത്തെ ചുവന്ന ഗ്രഹത്തിലേക്ക് അയച്ചത്.
ജെസെറോയിലെ രണ്ട് പാറയുടെ സാമ്പിളുകള്‍ കഴിഞ്ഞ മാസം റോവര്‍ ശേഖരിച്ചിരുന്നു. ഇത് ഭൂഗര്‍ഭജലവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിന്റെ അടയാളങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. റോവറിലെ 19 ക്യാമറകള്‍, രണ്ട് മീറ്റര്‍ നീളമുള്ള റോബോട്ടിക് കൈ, രണ്ട് മൈക്രോഫോണുകള്‍ എന്നിവ ഉപയോഗിച്ചാണ് പരീക്ഷണങ്ങള്‍ നടത്തുന്നത്. 30 പാറക്കല്ലുകള്‍ ശേഖരിച്ചശേഷം ഇവ 2030-ല്‍ ഭൂമിയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചൊവ്വ ഒരിക്കല്‍ ജീവന്‍ വഹിച്ചിരുന്നുവെന്ന് തെളിഞ്ഞാല്‍ അത് മനുഷ്യരാശിയുടെ ഏറ്റവും വലിയ കണ്ടെത്തലുകളില്‍ ഒന്നായിരിക്കും. ഭൂമിക്ക് പുറത്ത് മനുഷ്യവാസം തേടിയുള്ള ശാസ്ത്രലോകത്തിന്റെ ശ്രമങ്ങള്‍ക്ക് ഉത്തേജനം പകരുന്നതാണ് നാസയുടെ പുതിയ കണ്ടുപിടിത്തം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.